പുൽപ്പള്ളി സീതാദേവി ക്ഷേത്രം

വയനാട്‌ ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു പുരാതനമായ ക്ഷേത്രമാണ് സീതാദേവി-ലവ-കുശ ക്ഷേത്രം. കേരളത്തിൽ സീതാദേവിയും ലവ - കുശൻമാരും പ്രധാന പ്രതിഷ്ഠയായിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. രാമായണത്തിലെ നായികയും സാക്ഷാൽ മഹാലക്ഷ്മിയുടെ അവതാരവുമാണ് സീത എന്നാണ് വിശ്വാസം. സീതാ രാമായണത്തിലെ മുഖ്യ കഥാപാത്രവും മഹാദേവിയായ സീതയാണ്. രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങൾ പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ത്രേതായുഗത്തി ശ്രീരാമനാൽ പരിത്യക്തയായ സീതാദേവി പുൽപ്പള്ളിയിൽ എത്തിച്ചേർന്നുവെന്നും വാല്മീകി മഹർഷിയാൽ കണ്ടെത്തപ്പെട്ട ദേവി ലവ - കുശന്മാർക്ക് വാല്മീകി ആ ശ്രമത്തിൽ വച്ച് ജന്മം നൽകിയെന്നും വിശ്വസിക്കപ്പെടുന്നു. ആശ്രമക്കൊല്ലിയെന്ന സ്ഥലത്ത് ഇന്നും ആശ്രമമുണ്ട്.

ഒരു കാലത്ത് കോട്ടയം രാജവംശത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം ഇന്നു് മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. ഏകദേശം 22000 ഏക്രയോളം സ്ഥലം ക്ഷേത്രത്തിന് ഒരു കാലത്ത് സ്വന്തമായുണ്ടായിരുന്നു. വീരകേരളവർമ്മ പഴശ്ശിരാജയുടെ വീരചരമത്തിനു ശേഷം ബ്രിട്ടീഷുകാരിൽ നിന്നും ക്ഷേത്രഭരണം ഏറ്റെടുത്തവരുടെ ഭരണം 31 ഏക്രയായി ക്ഷേത്രഭൂമി ചുരുങ്ങാൻ ഇടയാക്കി.

ഈ ക്ഷേത്ര മുറ്റത്ത് വച്ച് , ധീര ദേശാഭിമാനി പഴശ്ശിരാജ 5000ത്തോളം വരുന്ന തൻ്റെ പടയാളികളുമായി ശ്രീപോർക്കലി ഭഗവതിയെ പൂജിച്ചതിന് ശേഷമാണ് ബ്രിട്ടീഷുകാരോടേറ്റുമുട്ടാൻ പുറപ്പെട്ടത്. പുൽപ്പള്ളിയും പ്രാന്തപ്രദേശങ്ങളുമെല്ലാം സീതാദേവിയുടെ കാനനവാസവുമായി ബന്ധപ്പെട്ട കഥകൾ നിറഞ്ഞവയാണ്. അതു കൊണ്ട് തന്നെ ഇവിടത്തെ ആദിമനിവാസികളായ ചെട്ടിമാർ, ചില നായർ കുടുംബങ്ങൾ ഇവരുടെയെല്ലാം തറവാട്ടു ദേവത കൂടിയാണ് സീതാദേവി.

ജഡയറ്റ കാവ് ( ചേടാറ്റിൻകാവ്)

പുൽപ്പളളി പട്ടണത്തിൽ തന്നെയാണ് മൂല ക്ഷേത്രമായി കരുതപ്പെടുന്ന ജഡയറ്റ കാവ് സ്ഥിതി ചെയ്യുന്നത്. സീതാദേവി രണ്ടു മക്കളെയും ശ്രീരാമലക്ഷ്മണൻമാരെയും സാക്ഷിയാക്കി ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇത്. ഇവിടെ പുരാതനമായ ക്ഷേത്രവും നിത്യപൂജയുമുണ്ട്. സപ്തമാതൃക്കളുടെയും സീതാദേവിയുടെയും രണ്ട് ശ്രീകോവിലുകളാണ് ഉള്ളത് .ക്ഷേത്രപരിസരത്ത് തന്നെയുള്ള മരച്ചുവട്ടിലാണ് ലവ -കുശൻമാർ കുടികൊള്ളുന്നത്.യോഗനിദ്രയിലാണ്ടിരിക്കുന്ന സീതാദേവിയുടെ ശിലാപ്രതിമയും മറ്റൊരു പ്രത്യേകതയാണ്. സീതാദേവി അന്തർദ്ധാനം ചെയ്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് ശിലയിൽ തീർത്ത സഹസ്രദളപത്മവും സ്ഥാപിച്ചിട്ടുണ്ട്. [1].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-21. Retrieved 2013-03-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക