പുനലൂർ പേപ്പർ മിൽ

(പുനലൂർ പേപ്പർമിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്ഥാനത്തെ പ്രമുഖ വ്യവസായസ്ഥാപനമായിരുന്നു പുനലൂർ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പേപ്പർമിൽ. 1885 ൽ കമ്മീഷൻ ചെയ്ത പേപ്പർ മില്ലിന്റെ പ്രധാന അസംസ്കൃത വസ്തു മുളയാണ്. 3000 ടൺ പേപ്പർ ഉത്പാദിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഈ മില്ലിന്റെ ഉടമസ്ഥാവകാശം ഡാൽമിയ ഗ്രൂപ്പിനായിരുന്നു. ലാഭത്തിൽ പ്രവർത്തിക്കുകയായിരുന്ന ഈ മിൽ ഉടമസ്ഥൻ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ്പ തിരിച്ചു അടക്കാത്തതിനാൽ 1987 ൽ

അടച്ചിടുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി പൂട്ടിക്കിടക്കുന്ന മിൽ തുറക്കാൻ ഇപ്പോൾ ശ്രമം നടന്നു വരികയാണ്.
പുനലൂർ പേപ്പർ മിൽ

ചരിത്രം

തിരുത്തുക

1200 തൊഴിലാളികൾ ജോലി ചെയ്തിരുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു. 1913 മുതൽ മാനേജുമെന്റുകൾ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളർന്നു. 1967ൽ എ.എഫ് ഹാർ‌വിയിൽ നിന്നും കൊൽക്കൊത്തക്കാരൻ എൽ. എൻ ഡാൽമിയ മിൽ ഏറ്റെടുത്തപ്പോൾ പ്രതിവർഷം 6500 ടണ്ണായിരുന്നു ഉത്പാദനം. ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനം തുറ്റങ്ങിയതോടെ ഉത്പാദനം 5000 ടണ്ണിലേയ്ക്ക് കുതിച്ചു. അൺ ബ്ലീച്ച്ഡ് പേപ്പർ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യ കാല ഉത്പന്നം. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാർ‌ട്രിഡ്ജ് പേപ്പർ, തീപ്പെട്ടി നിർമ്മാണത്തിനാവശ്യമായ കടലാസ്, ഇൻലൻഡ് പേപ്പർ, കേബിൾ ഇൻസുലേഷൻ പേപ്പർ, ഡാക്ക് പേപ്പർ, സോപ്പ് കവർ, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങൾ ഇവിടെ നിന്നും ഉത്പാദിച്ചിരുന്നു.[1] 80കളോടെ താഴേയ്ക്കായി മില്ലിന്റെ വളർച്ച. 1987 ആഗസ്റ്റ് 30നു മിൽ അടച്ചു പൂട്ടി. ഉടമയായ കുനാൻ ഡാൽമിയയിൽ നിന്നും ഹൈദരാബാദ് ആസ്ഥാനമായ അകുല കൺസോർഷ്യം മിൽ ഏറ്റെടുത്തു. പേപ്പർ നിർമ്മാണത്തോടൊപ്പം ഒരു പേപ്പർ സാങ്കേതികവിദ്യാ സ്ഥാപനവും സ്ഥപിക്കാൻ അവർക്ക് നീക്കമുണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ ആദ്യത്തെ മുള ഈറ അസംസ്കൃത വസ്തുവായി ഉപയോഗിച്ച്ണ്ടുള്ള പേപ്പർ നിർമ്മാണശാല ആയിരുന്നു

