കേരളത്തിലെ ഒരു പത്രപ്രവർത്തകനും കഥാകൃത്തും തൊഴിലാളി സംഘടനാനേതാവുമായിരുന്നു പെരുന്ന തോമസ് എന്നറിയപ്പെടുന്ന കെ.വി. തോമസ്.[1]

ജീവിതരേഖ തിരുത്തുക

ചങ്ങനാശ്ശേരി പുഴവാതിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒട്ടേറെക്കാലം ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നശേഷം എറണാകുളത്ത് സ്ഥിരതാമസമാക്കി. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിലൂടെ കേരള കൗമുദിയിലെത്തിയ അദ്ദേഹം ദീർഘകാലം ആ ദിനപത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫായിരുന്നു.

1950കളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരികളിലൊരാളായി കഥകൾ എഴുതിത്തുടങ്ങി. വേശ്യകളുടേയും പാവപ്പെട്ടവരുടേയും ആരും പറയാത്ത കഥകൾ[2] അവരുടെ ഭാഷയിൽ പറഞ്ഞുകൊണ്ട് രംഗത്ത് വന്ന അദ്ദേഹത്തെ കഥാസാഹിത്യത്തിൽ തന്റെ പിൻഗാമിയായി ബഷീർ പ്രഖ്യാപിച്ചിരുന്നു[3]. ഏകമകൾ അജിതയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എഴുപതുകളുടെ ആദ്യം എഴുത്ത് നിർത്തി.

കൃതികൾ തിരുത്തുക

എന്റെ ചീത്തക്കഥകൾ (1954) ഉൾപ്പെടെ പത്തിലധികം കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]

മറ്റ് കൃതികൾ: “അവൾ” (1945), ”എനിക്ക് ദാഹിക്കുന്നു” (നാടകം -1958), “ഭ്രാന്ത് മോഷണം” (1968), “കർത്താവിന്റെ അളിയൻ” (1955), “ദാഹിക്കുന്ന റോസാപ്പൂ” (1957), “പട്ടേലും ചിരുതയും” (1953), “പഴമയുടെ പ്രേതങ്ങൾ” (1967), “മിശിഹാ തമ്പുരാന്റെ വളർത്തപ്പൻ” (1955). "പെരുന്ന തോമസ് കഥ കൾ" (2016: സമാഹരണം - ഡി. പ്രദീപ് കുമാർ).[5]

പൊതുപ്രവർത്തനം തിരുത്തുക

എറണാകുളത്തെ അസംഘടിതരായ ടാക്സി ഡ്രൈവർമാരെ അണിനിരത്തി രൂപവത്ക്കരിച്ച ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായിരുന്നു. കേരള കൗമുദിയിൽ പി.കെ. ബാലകൃഷ്ണനോടൊപ്പം തൊഴിൽ സംഘടന ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.

1980 സെപ്തംബർ 29 ന് 53-ആം വയസിൽ അന്തരിച്ചു. എറണാകുളം പി.ടി ഉഷ റോഡിൽ ഇദ്ദേഹത്തിന്റെ പേരിൽ സ്മാരകമന്ദിരമുണ്ട്.[6] ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളിൽ ടി.വി.കമലാക്ഷിയായിരുന്നു ഭാര്യ.

അവലംബം തിരുത്തുക

  1. [https://web.archive.org/web/20180220075803/http://archive.keralamediaacademy.org/content/perunna-thomas Archived 2018-02-20 at the Wayback Machine.
  2. https://www.kairalinewsonline.com/2018/04/01/169943.html
  3. http://www.mathrubhumi.com/books/features/perunna-thomas-malayalam-news-1.1485642 Archived 2016-12-31 at the Wayback Machine.
  4. http://www.newindianexpress.com/cities/kochi/2017/may/10/back-to-life-1603379.html
  5. https://openlibrary.org/authors/OL13383A/Perunna_K._V._Thomas
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-12. Retrieved 2020-06-12.
"https://ml.wikipedia.org/w/index.php?title=പെരുന്ന_തോമസ്&oldid=3951142" എന്ന താളിൽനിന്ന് ശേഖരിച്ചത്