പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങൾ (Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം “ഷോക്ക് അബ്സോർബറുകൾ” സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യം. ഉയർന്ന പരിരക്ഷയുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ പരിരക്ഷയുള്ള മേഖലകളിലേക്കുള്ള പരിവർത്തന മേഖലയായും ഇത്തരം മേഖലകൾ വർത്തിക്കുന്നു. [1]

മാനദണ്ഡങ്ങൾ തിരുത്തുക

പ്രധാനമായും ജൈവ വൈവിധ്യത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെയോ ജന്തുക്കളുടെയോ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (പ്രത്യേകിച്ചും നിമ്‌നോന്നത, മണ്ണൊലിപ്പിനുള്ള സാധ്യതകൾ), മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുർബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്‌.

ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ:- തിരുത്തുക

വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.

ഭൗമഘടകങ്ങൾ:- തിരുത്തുക

ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.

സാമൂഹികഘടകങ്ങൾ:- തിരുത്തുക

ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.

ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു.

നിയന്ത്രണങ്ങൾ തിരുത്തുക

പരിസ്ഥിതി ദുർബലപ്രദേശത്ത് ചിലതരം മാനുഷിക ഇടപെടലുകൾ, അവയുടെ പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കനുസരിച്ച് പൂർണമായോ ഭാഗികമായോ നിരോധിക്കുന്ന വ്യവസ്ഥകൾ മിക്ക രാജ്യങ്ങളുടെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം, മണൽ വാരൽ, മരം മുറിക്കൽ എന്നിവയ്ക്ക് കർശനമായ നിയന്ത്രണം ഉണ്ടാകും. [2]

കസ്തൂരി രംഗൻ റിപ്പോർട്ട് തിരുത്തുക

കസ്തൂരി രംഗൻ റിപ്പോർട്ടാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അടിസ്ഥാന രേഖയായി കേരള സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. [3]

ഗാഡ്‌ഗിൽ സമിതിയുടെ നിർദ്ദേശങ്ങൾ തിരുത്തുക

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകൾ നിർണ്ണയിക്കേണ്ടത് സംസ്ഥാനസർക്കാരുകളും പഞ്ചായത്തുകളും ചേർന്നാണെന്ന് സമിതി അഭിപ്രായപ്പെട്ടു. സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ ഇവയാണ്: (1) മണ്ടക്കൽ-പനത്തടി, (2) പൈതൽമല, (3) ബ്രഹ്മഗിരി-തിരുനെല്ലി, (4) പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, (5)കുറ്റ്യാടി-പെരിയ-കൽപ്പറ്റ, (6)നിലമ്പൂർ-മേപ്പാടി, (7)സൈലന്റ് വാലി, (8)മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, (9)നെല്ലിയാമ്പതി-പറമ്പിക്കുളം, (10) പീച്ചി-വാഴാനി, (11)പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, (12)മൂന്നാർ-ഇരവിക്കുളം-ചിന്നാർ, (13) ഏലമലക്കാടുകൾ, (14) പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, (15) കുളന്തുപ്പുഴ-തെന്മല, (16) അഗസ്ത്യമല-നെയ്യാർ-പേപ്പാറ.[5] ഇവയെല്ലാം മുൻപേയുള്ള ദേശീയോദ്യാനം, വന്യജീവി സങ്കേതം, ജൈവൈവിധ്യ റിസർവുകൾ എന്നിവയ്ക്ക് പുറമെയാണ്. [4]

പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കൽ നിയമം (2003) തിരുത്തുക

കേരള വനം (പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമം 2003-ൽ വിവരിക്കുന്ന പരിസ്ഥിതി ദുർബല പ്രദേശവും ഗാഡ്ഗിൽ - കസ്തൂരി രംഗൻ നിർദ്ദേശിച്ചിരിക്കുന്ന പരിസ്ഥിതിലോല പ്രദേശവും ഒന്നല്ല. ഗാഡ്ഗിൽ-കസ്തൂരിരംഗുൻ ശുപാർശകളെക്കാൾ കർക്കശമാണ് 2003-ലെ പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കൽ നിയമം. [5]

കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള തരംതിരിവ് തിരുത്തുക

മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച് ഉയർന്ന ആശങ്കകൾ പരിഗണിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിക്കുകയാണ് ഉണ്ടായത്. [6]

കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിർദ്ദേശങ്ങൾ 2013 നവംബർ 14 മുതൽ ബാധകമാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോൾ ചില പ്രദേശങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കി, ജൈവ വൈവിധ്യ ബോർഡ് മറ്റൊരു റിപ്പോർട്ട്  കേന്ദ്ര സർക്കാറിന് നൽകി. അതിപ്പോഴും കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. [7]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.indiaenvironmentportal.org.in/category/39344/thesaurus/eco-sensitive-zone/
  2. https://www.mathrubhumi.com/books/excerpts/gadgil-report-and-kasturirangan-report-on-western-ghats-1.3103838
  3. http://www.conservationindia.org/tag/eco-sensitive-zones-eszs
  4. https://www.thehindu.com/news/national/karnataka/clamour-for-implementing-gadgil-panel-report-gets-louder/article25480160.ece
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-07-31. Retrieved 2019-07-31.
  6. https://www.insightsonindia.com/2019/01/02/kasturirangan-report-on-western-ghats/
  7. https://economictimes.indiatimes.com/topic/Kasturirangan-report

8| https://blog.forumias.com/biodiversity-act-2002/

"https://ml.wikipedia.org/w/index.php?title=പരിസ്ഥിതിലോല_പ്രദേശം&oldid=3805939" എന്ന താളിൽനിന്ന് ശേഖരിച്ചത്