2015 ൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു

തിരുത്തുക

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2010 ആഗസ്ത് 20ന് പേപ്പർമില്ലിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി. ഡാൽമിയയിൽനിന്നു പേപ്പർമില്ലിന്റെ ഓഹരികൾ പുതിയ സംരംഭകർക്കു കൈമാറാനും പുതിയ എംഒയു ഒപ്പുവയ്ക്കാനും മില്ലുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തികബാദ്ധ്യതകൾ ഒഴിവാക്കാനും എൽഡിഎഫ് സർക്കാർ നടപടിയെടുത്തു. പഴയ തൊഴിലാളികൾക്കും ആശ്രിതർക്കും ആനുകൂല്യങ്ങളായി ഏഴുകോടിയോളം രൂപ വിതരണം ചെയ്തു. 2015 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും പേപ്പർ മിൽ തുറന്നുനൽകി. ക്രാഫ്റ്റ് പേപ്പറാണ് മില്ലിന്റെ പ്രഥമ ഉത്പന്നം. പ്രതിദിനം 90 ടൺ ക്രാഫ്റ്റ് പേപ്പർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നാംനമ്പർ മെഷീനാണ് മില്ലിൽ സജ്ജമാക്കിയിരിക്കുന്നത്. പാഴ്ക്കടലാസാണ് അസംസ്‌കൃത വസ്തു. രണ്ടുവർഷത്തിന് ശേഷം എഴുത്ത് കടലാസ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം കൂടി ആരംഭിക്കുന്നതോടെ 450 ഓളം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.[2]

മുഖ്യ ഉത്പന്നങ്ങൾ

തിരുത്തുക

ഇവിടെ ഉത്പാദിപ്പിച്ചിരുന്ന ഗുണമേന്മയേറിയ കടലാസ് നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലും വിദേശ മാർകറ്റുകളിലും എത്തിയിരുന്നു. പലതരം ആവശ്യങ്ങൾക്കുള്ള ക്രാഫ്റ്റ് പേപ്പർ ആണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. കേന്ദ്ര തപാൽ വകുപ്പിനാവശ്യമായ ഇന്ലന്റ്റ് കവറുകൾ, ന്യൂസ്പ്രിന്റ്‌ പേപ്പർ, എന്നിവയും ഇവിടെ ഉത്പാദിപ്പിച്ചിരുന്നു.

ഓഹരിവിപണിയിൽ ആദ്യം

തിരുത്തുക

1931ൽ കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ജോയിന്റ് സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ കമ്പനിയായി പുനലൂർ പേപ്പർ മിൽസ്. ഒരുകാലത്ത് ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന പുനലൂർ പേപ്പർ മില്സിൽ മൂന്ന് ഫാക്ടറി യൂണിറ്റുകളാണുള്ളത്. സ്വാതന്ത്ര്യാനതരം കേരളത്തിൽ ഏറ്റവുമധികം ലാഭമുണ്ടാക്കിയ കമ്പനിയായിരുന്നു ഇത്.

മില്ലിന്റെ ഉയർച്ചയും പതനവും

തിരുത്തുക

1940ൽ കല്ലടയാറിന്റെ തീരത്ത് സ്ഥാപിച്ച ജലവൈദ്യുത നിലയത്തിൽ നിന്നുല്പാദിപിച്ചിരുന്ന വൈദ്യുതിയായിരുന്നു 30വർഷത്തോളം കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. 1978ൽ ന്യൂസ്പ്രിന്റ് ഫാക്ടറി യുണിറ്റിലുണ്ടായ തീപ്പിടുത്തം പേപ്പർ മില്ലിനെ വൻ സാമ്പത്തിക നഷ്ടത്തിലേക്ക്‌ തള്ളിവിട്ടു. അവിടെ മില്ലിന്റെ തകർച്ച ആരംഭിക്കുകയായിരുന്നു. വർധിച്ചുവന്ന ജനസംഖ്യയും കുറഞ്ഞുവരുന്ന വനവിസ്തൃതിയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും അതുവഴി ഉത്പാദനത്തെയും സാരമായി ബാധിച്ചു. കുറഞ്ഞ ഉത്പാദനക്ഷമതയും പ്രവര്ത്തിസംയവും മൂലം പല തൊഴിലാളികൾക്കും ജോലി നഷ്ടമായി. വേതനം മുടങ്ങാതെ നൽകുക, ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങലോടെ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിൽ സമരങ്ങളും അരങ്ങേറി. തൊഴിലാളികളുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മാറിമാറിവന്ന മാനേജ്മെന്റുകൾ പരാജയപ്പെട്ടതോടെ 1987 ഒക്ടോബർ 1ന് പുനലൂർ പേപ്പർ മിൽസിനു താഴുവീണു. 1985ൽ കമ്പനിയുടെ ഉടമസ്ഥനായിരുന്ന ലക്ഷ്മി നിവാസ് ഡാൽമിയ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായാണ് പുനലൂർ പേപ്പർ മില്സിന്റെ ഏറ്റെടുക്കലിനെ വിശേഷിപ്പിച്ചത്‌. കമ്പനി ഏറ്റെടുത്തു വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ പല വ്യവസായികളെയും സമീപിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല.

