പാമ്പ് വേലായുധൻ
കേരളത്തിലെ പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സർപ്പയജ്ഞക്കാരനുമായിരുന്നു പാമ്പ് വേലായുധൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമലിപ്പറമ്പ് വേലായുധൻ (ജീവിതകാലം:1947 - 2000 മേയ് 1[1]). നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ വേലായുധൻ ചെലവഴിച്ചു നടത്തിയ യജ്ഞം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
പാമ്പ് വേലായുധൻ | |
---|---|
ജനനം | തമലിപ്പറമ്പ് വേലായുധൻ 1946/'47 |
മരണം | മേയ് 1, 2000 | (പ്രായം 53–54)
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | പാമ്പുപിടുത്തം, സർപ്പയജ്ഞം |
ജീവിതകാലം
തിരുത്തുക1947-ൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ജനിച്ച വേലായുധൻ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980-ൽ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തിയ സർപ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധൻ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ (ഏതാണ്ട് ഒരു മാസം) കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ അദ്ദേഹം അങ്ങനെ ശ്രദ്ധേയനാകുകയായിരുന്നു. ഈ 'സർപ്പയജ്ഞം' അദ്ദേഹത്തെ ഗിന്നസ്സ് റെക്കോർഡിലെത്തിച്ചു. പിന്നീട് പല സ്ഥലങ്ങളിൽ അദ്ദേഹം സർപ്പയജ്ഞം നടത്തിയിട്ടുണ്ട്.
മരണം
തിരുത്തുകഅവസാനകാലത്ത് സർപ്പയജ്ഞം നിർത്തിയ വേലായുധൻ പാമ്പിൻവിഷത്തെക്കുറിച്ചുള്ള പഠനത്തിൽ മുഴുകി. അങ്ങനെയിരിയ്ക്കേ, 2000 മേയ് 1-ന് ബേപ്പൂരിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന ഒരു കരിമൂർഖന് തീറ്റ കൊടുത്തപ്പോൾ അതിന്റെ കടിയേറ്റ് അദ്ദേഹം അന്തരിച്ചു.[1] 53 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മുമ്പും പല തവണ പാമ്പുകടിയേറ്റിരുന്നിട്ടും രക്ഷപ്പെട്ട വേലായുധൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത് വൃക്കകളെ ബാധിച്ച വിഷബാധയെത്തുടർന്നാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "പാമ്പുവേലായുധൻ പാമ്പുകടിയേറ്റു മരിച്ചു - വൺ ഇന്ത്യ - 2000 മേയ് 2". malayalam.oneindia.com. Retrieved 23 ജൂൺ 2015.