പി.കെ. റോസി

ഇന്ത്യന്‍ ചലച്ചിത്രനടി
(പി. കെ റോസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പി.കെ. റോസി (English: P. K. Rosy)[2][3][4] . സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത ആ കാലത്ത്, ചലച്ചിത്രത്തിൽ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു.[5] റൗഡികൾ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്.

പി.കെ. റോസി
ജനനം
രാജമ്മ

1903[1]
മരണം1988[1]
തൊഴിൽമലയാളത്തിലെ ആദ്യനായിക
സജീവ കാലം1928–1930
ജീവിതപങ്കാളി(കൾ)കേശവപിള്ളൈ[1]
കുട്ടികൾപദ്മ, നാഗപ്പൻ[1]
മാതാപിതാക്ക(ൾ)പൗലോസ്- കുഞ്ഞി[1]

1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.

ജീവിതരേഖ

തിരുത്തുക

നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. കുശിനിക്കാരനായിരുന്നു അച്ഛൻ[2]. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല.

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരൻ ഗോവിന്ദൻ എന്നയാൾ വെ‌ളിപ്പെടുത്തുകയുണ്ടായി. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 12 കൊല്ലം മുൻപ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദൻ അവകാശപ്പെടുന്നത്.[4]

നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടുവിട്ടുപോവുകയും അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു.[4]

ഗോവിന്ദൻ, കൊച്ചപ്പി, സരോജിനി എന്നിവരാണ് രാജമ്മയുടെ സഹോദരങ്ങൾ. കേശവപിള്ളയാണ് ഭർത്താവ്. ഇവർക്ക് രണ്ടു മക്കളുണ്ട്.[4]

കഥയിലും അഭ്രപാളിയിലും

തിരുത്തുക

അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ രീതിയിൽ കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായിരുന്ന ജെ.സി. ഡാനിയേൽ സൂചിപ്പിച്ചിരുന്നു.[5] 2011 ജനുവരിയിൽ റോസിയുടെതെന്ന് കരുതുന്ന ചിത്രം അന്തരിച്ച മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശേഖരത്തിൽ നിന്നും കണ്ടെത്തി.[5]

പി കെ റോസിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി കുരീപ്പുഴ ശ്രീകുമാർ രചിച്ച "നടിയുടെ രാത്രി" എന്ന കവിതയാണ് റോസിയുടെ ജീവിതത്തിലേക്ക് ആസ്വാദകശ്രദ്ധ വരാൻ കാരണമായത് . "അഭ്രത്തിലല്ല സ്വപ്‌നത്തിലല്ലോടുന്നു കട്ടിയിരുട്ടിൻ ഹൃദയത്തിലേക്കവൾ

എള്ളിനോടൊപ്പം കുരുത്ത പി.കെ.റോസി മുള്ളിലും റോസാദലത്തിലും വീണവൾ "എന്ന് തുടങ്ങുന്നു പ്രസ്തുത കവിത.തുടർന്ന് വിനു എബ്രഹാം രചിച്ച കഥയാണ് "നഷ്ടനായിക". വിനു അബ്രഹാമിമിന്റെ നഷ്ടനായിക എന്ന കഥയേയും ചേലങ്ങാട്ട് ഗോപാലകൃഷണന്റെ സിനിമയുടെ ചരിത്രം എന്ന സിനമാചരിത്ര ഗ്രന്ഥത്തേയും ആസ്പദിച്ച് കമൽ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രവും റോസിയുടെ വിഗതകുമാരനിലെ നായികയെ ചിത്രീകരിക്കുന്നു.

2016-ൽ റോസിയുടെ ജീവിതം ആസ്പദമാക്കി പാലാ കമ്മ്യൂണിക്കേഷൻസ് മധുരനൊമ്പരപ്പൊട്ട്‌ എന്ന നാടകം അരങ്ങിലെത്തിച്ചു. 2016-ലെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം ഈ നാടകത്തിനു ലഭിച്ചു.[6]

  • "സിനിമയുടെ ചരിത്രം", ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
  1. 1.0 1.1 1.2 1.3 1.4 "P K Rosy & the History Behind". Archived from the original on 2011-07-11. Retrieved 2017-10-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. 2.0 2.1 "മലയാള സിനിമയിലെ ആദ്യനായിക റോസി പുല്ല് കച്ചവടക്കാരി!". www.mathrubhumi.com. Archived from the original on 2013-07-08. Retrieved 2013 ജൂലൈ 8. {{cite web}}: Check date values in: |accessdate= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. Retrieved 2013 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  4. 4.0 4.1 4.2 4.3 "നഷ്ടനായിക റോസിയുടെ അനുജൻ ആരോരുമറിയാതെ അനന്തപുരിയിൽ". മലയാ‌ള മനോരമ. 2013 മെയ് 11. Archived from the original on 2013-05-11. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
  5. 5.0 5.1 5.2 "ഈ ചിത്രം മലയാള സിനിമയിലെ ആദ്യ നായികയുടേത്?". മാതൃഭൂമി. Archived from the original on 2011-01-25. Retrieved 2011 ജനുവരി 25. {{cite web}}: Check date values in: |accessdate= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 27 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പി.കെ._റോസി&oldid=4084390" എന്ന താളിൽനിന്ന് ശേഖരിച്ചത്