പി. അനന്തൻപിള്ള
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലയാള സാഹിത്യകാരനായിരുന്ന പി. അനന്തൻപിള്ള 1886 ജൂണിൽ (കൊല്ലവർഷംവ 1061 ഇടവം 31-ന്) വരാപ്പുഴയ്ക്കടുത്തു ദേശം ഗ്രാമത്തിൽ മുണ്ടൻപ്ലാക്കൽ ശങ്കുനായരുടെയും പാപ്പിയമ്മയുടെയും പുത്രനായി ജനിച്ചു. ബാല്യകാലത്തുതന്നെ കിഴക്കേ മഠത്തിൽ കുഞ്ഞുണ്ണിത്തമ്പുരാന്റെ അടുത്തുനിന്നു സംസ്കൃതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. ആലുവാ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ എഫ്.എ.യ്ക്കു ചേർന്നു. 1915-ൽ ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി. മലയാളവും സംസ്കൃതവും ഐച്ഛികമായെടുത്തു പഠിച്ച് തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് 1917-ൽ ഒന്നാം റാങ്കോടുകൂടി ജയിച്ച് കേരളവർമ-മെഡൽ നേടി. പിന്നീട് ഇദ്ദേഹം മോഡൽസ്കൂൾ അധ്യാപകനായി. പ്രൈവറ്റായി പഠിച്ച് 1919-ൽ എം.എ. പാസ്സായി. തിരുവനന്തപുരം മഹാരാജാസ് കോളജിൽ 1920-ൽ ട്യൂട്ടറും 1924-ൽ ലക്ചററും ആയി നിയമിക്കപ്പെട്ടു.
സ്ഥിരോത്സാഹംകൊണ്ട് ജീവിതോത്കർഷത്തിന്റെ പടികൾ കയറി ഉന്നതപദം പ്രാപിച്ച ആളാണ് അനന്തൻപിള്ള. മദ്രാസ് സർവകലാശാലയിലെ അക്കാദമിക് കൌൺസിൽ മെമ്പർ, എം.എ. മുതലായ ഉന്നത പരീക്ഷകളുടെ ചെയർമാൻ, അണ്ണാമല സർവകലാശാലയിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവും മുഖ്യപരീക്ഷകനും, തിരുവിതാംകൂർ സർവകലാശാലയിൽ സെനറ്റുമെമ്പർ, വിദ്യാഭിവർധിനി മഹാസഭയുടെ കാര്യദർശി ഇങ്ങനെ വിവിധസ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. തിരുപ്പതിയിൽ ചേർന്ന പൌരസ്ത്യഭാഷാസമ്മേളനത്തിൽ തിരുവിതാംകൂർ ഗവൺമെന്റ് പ്രതിനിധിയായി ഇദ്ദേഹം സംബന്ധിച്ചു. വളരെ പ്രശസ്തമായിരുന്ന സഹൃദയ മാസികയുടെ എല്ലാ ചുമതലയും ഇദ്ദേഹമാണ് വഹിച്ചത്.
ബാലസാഹിത്യം, ഉപന്യാസം, നോവൽ, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ അനന്തൻപിള്ള ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഉപന്യാസങ്ങളിൽ പ്രബന്ധപാരിജാതം, പ്രബന്ധരത്നാകരം, സാഹിത്യ പ്രസംഗമാല എന്നിവയും ജീവചരിത്രത്തിൽ മിൽട്ടൺ, കേരളപാണിനി എന്നിവയും എടുത്തുപറയേണ്ട കൃതികളാണ്. 1966 മേയ് 22-ന് ഇദ്ദേഹം നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പി. അനന്തൻപിള്ള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |