പസഫിക് ഗ്രോവ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറി കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശ നഗരമാണ്.  അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോ കണക്കാക്കിയതുപ്രകാരം ഈ നഗരത്തിലെ  2013 ലെ ജനസംഖ്യ 15,504 ആയിരുന്നു. പോയിന്റ് പിനോസ്, മോണ്ടെറി എന്നിവയ്ക്കിടയിലാണ് പസിഫിക് ഗ്രോവ് നഗരം സ്ഥിതിചെയ്യുന്നത്. പസിഫിക്ക് ഗ്രോവ് നഗരം അതിലെ വിക്ടോറിയൻ ശൈലിയിലുള്ള ഭവനങ്ങൾ, അസിലോമാർ സ്റ്റേറ്റ് ബീച്ച് എന്നിവയുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്.  അതുപോലെതന്നെ ഇവിടെ മോണാർക്ക് ചിത്രശലഭങ്ങളുടെ വാർഷിക കുടിയേറ്റം നടക്കുന്നതിനാൽ ഈ നഗരം "ബട്ടർഫ്ലി ടൗൺ യുഎസ്എ" എന്നും അറിയപ്പെടുന്നു. കാലിഫോർണിയയിൽ മറ്റെവിടെയെങ്കിലുമുള്ളതിനേക്കാൾ കൂടുതൽ  ചരിത്ര പ്രാധാന്യമുള്ള വീടുകൾ ഇവിടെ നിലനിൽക്കുന്നു. പസഫിക് ഗ്രോവിലുള്ള 70 ശതമാനം വീടുകളും ചരിത്രപരമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. അവയിൽ “ബഡ് ആന്റ് ബ്രേക്ക്ഫാസ്റ്റ്” ശൈലിയിലുള്ള പ്രഭാതഭക്ഷണത്തിനു സൌകര്യമുള്ള സത്രങ്ങളായി മാറിയിരിക്കുന്നു.

പോയിന്റ് പിനോസ് ലൈറ്റ് ഹൌസ് എന്ന പടിഞ്ഞാറൻ തീരത്തെ ഏറ്റവും പഴക്കമുള്ള നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ വിളക്കുമാടം സ്ഥിതിചെയ്യുന്നതിന്റെ പേരിലും ഈ നഗരം പ്രശസ്തമാണ്. പസഫിക് ഗ്രോവ് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി, പസഫിക് ഗ്രോവ് ആർട്ട് സെന്റർ എന്നിവയും ചരിത്രപരമായ പ്രാധാന്യമുള്ള നഗരകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നു. റോജർ സ്പോട്ടിസ്‍വുഡെസിന്റെ 1989 ലെ ചിത്രമായ “ടർണർ & ഹൂച്ച്” അതുപോലെ സാന്ദ്ര ഡീ അഭിനയിച്ച “എ സമ്മർ പാലസ്”എന്നിവയുടെ പ്രധാന ലൊക്കേഷൻ പസഫിക് ഗ്രോവ് നഗരമായിരുന്നു.

സംസ്കാരം

തിരുത്തുക

ഇവിടുത്തെ തദ്ദേശീയ നിവാസികളായിരുന്ന ഓഹ്ലോൺ ജനത ഇവിടെയുണ്ടായിരുന്ന ഗ്രാമങ്ങളിൽ സ്ഥിരവാസമുറപ്പിക്കുകയും അക്കോണുകളും സരസഫലങ്ങളും പോലെ കാലികമായി ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കാൻ താൽക്കാലികമായി വിവിദ പ്രദേശങ്ങളിലേയ്ക്കു സഞ്ചരിക്കുകയും ചെയ്തിരുന്നു.  സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിന്റെ  വടക്കേ അറ്റം മുതൽ താഴേയ്ക്ക് ബിഗ് സർന്റെ വടക്കൻ മേഖല വരെയും പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് ഡിയാബ്ലോ നിരകൾവരെയുമുള്ള കാലിഫോർണിയൻ മേഖലയിൽ ഒഹ്ലോൺ ജനത അധിവസിച്ചിരുന്നു. അവരുടെ ബൃഹത്തായ അധിവാസ മേഖലയിൽ സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിലെ സാന്താ ക്ലാര താഴ്‍വര, സാന്താ ക്രൂസ് മലനിരകൾ, മോണ്ടെറി ഉൾക്കടൽ ഏരിയ അതുപോലെതന്നെ ഇന്നത്തെ അലമേഡ കൗണ്ടി, കോണ്ട്രാ കോസ്റ്റ കൗണ്ടി, സലിനാസ് താഴ്‍വര എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.  സ്പാനീഷ് കുടിയേറ്റക്കാരുമായി ബന്ധപ്പെടുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ ഒഹ്ലോൺ ജനങ്ങൾ അതിസങ്കീർണ്ണമായതും ഏകദേശം 50 വിവിധ “രാഷ്ട്രങ്ങൾ” അല്ലെങ്കിൽ “ഗോത്രങ്ങൾ” ഉൾപ്പെട്ട ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഓരോ രാഷ്ട്രങ്ങളിലും 50 മുതൽ 500 വരെ അംഗങ്ങളും ശരാശരി 200 അംഗങ്ങളും ഉണ്ടായിരുന്നു. അമ്പതിലേറെ ഭിന്നമായ ഒഹ്ലോൺ ഗോത്രങ്ങളും അത്രതന്നെ ഗ്രാമങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിവിധ ഒഹ്ലോൺ ഗ്രാമങ്ങൾ തമ്മിൽ വ്യാപാരം, വിവാഹബന്ധം,  ആചാരപരമായ പരിപാടികൾ അതുപോലെ പരസ്‌പര വിനാശകമായ ഏറ്റുമുട്ടലുകൾ തുടങ്ങിയവ നടന്നിരുന്നു. കൂട നെയ്ത്ത് നൈപുണ്യം, കാലികമായുള്ള ആചാരപരമായ നൃത്തങ്ങൾ,  സ്ത്രീജനങ്ങളുടെയിടയിലെ പച്ചകുത്തൽ, മൂക്ക്, ചെവി കുത്തൽ മറ്റ് ചമയങ്ങൾ എന്നിവയെല്ലാം ഇവരുടെ സാസ്കാരിക പരിപാടികളിൽ ഉൾപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=പസഫിക്_ഗ്രോവ്&oldid=2667051" എന്ന താളിൽനിന്ന് ശേഖരിച്ചത്