പീറ്റർ മാർക്ക് റോഴെ

(പീറ്റർ മാർക്ക് റോശെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് വൈദ്യനും, ദൈവശാസ്ത്രജ്ഞനും, ശബ്ദകോശകാരനും ആയിരുന്നു പീറ്റർ മാർക്ക് റോഴെ (Peter Mark Roget, ജനനം:18 ജനുവരി 1779; മരണം:12 സെപ്തംബർ 1869). 1852-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് വാക്കുകളുടെയും പ്രയോഗങ്ങളുടേയും തിസോറസ് എന്ന പര്യായ/നാനാർഥ നിഘണ്ടുവാണ് ഇദ്ദേഹത്തെ വിഖ്യാതനാക്കിയത്. "റോഴെയ്സ് തിസോറസ്" എന്ന ആ കൃതി പരസ്പരബന്ധമുള്ള വാക്കുകളുടെ വർഗ്ഗീകരിക്കപ്പെട്ട ശേഖരമായിരുന്നു. വാക്കുകളെ അക്ഷരമാലാക്രമത്തിൽ പിന്തുടരുന്ന സാധാരണശബ്ദകോശങ്ങളിൽ നിന്നു ഭിന്നമായി, ആശയസമാനതയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട വാക്കുകളുടെ ഖനിയായ 'തിസോറസ്' എന്ന സങ്കല്പം ആധുനികലോകത്തിൽ ആദ്യം അവതരിപ്പിച്ചത് ഈ കൃതിയാണ്.[൧]

പീറ്റർ മാർക്ക് റോഴെ
Peter Mark Roget

Print of a portrait of Peter Mark Roget, from Medical Portrait Gallery by Thomas Pettigrew
Print of a portrait of Peter Mark Roget, from Medical Portrait Gallery by Thomas Pettigrew
ജനനം(1779-01-18)18 ജനുവരി 1779
മരണം12 സെപ്റ്റംബർ 1869(1869-09-12) (പ്രായം 90)
അന്ത്യ വിശ്രമംCemetery of St James's Church, West Malvern
52°06′45″N 2°20′49″W / 52.1125°N 2.3469°W / 52.1125; -2.3469
ദേശീയത British
കലാലയംUniversity of Edinburgh
തൊഴിൽPhysician, philologist
തൊഴിലുടമ
സംഘടന(കൾ)Various philosophical and literary societies such as the Manchester Philosophical and Literary Society
അറിയപ്പെടുന്ന കൃതി
Animal and Vegetable Physiology; Roget's Thesaurus
സ്ഥാനപ്പേര്
ജീവിതപങ്കാളി(കൾ)Mary Taylor (1824–1833, her death)
കുട്ടികൾOne son and one daughter
മാതാപിതാക്ക(ൾ)John Roget (d. 1783)
Catherine Roget née Romilly
ബന്ധുക്കൾSamuel Romilly (uncle)[1]

പശ്ചാത്തലം

തിരുത്തുക

ലണ്ടണിലായിരുന്നു പീറ്റർ മാർക്ക് റോഴെയുടെ ജനനം. ഏതു പ്രശ്നത്തിനും പരിഹാരമെന്ന നിലയിൽ പട്ടികകൾ ഉണ്ടാക്കുക, എട്ടുവയസ്സിന്റെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിനു ഹരമായിരുന്നു.[2] സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ഒരു പാതിരിയുടെ മകനായ റോഴെ, ഏഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. മന:ചാഞ്ചല്യത്തിന്റെ പ്രവണതകാട്ടിയ കുടുംബപശ്ചാത്തലം മൂലം, അദ്ദേഹത്തിന്റെ ജീവിതം ഒട്ടേറെ ദുഃഖാനുഭവങ്ങൾ നിറഞ്ഞതായിരുന്നു. പിതാവ് വളരെ നേരത്തെ മരിച്ചതിനെ തുടർന്നു മകനിൽ അസാധരണമാം വിധം ആശ്രയം വച്ച അമ്മ ക്രമേണ ചിത്തഭ്രമത്തിലെത്തി. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മാവൻ, ഭാര്യയുടെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനു റോഴെ സാക്ഷിയായി. റോഴെയുടെ സഹോദരിയും മകളും ഏറെക്കാലം വിഷാദരോഗികളായിരുന്നു. റോഴെ സ്വയം, ജീവിതത്തിന്റെ വലിയൊരു ഭാഗം വിഷാദരോഗവുമായി മല്ലടിച്ചു. വിഷാദരോഗത്തെ അകറ്റിനിർത്താൻ വേണ്ടിക്കൂടിയാണ് തിസോറസിന്റെ പണിയിൽ അദ്ദേഹം മുഴുകിയത്.[3][4]

