പുഷ്പകൻ

വിക്കിപീഡിയ വിവക്ഷ താൾ
(പുഷ്പകബ്രാഹ്മണർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ് പുഷ്പകൻ അല്ലെങ്കിൽ പുഷ്പകർ. അമ്പലവാസി സമുദായത്തിൽ പെടുന്ന ജാതികളിൽ ഒന്ന്. ഈ ജാതിയിലെ പുരുഷന്മാർ ഉണ്ണി എന്ന് പേരിനോടൊപ്പം ചേർക്കുന്നതിനാൽ പുഷ്പക ഉണ്ണി അല്ലെങ്കിൽ പുഷ്പകനുണ്ണി എന്നും അറിയപ്പെടുന്നു. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിലുള്ള ഒരു അന്തരാളജാതിയായി കരുതപ്പെടുന്നു. പുരുഷന്മാരെ പുഷ്പകൻ എന്നും സ്ത്രീകളെ പുഷ്പകത്തി എന്നും പറയുന്നു. പുരുഷന്മാരെ പേരിനൊപ്പം ഉണ്ണി എന്നു ചേർത്തു വിളിക്കുന്നു. സ്ത്രീകളെ പേരിനൊപ്പം അമ്മ എന്നു ചേർത്തോ ആത്തേരമ്മ എന്നോ വിളിക്കുന്നു. അധ്യാപനവൃത്തിയുള്ളവരുടെ വീടുകൾ മഠങ്ങൾ എന്നും അല്ലാത്തവരുടേത് വീട് എന്നും അറിയപ്പെട്ടിരുന്നു. പുഷ്പകകർ പേരിനൊപ്പം ഉണ്ണി, നമ്പി, ശർമ എന്നീ കുലനാമങ്ങൾ ചേർക്കുന്നു. പൂനമ്പി എന്നും ഇവർ അറിയപ്പെടുന്നു. വീട് പൂമഠം എന്നും അറിയപ്പെടാറുണ്ട്.

പുഷ്പകൻ എന്നറിയപ്പെടുന്ന ജാതിക്കാർ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണുള്ളത്. വടക്കോട്ട് കുറവാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പുഷ്പകവൃത്തി ചെയ്യുന്നത് നമ്പീശൻ എന്ന ജാതിയാണ്. തൊഴിൽപരമായി പുഷ്പകർക്ക് തുല്യരാകയാൽ വടക്കൻകേരളത്തിൽ പുഷ്പകർ എന്ന് പറയുന്നത് നമ്പീശന്മാരെയാണ്.

ക്ഷേത്രങ്ങളുമായോ കാവുകളുമായോ ബന്ധപ്പെട്ട തൊഴിലുകളാണ് ഇവർ പരമ്പരാഗതമായി നിർവഹിച്ചിരുന്നത്. വേദപാഠശാലകളിലെ അദ്ധ്യാപനം, പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ട്, പൂപ്പന്തലൊരുക്കുക, പുഷ്പാലങ്കാരങ്ങൾ ചെയ്യുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കൽ, വിളക്കൊരുക്കുക, എഴുന്നള്ളത്തിനു വിളക്കെടുപ്പ്, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കൽ, ശംഖുവിളി എന്നിവയൊക്കെ പരമ്പരാഗതമായി ചെയ്തുവരുന്നു. പൂജാവിധികളും താന്ത്രികവിദ്യകളും അഭ്യസിക്കാറുണ്ടെങ്കിലും സാധാരണയായി മുഖ്യപൂജാരിയായി പ്രവർത്തിക്കാറില്ല. മുഖ്യശാന്തിയുടെ അഭാവത്തിലോ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമോ ശാന്തിയായും (പൂജാരിയായും) പ്രവർത്തിക്കുന്നു.

ആചാരങ്ങൾ

തിരുത്തുക

ബ്രാഹ്മണ പാരമ്പര്യം. പൂണൂൽ ധരിക്കുന്ന വിഭാഗം. ഷോഡശസംസ്കാരങ്ങൾ പാലിക്കുന്നു. ഗായത്രീമന്ത്രം ജപിക്കുകയും ഉപനയനം നടത്തുകയും ചെയ്യാറുണ്ട്. മൂത്തപൂത്രൻ നിർബന്ധമായും സ്വജാതിയിൽ നിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവർ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുകയോ നായർ സ്ത്രീകളെ സംബന്ധം ചെയ്യുകയോ ആയിരുന്നു പതിവ്. ഇവരുടെ പുല-ബാലായ്മ ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം (മക്കത്തായം) പിന്തുടരുന്നു. സ്ത്രീകൾക്ക് സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. വിവാഹമോചനം അനുവദിച്ചിരുന്നു.

നമ്പൂതിരിമാരിൽ നിന്നുള്ള വ്യത്യാസം

തിരുത്തുക

പുഷ്പകർക്ക് ക്ഷേത്രങ്ങളിലെ തന്ത്രിയാകാനുള്ള അധികാരം ലഭിച്ചിരുന്നില്ല. വേദപഠനത്തിനും പൂജയ്ക്കും മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഉണ്ണിമാർ ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ചെയ്തിരുന്നത് തന്ത്രിയുടെ നിർദേശാനുസരണം മാത്രമായിരുന്നു. പണ്ടുകാലത്ത് നമ്പൂതിരിമാരുടെ ഇടയിൽ പെൺകുട്ടി ഋതുമതിയാകുന്നതിനു മുൻപുതന്നെ വേളികഴിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ, പെൺകുട്ടികൾ ഋതുമതികളായതിനു ശേഷം മാത്രമേ പുഷ്പകരുടെ ഇടയിൽ പണ്ടുകാലത്തും വിവാഹം നടന്നിരുന്നുള്ളൂ. നമ്പൂതിരിമാർ സാധാരണയായി ബ്രാഹ്മണർക്കു മാത്രമേ അദ്ധ്യാപനം ചെയ്തിരുന്നുള്ളൂ. എന്നാൽ പുഷ്പകഉണ്ണിമാർ അവരുടെ മഠത്തിൽ ഉപനയനസംസ്കാരമുള്ളവർക്കും ഇല്ലാത്തവർക്കും അക്ഷരാഭ്യാസവും വിദ്യാഭ്യാസവും നൽകിയിരുന്നു. ഇങ്ങനെയുള്ള വ്യത്യാസങ്ങളാൽ നമ്പൂതിരിമാർ പുഷ്പകരെ തങ്ങളെക്കാൾ താഴ്ന്നനിലയിലുള്ള ബ്രാഹ്മണരായാണ് കണക്കാക്കിയിരുന്നത്.

ആധാരലേഖനങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുഷ്പകൻ&oldid=4136427" എന്ന താളിൽനിന്ന് ശേഖരിച്ചത്