പുനരുദ്ധാരണം

തിരുത്തുക

ഇടക്കാലത്ത് ഹൈദരാബാദ് ആസ്ഥാനമായുള്ള അതുല ഇന്ടസ്ട്രീസിന്റെ കൈവശമായിരുന്ന മിൽ കേരള സർക്കാരിന്റെ സഹകരണത്തോടെ പ്രദേശത്തെ ചില വ്യാപാരികൾ ഏറ്റെടുത്തു വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണ്. 28 വർഷത്തോളം അടഞ്ഞുകിടന്നതിനു ശേഷമാണ് 2015 സെപ്റ്റംബർ മാസത്തിൽ പുനലൂർ പേപ്പർ മിൽസ് പുനരാരംഭിക്കുന്നത്. മുൻകാല തൊഴിലാളികളുടെ ആനുകൂല്യങ്ങളും മറ്റു കുടിശ്ശികകളും കൊടുത്തുതീർന്നശേഷമാണ് കമ്പനി പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ ആവശ്യത്തിനായി ഒരു 110 കെ വി സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. പൂട്ടുന്ന സമയത്ത് 227ഏക്കറോളം ഭൂമിയുണ്ടായിരുന്ന കമ്പനിയുടെ കൈവശം കയ്യേറ്റം മൂലം ഇപ്പോൾ 90 ഏക്കർ ഭൂമിയെ ഉള്ളൂ. ഇന്ത്യക്കകത്തുനിന്നും ശ്രീലങ്കയിൽനിന്നും സംഭരിക്കുന്ന പാഴ്കടലാസ് പുനചമ്ക്രമണം ചെയ്തു ക്രാഫ്റ്റ് പേപ്പർ ഉത്പാദിപ്പിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. പുനലൂരിന് സമീപം തന്നെയുള്ള തമിഴ്നാട്ടിലെ ശിവകാശി മാർക്കറ്റിനെ ലക്ഷ്യമിട്ടാണ് ഉത്പാദനം. ആദ്യഘട്ടത്തിൽ 90ടണ്ണും രണ്ടാം ഘട്ടത്തിൽ 200 ടണ്ണുമായി ഉല്പാദനം നടത്താനാണ് ഉദ്ദേശം.

  1. മലയാള മനോരമ ശതോത്തര ജൂബിലിപ്പതിപ്പ് (2013). ആദ്യ കമ്പനി പുനലൂരിൽ. മലയാള മനോരമ. p. 182.
  2. "കാൽനൂറ്റാണ്ടിനുശേഷം പുനലൂർ പേപ്പർമിൽ തുറന്നു". www.mathrubhumi.com. Retrieved 12 സെപ്റ്റംബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക

വിക്കിമാപ്പിയയിൽ

"https://ml.wikipedia.org/w/index.php?title=പുനലൂർ_പേപ്പർ_മിൽ&oldid=3997674" എന്ന താളിൽനിന്ന് ശേഖരിച്ചത്