തിസോറസ്

തിരുത്തുക

1848 ഔഗ്യോഗികചുമതലകളിൽ നിന്നു വിരമിച്ച റോഴെ 1848-നടുത്ത്, തന്റെ സ്മരണയെ ശാശ്വതീകരിച്ച കൃതി പ്രസിദ്ധീകരണത്തിനൊരുക്കാൻ തുടങ്ങി. വാക്കുകളെ അവയുടെ അർത്ഥത്തിന്റെ ക്രമത്തിൽ അടുക്കിവച്ച ഈ ശേഖരത്തിന്റെ നിർമ്മിതിയിൽ 1805 മുതലേ അദ്ദേഹം ഏർപ്പെട്ടിരുന്നു. തിസോറസിന്റെ നിർമ്മിതിയ്ക്കു പിന്നിലെ തത്ത്വചിന്തയ്ക്ക് റോഴെ, ഡുഗാൾഡ് സ്റ്റീവർട്ട് എന്ന തത്ത്വചിന്താദ്ധ്യാപകനു കടപ്പെട്ടിരിക്കുന്നു. ഭാഷയുടെ അഭാവത്തിൽ യുക്തിചിന്ത അസാദ്ധ്യമായതിനാൽ ശരിയായ വാക്കുകളെ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ചിന്തയുടെ പുരോഗതിയെ സഹായിക്കുമെന്നായിരുന്നു സ്റ്റീവർട്ട് വാദിച്ചത്. വാക്കുകളെ വർഗീകരിക്കാൻ സഹായിച്ച രീതിശാസ്ത്രത്തിൽ അദ്ദേഹത്തിനു പ്രചോദനമായത്, ജീവിവർഗ്ഗങ്ങളുടെ ശാസ്ത്രീയവർഗ്ഗീകരണത്തിന്റെ ചട്ടക്കൂടൊരുക്കിയ കാൾ ലിനേയസ് ആയിരുന്നു. ആശയങ്ങളുടെ പരസ്പരബന്ധം അന്വേഷിക്കുമ്പോൾ ആശയത്തിനൊപ്പം അതിന്റെ വിപരീതാശയം കൂടി ചേർത്തുകാട്ടണമെന്ന ജോൺ വിൽക്കിൻസൺ മെത്രാന്റെ വാദത്തിൽ നിന്നാണ്, തിസോറസിൽ വാക്കുകൾക്കൊപ്പം അവയുടെ വിപരീതപദങ്ങൾ കൂടി ചേർക്കുകയെന്ന ആശയം റോഴെയ്ക്കു കിട്ടിയത്.[4]

1852-ലാണ് "റോഴെയുടെ പദഖജനാവ്" ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ആശയപ്രകടനത്തിനും സാഹിത്യരചനയ്ക്കും ഉപകരിക്കും വിധം ക്രമീകരിക്കപ്പെട്ട ഇംഗ്ലീഷ് വാക്കുകളുടേയും പ്രയോഗങ്ങളുടേയും ശേഖരം എന്നായിരുന്നു ആദ്യപതിപ്പിന്റെ പേര്. റോഴെയുടെ ജീവിതകാലത്തു തന്നെ ഈ കൃതി 28 പതിപ്പുകളിലൂടെ കടന്നുപോയി; അദ്ദേഹത്തിന്റെ മരണശേഷം മകൻ ജോൺ ലൂവീസ് റോഴെയും, തുടർന്ന് പേരക്കിടാവ് സാമുവൽ റോമിലി റോഴെയും തിസോറസ് വിപുലീകരിച്ചു.[5]

