പാട്രിക് നാഗേൽ (1945 നവംബർ 25 – 1984 ഫെബ്രുവരി 4) ഒരമേരിക്കൻ ചിത്രകാരനായിരുന്നു. ഇല്ലസ്ട്രേറ്റർ, ഗ്രാഫിക് ആർട്ടിസ്റ്റ്, ഫാഷൻ ഫോട്ടോഗ്രാഫിരംഗത്തെ പ്രമുഖൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. കേവലം 39 വയസ്സുവരെ ജീവിച്ച ഇദ്ദേഹം അതിനകംതന്നെ വിശ്വപ്രസിദ്ധനായി എന്നതാണ് എടുത്തുപറയേണ്ടത്.

Patrick Nagel
ജനനംNovember 25, 1945
മരണംഫെബ്രുവരി 4, 1984(1984-02-04) (പ്രായം 38)
കലാലയംChouinard Art Institute
California State University, Fullerton
ശൈലിArt Deco
പ്രസ്ഥാനംPainting

ജനനവും വിദ്യാഭ്യാസവും

തിരുത്തുക

1945-ൽ ഡേറ്റണിൽ ജനിച്ചു. ലോസ് ഏഞ്ചൽസിലായിരുന്നു വിദ്യാഭ്യാസം. ചൗനാഡ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കലാപഠനം നടത്തി. ഫുള്ളെർട്ടണിലെ കാലിഫോർണിയ 1969-ൽ ഫൈൻ ആർട്സ് ബിരുദം നേടി.

ഔദ്യോഗിക ജീവിതം

തിരുത്തുക

രണ്ടുവർഷം ഫ്രീലാൻസ് ആർട്ടിസ്റ്റായി തുടർന്നശേഷം 1971-ൽ എബിസി ടിവിയിൽ ചേർന്നു. അതിൽ ഇദ്ദേഹം ചെയ്ത ടെലിവിഷൻ ഗ്രാഫിക്സുകൾ വളരെ പ്രശസ്തമാണ്. ഒരു വർഷത്തിനകം ആ ജോലി ഉപേക്ഷിച്ച് വീണ്ടും സ്വതന്ത്ര ചിത്രകാരനായി. തുടർന്ന് ഐ.ബി.എം., ഐ.റ്റി.റ്റി., യുണൈറ്റഡ് ആർട്ടിസ്റ്റ്സ്, എം.ജി.എം., യൂണിവേഴ്സൽ സ്റ്റുഡിയോസ് തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടി നിരവധി ചിത്ര-ഗ്രാഫിക് രചനകൾ നടത്തി. ആർക്കിടെക്ചർ ഡൈജസ്റ്റ്, റോളിങ് സ്റ്റോൺ, പ്ലേബോയ് എന്നിവയിൽ ഇദ്ദേഹം ചെയ്ത കോളങ്ങൾ ജനപ്രിയങ്ങളാണ്. എങ്കിലും ഇദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത് നാഗേൽ വുമൺ എന്ന രചനയാണ്. 70-കളിലെ പുതിയ ഗ്രാഫിക് യുഗത്തിനും ഫാഷൻ വിപ്ലവത്തിനും പ്രചോദകമായ ഈ രചന, പരസ്യങ്ങളിൽ ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാഗേൽ ഇതിലവലംബിച്ച ശൈലി അക്കാലത്തെ പോസ്റ്റർ രചനാശൈലിയെയും ഗണ്യമായി തിരുത്തി. 1980-ൽ കാലത്തിന്റെ മാറ്റങ്ങൾ ഉയിർക്കൊണ്ട മറ്റൊരു നാഗേൽ വുമണിനുകൂടി ഇദ്ദേഹം ജന്മം നൽകി. അതും പ്രശസ്തമായി. തുടർന്ന് ഇദ്ദേഹം ഒരു ഏകാംഗപ്രദർശനം നടത്തി. 15 മിനിട്ടിനുള്ളിൽ ചിത്രങ്ങളെല്ലാം വിറ്റുതീർന്നത്, ഒരു ചരിത്രംതന്നെയായി.

അന്ത്യം

തിരുത്തുക

വിശ്വപ്രസിദ്ധമായ നിരവധി ആൽബങ്ങളുടെ കവർച്ചിത്രമൊരുക്കിയിട്ടുള്ളത് ഇദ്ദേഹമാണ്. ജോൺ കോളിൻസ് പോലുള്ള പ്രശസ്ത മോഡലുകൾ ഇദ്ദേഹത്തിനുവേണ്ടി പോസ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അകാലചരമത്തെത്തുടർന്ന് പ്ലേബോയ് മാസിക നാഗേൽ-കലയും ചിത്രകാരനും എന്ന പ്രത്യേക പതിപ്പിറക്കിയിട്ടുണ്ട്. 1984-ലാണ് പ്രായോഗിക ചിത്രകലാരംഗത്തെ 21-ആം നൂറ്റാണ്ടിന്റെ മാർഗദർശി എന്നുപോലും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ജനപ്രിയ ചിത്രകാരൻ അന്തരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗേൽ പാട്രിക് (1945 - 1984) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പാട്രിക്_നാഗേൽ&oldid=3119071" എന്ന താളിൽനിന്ന് ശേഖരിച്ചത്