അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലെ ലോഹിത് നദിയുടെ താഴ്ന്ന ഭാഗത്തുള്ള ബ്രഹ്മപുത്ര സമതലത്തിനും തെസുവിന് 21 കിലോമീറ്റർ വടക്കും സ്ഥിതിചെയ്യുന്ന ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് പരശുരാം കുണ്ഡ്. പരശുരാമമുനിക്കായി സമർപ്പിച്ചിരിക്കുന്ന ഈ സ്ഥലം നേപ്പാളിൽ നിന്നും ഇന്ത്യയിലുടനീളവും തൊട്ടടുത്തുള്ള മണിപ്പൂർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരെ ആകർഷിക്കുന്നു. ജനുവരി മാസത്തിൽ മകരസംക്രാന്തി ദിനത്തിൽ 70,000 ഭക്തരും സന്ന്യാസികളും ഓരോ വർഷവും ഇവിടെ പുണ്യസ്നാനം നടത്തുന്നു.[1][2][3]

പരശുരാം കുണ്ഡ്
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Arunachal Pradesh
ജില്ല:Lohit
നിർദേശാങ്കം:27°52′39″N 96°21′33″E / 27.87750°N 96.35917°E / 27.87750; 96.35917

മതപരമായ പ്രാധാന്യം

തിരുത്തുക

ലോഹിത് നദിയുടെ താഴത്തെ ഭാഗത്ത് സ്ഥിതിചെയ്യുന്ന അഖിലേന്ത്യാ പ്രാധാന്യമുള്ള ഒരു ആരാധനാലയമാണിത്. മകരസംക്രാന്തി ദിനത്തിൽ, പാപങ്ങൾ കഴുകുമെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ കുണ്ഡത്തിൽ മുങ്ങിക്കുളിക്കാൻ ഓരോ വർഷവും ശൈത്യകാലത്ത് ആയിരക്കണക്കിന് തീർത്ഥാടകർ ഈ സ്ഥലം സന്ദർശിക്കാറുണ്ട്. പ്രദേശവാസികൾ പറയുന്നതുപോലെ ഈ മനോഹരമായ സ്ഥലത്തിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പിതാവ് ജമദഗ്നിയുടെ നിർദ്ദേശപ്രകാരം (പരശുരാമനെക്കുറിച്ചുള്ള ലേഖനം കാണുക) അമ്മ രേണുകയെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തു. അനുസരണത്തിൽ സന്തുഷ്ടനായ പിതാവ് അദ്ദേഹത്തിന് ഒരു അനുഗ്രഹം നൽകാൻ തീരുമാനിച്ചു. അമ്മയെ കൊന്ന ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്ന് ചെയ്തതിനാൽ കോടാലി കൈയിൽ കുടുങ്ങുകയും ചെയ്തതിനാൽ തന്റെ അമ്മയെ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരശുരാമൻ ആവശ്യപ്പെട്ടു. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനുശേഷവും കൈയിൽ നിന്ന് കോടാലി നീക്കം ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത ക്രൂരമായ കുറ്റകൃത്യത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു ഇത്. തന്റെ കുറ്റത്തിൽ അനുതപിച്ച അദ്ദേഹം അക്കാലത്തെ പ്രമുഖ ഋഷികളുടെ ഉപദേശം സ്വീകരിച്ച് ലോഹിത് നദിയുടെ തീരത്ത് എത്തി ശുദ്ധമായ വെള്ളത്തിൽ കൈ കഴുകി. എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു അത്. കൈകൾ വെള്ളത്തിൽ മുക്കിയ ഉടനെ കോടാലി വേർപെടുകയും അതിനുശേഷം അദ്ദേഹം കൈകഴുകിയ സ്ഥലം ആരാധനാലയമായി മാറുകയും പരശുരാം കുണ്ഡ് എന്നറിയപ്പെടുകയും ചെയ്തു. ഈ കഥ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് അറിയില്ലെന്നും വിഷ്ണു പുരാണം മുതലായ ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നും തന്നെ ആരും അത് കണ്ടിട്ടില്ലെന്നും പറയുന്നു.

മേൽപ്പറഞ്ഞ സംഭവത്തെ വിവരിക്കുന്ന നിരവധി കഥകൾ ഇന്ത്യയിൽ ഓരോ പ്രദേശത്തും കാണപ്പെടുന്നു. പരശുരാമനായി സമർപ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ മിക്കതും കേരളത്തിലാണ്. എന്നാൽ ഈ സ്ഥലം സമീപത്തുനിന്നും വിദൂരത്തുനിന്നും നിരവധി തീർഥാടകരെ ആകർഷിക്കുന്നു. കുറച്ച് സന്യാസിമാർ ഇവിടെ താമസിക്കുകയും പരശുരാമന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ചരിത്രം

തിരുത്തുക

സന്ന്യാസിമാർ സ്ഥാപിച്ച പരശുരാം കുണ്ടിന്റെ സ്ഥലം 1950-ൽ ആസം-ഭൂകമ്പം വടക്കുകിഴക്കൻ പ്രദേശങ്ങളെ മുഴുവൻ നടുക്കി കുന്ദ് പൂർണ്ണമായും മൂടുന്നതുവരെ നിലവിലുണ്ടായിരുന്നു. കുണ്ടിന്റെ യഥാർത്ഥ സൈറ്റിന് മുകളിലൂടെ വളരെ ശക്തമായ ഒരു പ്രവാഹം ഒഴുകുന്നുണ്ടെങ്കിലും വലിയ പാറകൾ നിഗൂഢമായ രീതിയിൽ നദീതീരത്ത് വൃത്താകൃതിയിൽ രൂപംകൊള്ളുന്നു. തത്ഫലമായി പഴയതിന് പകരം മറ്റൊരു കുണ്ട് രൂപം കൊള്ളുന്നു.[4]

മകര സംക്രാന്തിയിലാണ് വാർഷിക മേള നടക്കുന്നത്. കാട്ടുപശുക്കളെയും അപൂർവ രോമക്കുപ്പായങ്ങളെയും മറ്റ് കൗതുകവസ്തുക്കളെയും പർവ്വത ഗോത്രക്കാർ കൊണ്ടുവരുന്നു. തെസുവിൽ നിന്ന് ഗ്ലോ തടാകത്തിലേക്കുള്ള ട്രെക്കിംഗിനും ഒരു ദിവസം എടുക്കുന്ന കാൽനടയാത്രയ്ക്കും റിവർ റാഫ്റ്റിംഗിനും ലോഹിത് നദിയിൽ സഞ്ചരിക്കാനുമുള്ള സൗകര്യങ്ങളുണ്ട്.

ഇതും കാണുക

തിരുത്തുക
  • പരശുരാമേശ്വര ക്ഷേത്രം - രണ്ടാം നൂറ്റാണ്ടിലെ പുരാതന ക്ഷേത്രമായ ഗുഡിമല്ലം
  1. "Thousands gather at Parshuram Kund for holy dip on Makar Sankranti". The News Mill. Retrieved 2017-01-13.
  2. "70,000 devotees take holy dip in Parshuram Kund". Indian Express. 18 January 2013. Retrieved 2014-06-29.
  3. "Arunachal Pradesh planning to promote tourism at Parsuram Kund". Daily News & Analysis. Retrieved 2014-06-29.
  4. "Parashuram Kund". indiaprofile.com.
"https://ml.wikipedia.org/w/index.php?title=പരശുരാം_കുണ്ഡ്&oldid=3636226" എന്ന താളിൽനിന്ന് ശേഖരിച്ചത്