ജീവിതസായാഹ്നം

തിരുത്തുക

തിസോറസിന്റെ നിർമ്മാണത്തിലും പരിഷ്കരണത്തിലും മുഖ്യമായും ശ്രദ്ധയൂന്നിക്കൊണ്ട്, ആശയങ്ങൾക്ക് വാക്കുകളുടെ കണിശബന്ധനത്തിൽ നിന്നു മോചനത്തിനുള്ള വഴി തുറന്ന റോഴെ, ചിന്തയുടെ ലോകത്ത് പത്തൊൻപതാം നൂറ്റാണ്ടിലുണ്ടായ മറ്റു മുന്നേറ്റങ്ങളിലും താത്പര്യം കാട്ടി. പ്രപഞ്ചത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും ദൈവികസംവിധാനം കാണാമെന്നു വാദിക്കുന്ന സ്വാഭാവികദൈവശാസ്ത്രത്തെ (Natural Theology) അദ്ദേഹം പിന്തുണച്ചിരുന്നു. പ്രസിദ്ധമായ ബ്രിഡ്ജ്‌വാട്ടൻ നിബന്ധപരമ്പരയിൽ (Bridgewater Treatise) അഞ്ചാമത്തേതായി, സ്വാഭാവിക ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ജന്തു-സസ്യശരീരങ്ങളുടെ പരിഗണന[൨] എന്ന പേരിൽ റോജെറ്റ് ഒരു നിബന്ധം എഴുതിയിരുന്നു.[6] ജന്തുസസ്യലോകങ്ങളിൽ സ്വാഭാവിക ദൈവശാസ്ത്രത്തിന്റെ നിലപാടുകൾക്കു തെളിവു കണ്ടെത്താനാണ് ആ നിബന്ധത്തിൽ അദ്ദേഹം ശ്രമിച്ചത്. ദൈവികധിഷണയ്ക്കു തെളിവുകണ്ടെത്തുകയാണ് ശാസ്ത്രത്തിന്റെ ദൗത്യമെന്ന് വിശ്വസിച്ച റോജെറ്റിനെ, ഡാർവിന്റെ പ്രഖ്യാതഗ്രന്ഥമായ വംശോല്പത്തിയിലെ (Origin of Species) വാദങ്ങൾ അസ്വസ്ഥനാക്കി. ഡാർവിന്റെ ഗ്രന്ഥത്തെക്കുറിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിൽ 1859 നവമ്പറിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ, 80-ആം വയസ്സിലെ അസ്വസ്ഥത അവഗണിച്ചും റോഴെ തീവണ്ടി കയറിപ്പോയി. ആ ചർച്ചയിൽ തന്റെ ബ്രിഡ്ജ്‌വാട്ടർ നിബന്ധം പരാമർശിക്കപ്പെടുമെന്ന് റോഴെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സ്വന്തം നിലപാടുകൾ അവതരിപ്പിക്കാൻ അവിടെ അദ്ദേഹത്തിന് അവസരം ലഭിച്ചതുമില്ല.[4]

റോച്ചെസ്റ്റർഷയറിലുള്ള വെസ്റ്റ് മാൽവേണിൽ വിശ്രമത്തിലായിരിക്കെ,[7][8][9] 90-ആം വയസ്സിൽ റോഴെ മരിച്ചു. സെയിന്റ് ജെയിംസ് പള്ളിസിമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.

കുറിപ്പുകൾ

തിരുത്തുക

^ നാലാം ശതകത്തിൽ അമരസിംഹൻ നിർമ്മിച്ച സംസ്കൃതത്തിലെ അമരകോശത്തിലും, വാക്കുകളെ അർത്ഥസമാനതയുടെ ക്രമത്തിൽ പിന്തുടരുന്ന തിസോറസിന്റെ രീതിയാണ് കാണുന്നത്.[4]

^ "Animal and Vegetable Physiology Considered with Reference to Natural Theology"

  1. Murray, T. Jock (September 2004). "Roget, Peter Mark (1779–1869)". Oxford Dictionary of National Biography, online edition. Oxford University Press. doi:10.1093/ref:odnb/24008. Retrieved 2010-07-21.
  2. Mallon, Thomas (2008-03-16). "Obsessed (Agog, Beset, Consumed, Driven, etc.)". The New York Times. Retrieved 2008-05-04.
  3. Spiegelman, Arthur (28 March 2008). "The man who made lists to fend off depression". Reuters. Archived from the original on 2008-04-09. Retrieved 2008-05-04.
  4. 4.0 4.1 4.2 4.3 എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ, ആനന്ദ്, ഡി.സി.ബുക്ക്സ് പ്രസിദ്ധീകരണം (പുറങ്ങൾ 68-70)
  5. Lemco, I. "Roget's Engineering Successor [i.e. S. R. Roget]". Retrieved 2009-10-18.
  6. The Bridgewater Treatises On the Power Wisdom and Goodness of God As Manifested in the Creation, Victorian Web
  7. Deaths England and Wales 1837-1983 – lists place of death as Ledbury, and expands "The district Ledbury spans the boundaries of the counties of Herefordshire, Hereford and Worcester and Worcestershire"
  8. "Obituary – Dr. Roget, F.R.S." Medical Times and Gazette. II for 1869. London: John Churchill and Sons: 395. 25 September 1869.
  9. Kendall, Joshua (2008). The Man Who Made Lists. G.P. Putnam's Sons. ISBN 978-0399154621.
"https://ml.wikipedia.org/w/index.php?title=പീറ്റർ_മാർക്ക്_റോഴെ&oldid=4114564" എന്ന താളിൽനിന്ന് ശേഖരിച്ചത്