പള്ളിക്കൽ മൊയ്ദീൻ

(പീമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പ്രദേശത്ത് ജനിച്ച പ്രസിദ്ധനായ മാപ്പിളപ്പാട്ട് കലാകാരാനാണ് 'പള്ളിക്കൽ മൊയ്ദീൻ'[1]. തനിമ ചോർന്നു പോകാതെയുള്ള ആലാപന രീതി പള്ളിക്കൽ മൊയ്ദീനെ കലാ ലോകത്ത് ചിരപ്രതിഷ്ഠനാക്കി[2]. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പാടിത്തുടങ്ങിയ മൊയ്ദീൻ, കല്യാണ വീടുകളിൽ പാടുന്നതിലും സജീവമായിരുന്നു. ബന്ധുവായ ബീരാൻ മൊയ്ദീൻ എന്നയാളുടെ അകമഴിഞ്ഞ സഹായമാണ് തുടക്കത്തിൽ പീമയെ വളർത്തിയത്. 1961-ൽ യുണൈറ്റഡ് ഓർകസ്ട്ര എന്ന ഒരു ഗാനമേള സംഘം സ്വന്തമായി രൂപീകരിച്ചു. കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പീമ ഗാനമേള അവതരിപ്പിച്ചു. ഇന്ത്യക്കു പുറത്ത് ധാരാളം വിദേശ രാജ്യങ്ങളിൽ ഇശൽ വിരുന്നൊരുക്കിയ പള്ളിക്കൽ മൊയ്ദീൻ 3000-ത്തിൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിനോടുള്ള അടങ്ങാത്ത മുഹബ്ബത്തായിരുന്നു വാർധക്യത്തിന്റെ അവശതയിലും ജയ്ഹിന്ദ് ടിവിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്[3]. അദ്ദേഹത്തിന്റെതായി ഒരുപാട് മാപ്പിളപ്പാട്ട് വീഡിയോകൾ ജനങ്ങളുടെ ഇടയിൽ സൂക്ഷിക്കപ്പെടുന്നു.[4]
നല്ല ഒരു നടൻ എന്ന നിലയിലും തന്റെ പ്രശസ്തി തളിയിച്ച ആളാണ് പീമ. 1970-കളിൽ മലബാറിൽ ഏറെ ചർച്ചയായ വിശറിക്കു കാറ്റുവേണ്ട, കൈതോക്കും പുല്ലാങ്കുഴലും എന്നീ നാടകങ്ങളിൽ പ്രധാന വേഷംചെയ്തിട്ടുണ്ട്.മുസ്ലീം ലീഗ് വേദികളിൽ നിരവധി തവണ അദ്ദേഹം പാടിയിട്ടുണ്ട്. സി.എച്ച്. മുഹമ്മദ് കോയ അദ്ദേഹത്തിനു കിട്ടിയ നോട്ട് മാലകൾ പീമക്ക് ചാർത്തിക്കൊടുത്ത ഒന്നിലധികം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
1982-ൽ കൊരമ്പയിൽ അഹമ്മദ് ഹാജി യേശുദാസിനെ പരിചയപ്പെടുത്തിയത് പീമയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. യേശുദാസുമായുള്ള ബന്ധം തരംഗിണി സ്റ്റുഡിയോക്ക് വേണ്ടി പാടാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുത്തു. 1979-ൽ 'മദ്രാസ് ദൂരദർശനു' വേണ്ടി അദ്ദേഹം പാടിയിരുന്നു. എം. എസ്. ബാബുരാജിന്റെ അടുത്ത സുഹൃത്തായിരുന്ന പീമയെ ബാബുരാജ് അനുസ്മരണ കമ്മിറ്റി ആദരിക്കാനായി ചെന്നപ്പോൾ "എന്നേക്കാൾ കൂടുതൽ ബാബുക്കയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും"[5] എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അഹ.... നാളികേരത്തിന്റെ നാട് കേരളം എന്ന അദ്ദേഹത്തിന്റെ ഗാനം ഇന്നും പ്രസിദ്ധമാണ്. മമ്പുറം സയ്യിദ് അലവി തങ്ങളെ കുറിച്ചുള്ള ജയ്പൊന്മലർ[6], ജല്ലജലാലേ അർഹമുറഹീമേ, മാമൂൽ കെട്ടിയ തടവറയിൽ, പങ്കജമലർ വാടികളിൽ കളിയാടും മങ്കയാളേ, വന്നാണീ പെണ്ണുങ്ങളെയീനെല്ലൊന്ന് കുത്തിക്കാണീ തുടങ്ങിയ ഗാനങ്ങൾ ഇന്നും പീമയെ ജനമനസ്സുകളിൽ കുടിയിരുത്തുന്ന ഹിറ്റ് ഗാനങ്ങളാണ്.2013-ൽ മസ്തിഷ്ക രോഗത്തെ തുടർന്ന് ആ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു.

  1. മീഡിയവൺ ടീവിയിൽ പള്ളിക്കൽ മൊയ്ദീനെ കുറിച്ചു വന്ന പ്രോഗ്രാം[7]
പള്ളിക്കൽ മൊയ്തീൻ
Peema road
"https://ml.wikipedia.org/w/index.php?title=പള്ളിക്കൽ_മൊയ്ദീൻ&oldid=3929467" എന്ന താളിൽനിന്ന് ശേഖരിച്ചത്