കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അഴിമതി ആരോപണമാണ് പാമോയിൽ കേസ്. 1991-92-കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി. ജെ. തോമസ്‌ ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. പ്രസ്തുത കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം 2011 മാർച്ചിൽ തത്സ്ഥാനം രാജി വയ്ക്കുകയുണ്ടായി.

അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിൻറെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിൻ്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. ഈ കേസിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേർക്കും ചാർജ്ജ് ഷീറ്റ് നൽകി. ജസ്റ്റിസ് പി. കെ. ബാ‍ലചന്ദ്രനു മുൻപിൽ നൽകിയ ചാർജ്ജ് ഷീറ്റിൽ പാമോയിൽ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയിൽ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതിൽ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലൻസ് ആരോപിച്ചു.[1] [2] ഡിസംബർ 2010 ൽ കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മാറി വരുന്ന സർക്കാരുകൾ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങൾ വ്യത്യസ്തമായിരുന്നു. കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻ‌വലിക്കുവാൻ താല്പര്യപ്പെട്ടു എങ്കിലും വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ കേസ് തുടരുവാൻ താല്പര്യപ്പെട്ടു.[3] തുടർന്ന് കേസ് 2011 മാർച്ചിൽ വീണ്ടും പരിഗണിക്കുകയും 2011 ഓഗസ്റ്റിൽ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

പ്രതികൾ

തിരുത്തുക

ഈ കേസിൽ അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി 23-ാം സാക്ഷിയായിരുന്നു.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-17. Retrieved 2007-07-15.
  2. http://www.hindustantimes.com/What-is-palm-oil-case/Article1-668866.aspx[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2007-07-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-10. Retrieved 2015-01-10.
"https://ml.wikipedia.org/w/index.php?title=പാമോയിൽ_കേസ്_(കേരളം)&oldid=3773568" എന്ന താളിൽനിന്ന് ശേഖരിച്ചത്