പെരിക്ലിസ്
ഗ്രീസിൽ ആഥൻസിന്റെ സുവർണ്ണയുഗത്തിലെ ഒരു രാഷ്ട്രതന്ത്രജ്ഞനും, പ്രഭാഷകനും, സൈന്യാധിപനും ആയിരുന്നു പെരിക്ലിസ്. ഗ്രെക്കോ-പേർഷ്യൻ യുദ്ധത്തിനും പെലോപ്പൊന്നേഷ്യൻ യുദ്ധത്തിനും ഇടക്കുള്ള കാലത്തായിരുന്നു അദ്ദേഹം ആഥൻസിന്റെ മുഖ്യസാരഥി ആയിരുന്നത്. സമകാലീന ചരിത്രകാരന്മാരിൽ പ്രമുഖനായ തുസ്സിഡിഡീസ് "ആഥൻസിലെ പ്രഥമപൗരൻ" എന്നു വിളിച്ചു പ്രകീർത്തിച്ചതിൽ നിന്നു പെരിക്ലിസിന്റെ പ്രാധാന്യം മനസ്സിലാക്കാം.[1] ആഥൻസിന്റെ ഭരണത്തിൽ പെരിക്ലിസ് മൗലികസ്വാധീനമായിരുന്ന ബി.സി. 461 മുതൽ 429 വരെയുള്ള കാലത്തെ "പെരിക്ലിസ് യുഗം" എന്നു വിളിക്കുക പതിവാണ്. ഈ വിശേഷണത്തിൽ അതിനു മുൻപും പിൻപുമുള്ള കുറേ വർഷങ്ങൾ കൂടി ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം.
പെരിക്ലിസ് | |
---|---|
ജനനം | ബി.സി. 495-നടുത്ത് ആഥൻസ് |
മരണം | ബി.സി. 429 ആഥൻസ് |
ദേശീയത | ആഥൻസ് |
പദവി | സൈന്യാധിപൻ, സ്ട്രാറ്റജോസ് |
യുദ്ധങ്ങൾ | സിസിയോൺ, അക്കമാനിയ യുദ്ധങ്ങൾ (454 ബിസി) രണ്ടാം വിശുദ്ധയുദ്ധം (448 ബിസി) ഗാല്ലിപ്പോലിയിൽ നിന്നുള്ള "പ്രാകൃതരുടെ" തുരത്തൽ(447 ബിസി) സേമിയൻ യുദ്ധം (440 BC) ബൈസാന്തിയത്തിന്റെ ഉപരോധം (438 ബിസി) പെലൊപ്പൊന്നേഷൻ യുദ്ധം(431–429 ബിസി) |
'പെരിക്ലിയൻ' നേതൃത്വത്തിന്റെ അവസാനത്തെ രണ്ടരവർഷം, പെലൊപ്പൊന്നേഷൻ യുദ്ധത്തിന്റെ ആദ്യഘട്ടമായിരുന്നു. ഡീലിയൻ സഖ്യത്തെ ആഥൻസിന്റെ സാമ്രാജ്യമാക്കി മാറ്റിയ പെരിക്ലിസ്, യുദ്ധത്തിന് വഴിയൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബി.സി. 431-ൽ തുടങ്ങിയ യുദ്ധത്തിലെ തിരിച്ചടികളെ തുടർന്നുണ്ടായ ജനരോഷത്തിൽ പിഴശിക്ഷയോടെ അധികാരഭ്രഷ്ടനാക്കപ്പെട്ട പെരിക്ലിസ് അടുത്തവർഷം മാപ്പു നേടി പദവികളിൽ തിരികെയെത്തി. എങ്കിലും യുദ്ധത്തിനൊപ്പം മറ്റൊരു ദുരന്തമായി ആഥൻസിനെ പിന്തുടർന്ന പ്ലേഗുബാധയിൽ ബിസി 429-ൽ അദ്ദേഹം മരിച്ചു. പിന്നെയും കാൽനൂറ്റാണ്ടിലധികം തുടർന്ന പെലെപ്പൊന്നേഷ്യൻ യുദ്ധം ദുർബ്ബലന്മാരും നയചാതുര്യമില്ലാത്തവരുമായ പെരിക്ലീസിന്റെ പിൻഗാമികളുടെ നടത്തിപ്പിൽ ആഥൻസിനു വലിയ നഷ്ടത്തിലും അപമാനത്തിലും കാലശിച്ചു.
കലയേയും സാഹിത്യത്തേയും പെരിക്ലിസ് പ്രോത്സാഹിപ്പിച്ചു; ആഥൻസിനെ പുരാതന യവനലോകത്തിലെ വിജ്ഞാന-സംസ്കാരകേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. പാർത്തനൻ ഉൾപ്പെടെ, ആഥൻസിലെ അക്രോപ്പോലിസിൽ ഇപ്പോഴും നിലവിലുള്ള ചരിത്രസാക്ഷ്യങ്ങളുടെ സൃഷ്ടിയിലേക്കു നയിച്ച നിർമ്മാണയജ്ഞത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ഈ സംരംഭം നഗരത്തെ സുന്ദരമാക്കുകയും, അതിന്റെ മഹത്ത്വം പ്രഘോഷിക്കുകയും, ജനങ്ങൾക്കു തൊഴിൽ നൽകുകയും ചെയ്തു.[2] ആഥൻസിലെ ജനാധിപത്യക്രമത്തെ പോഷിപ്പിച്ച പെരിക്ലിസ് 'ജനപ്രീണനവാദി' (Populist) എന്നു വിളിക്കപ്പെടുകപോലും ചെയ്തു.[3][4]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പ്ലൂട്ടാർക്കിന്റെ മഹച്ചരിതമാലയിൽ പെരിക്ലിസിന്റെ ജീവിതം Archived 2012-07-21 at the Wayback Machine. - Plutarch's Live of the Noble Greeks and Romans, Agathon Associates.