വാക്യഘടനയുടെ (Syntax) പഠനത്തിൽ സൈദ്ധാന്തികഭാഷാശാസ്ത്രം പിന്തുടരുന്ന ഒരു സമീപനമാണ് പ്രജനകവ്യാകരണം. (ഇംഗ്ലീഷ്: Generative grammar) വാക്കുകൾ എങ്ങനെ കൂട്ടിച്ചേർത്താലാണ് വ്യാകരണപരമായി ശരിയായ വാക്യങ്ങൾ ഉണ്ടാവുകയെന്ന് പ്രവചിക്കാൻ സഹായിക്കുന്ന ഒരു പറ്റം നിയമങ്ങൾ രൂപപ്പെടുത്താനാണ് പ്രജനകവ്യാകരണം ശ്രമിക്കുന്നത്. വാക്യങ്ങളുടെ ആന്തരഘടനയിൽ നിന്ന് സന്ദർഭാനുസരണം ഭാഷാനിയമങ്ങൾ ഉരുത്തിരിച്ചെടുടുക്കുന്ന പ്രക്രിയയാണ് ഇതെന്നു പറയാം. മനുഷ്യർക്കെല്ലാം ജന്മസിദ്ധമായ ഭാഷാവൈഭവം ഉണ്ടെന്നും, ഈ വൈഭവത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച് മനുഷ്യഭാഷകളുടെ സാർവലൗകികനിയമങ്ങൾ കണ്ടെത്താനാകുമെന്നും ഉള്ള സങ്കല്പത്തിലാണ് പ്രജനകവ്യാകരണം അടിയുറച്ചിരിക്കുന്നത്.[1]

1950-കൾക്കൊടുവിൽ, അമേരിക്കൻ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്കിയുടെ രചനകളിലാണ് പ്രജനകവ്യാകരണത്തിന്റെ പിറവി എന്നു പൊതുവേ കരുതപ്പെടുന്നു.[2] എങ്കിലും ഈ ഭാഷാശാസ്ത്രശാഖയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ചോംസ്കി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 2001-ൽ കൊൽക്കത്തയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ, ആധുനികമായ അർത്ഥത്തിലുള്ള ആദ്യത്തെ പ്രജനകവ്യാകരണം പൊതുവർഷാരംഭത്തിനു മുൻപ് അഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന പാണിനിയുടെ അഷ്ടാധ്യായി ആയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[3]

ഈ വിഷയത്തിൽ ചോംസ്കിയുടെ ആദ്യസിദ്ധാന്തങ്ങൾ "രചനാന്തരണ വ്യാകരണം" (transformational grammar) എന്നറിയപ്പെട്ടിരുന്നു. ഭാഷാവിഷയകമായ ചോംസ്കിയുടെ പിൽക്കാലസിദ്ധാന്തങ്ങളുടെ പൊതുസൂചകം എന്ന നിലയിൽ ഈ പേര് ഇന്നും ഉപയോഗിക്കപ്പെടുന്നു. പ്രജനകവ്യാകരണത്തിന്റെ പരസ്പരം മത്സരിക്കുന്ന ഒട്ടേറെ പാഠഭേദങ്ങൾ ഭാഷാശാസ്ത്രത്തിൽ ഇപ്പോൾ നിലവിലുണ്ട്. ചോംസ്കിയുടെ ഇപ്പോഴത്തെ നിലപാട്, "പരിമിതപദ്ധതി" (Minimalist program) എന്ന പേരിൽ അറിയപ്പെടുന്നു.

  1. ജെനറേറ്റീവ് ഗ്രാമർ, പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി
  2. ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിലെ ലേഖനം
  3. 2001 ഡിസംബർ 8-21-ലെ ഫ്രണ്ട്‌ലൈൻ മാസികയിലെ കവർ സ്റ്റോറി, "An event in Kolkata"
"https://ml.wikipedia.org/w/index.php?title=പ്രജനകവ്യാകരണം&oldid=1858341" എന്ന താളിൽനിന്ന് ശേഖരിച്ചത്