നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന കേരളീയനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.

പി.കെ.സുധി
തൂലികാ നാമംപി.കെ.സുധി
തൊഴിൽലൈബ്രേറിയൻ
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം, ശാസ്ത്രലേഖനങ്ങൾ
വിഷയംശാസ്ത്രം
പങ്കാളിപൊന്നമ്മ
കുട്ടികൾമീര
വെബ്സൈറ്റ്
http://pksudhiblog.blogspot.in/

ജീവചരിത്രം തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് ഗ്രാമത്തിൽ 1963 മേയ് 10-ന് ജനിച്ചു.അച്ഛൻ: ആർ. കൃഷ്ണൻനായർ, അമ്മ: പദ്മാവതിയമ്മ. കരിപ്പൂർ ഗവണ്മെന്റ് യു.പി.എസ്., നെടുമങ്ങാട് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന്‌ 1983-ൽ ജീവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷം കേരള സർവ്വകലാശാലയുടെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വിഭാഗത്തിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

മഹാത്മാഗാന്ധി യൂണിവേർസിറ്റി കോട്ടയം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം,കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ തിരുവനന്തപുരം, ഗവണ്മെന്റ് ആയൂർവ്വേദ കോളേജ് കണ്ണൂർ എന്നിവിടങ്ങളിൽ ലൈബ്രേറിയനായി ജോലി ചെയ്തു.

പത്നി സർക്കാർ സ്കൂളിൽ അദ്ധ്യാപികയായ പൊന്നമ്മയാണ്. മകൾ: വിദ്യാർത്ഥിനിയായ പി.എസ്.മീര

സാഹിത്യം തിരുത്തുക

1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലെറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി.

കർമ്മ മണ്ഡലങ്ങൾ തിരുത്തുക

1989 മുതൽ മഹാത്മാഗാന്ധി യൂണിവേർസിറ്റി സ്കൂൾ ഓഫ് ലെറ്റേർസിലും കേരളത്തിലെ വിവിധ കോളേജുകളിലും ലൈബ്രേറിയനായി ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാസികയായ യുറീക്കയുടെ പത്രാധിപസമിതിയംഗമാണ്. പി.കെ.സുധി ഇപ്പോൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്ത് ലൈബ്രേറിയനായി ജോലി ചെയ്യുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു.

അവലംബം തിരുത്തുക

  1. "ആകാശത്തിലെ നിരത്തുകൾ".[പ്രവർത്തിക്കാത്ത കണ്ണി]
  2. "ത്രുടി". Archived from the original on 2016-03-05. Retrieved 2015-12-23.
  3. "വാണ്ടറിംഗ്".
  4. "അലഞ്ഞുതിരിയൽ".[പ്രവർത്തിക്കാത്ത കണ്ണി]
  5. "ബീമകളുടെ ലോകം".[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി.കെ._സുധി&oldid=3806104" എന്ന താളിൽനിന്ന് ശേഖരിച്ചത്