റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു പന്തിയോസ് പീലാത്തോസ്. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. യേശുക്രിസ്തുവിന്റെ വിചാരണയേയും കുരിശുമരണത്തേയും സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.

"ഇതാ മനുഷ്യൻ" (Ecce Homo) ജനക്കൂട്ടത്തിന്റെ ആർദ്രത നേടി യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പീലാത്തോസ്, അന്തോണിയോ സിസേറിയുടെ രചന

സ്രോതസ്സുകൾ

തിരുത്തുക

പുതിയനിയമത്തിനു പുറത്ത് പീലാത്തോസിനെ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത് 1962-ൽ കണ്ടുകിട്ടിയ "പീലാത്തോസിന്റെശില"-യിലെ എഴുത്താണ്. പീലാത്തോസിനെ ഒരു ചരിത്രവ്യക്തിത്വമായി അടിവരയിടുന്ന ഈ രേഖ പ്രവിശ്യാധികാരി എന്ന അദ്ദേഹത്തിന്റെ സ്ഥാനപ്പേരിനെ സംബന്ധിച്ച സുവിശേഷസാക്ഷ്യത്തേയും പിന്തുണയ്ക്കുന്നു. ഇതിനു പുറമേ, റോമൻ ചരിത്രകാരനായ ടാസിറ്റസ്, അലക്സാണ്ഡ്രിയയിലെ ഫിലോ, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ഫ്ലാവിയസ് ജോസെഫ് എന്നിവരും പീലാത്തോസിനെ പരാമർശിക്കുന്നു. നാലുകാനോനികസുവിശേഷങ്ങൾക്കു പുറമേ, നിക്കദോമോസിന്റേയും മാർഷന്റേയും അകാനോനികസുവിശേഷങ്ങൾ ഉൾപ്പെടെയുള്ള ലിഖിതങ്ങളിലും അദ്ദേഹം കടന്നുവരുന്നുണ്ട്. റോമിലെ പോന്തീ കുടുംബത്തിൽ പെട്ട ഒരു കുതിരപ്പടയാളിയായിരുന്നു പീലാത്തോസ് എന്നാണ് ഈ രേഖകളിൽ നിന്നുള്ള അനുമാനം.വലേരിയസ് ഗ്രാറ്റിയസിനെ പിന്തുടർന്നാണ് അദ്ദേഹം എ.ഡി. 26-ൽ യൂദയായുടെ പ്രവിശ്യാധികാരിയായത്. ഈ പദവിയിൽ പീലാത്തോസ് പിന്തുടർന്ന നയങ്ങൾ യഹൂദന്മാരുടെ മത ഭാവുകത്വത്തെ അവഗണിച്ച് ഫിലോയുടേയും ജോസഫസിന്റേയും വിമർശനം ഏറ്റുവാങ്ങി. ശമരിയാക്കാരുടെ ഒരു കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്ന് പീലാത്തോസിനെ റോമിലേക്കു തിരികെ വിളിച്ചതായും എ.ഡി. 37-ൽ തിബേരിയസിന്റെ മരണത്തിനു തൊട്ടു മുൻപ് അദ്ദേഹം റോമിൽ മടങ്ങിയെത്തിയതായും ജോസഫസ് പറയുന്നു. യൂദയായിൽ അദ്ദേഹത്തിന്റെ പിൻഗാമിയായത് മാർസെല്ലസാണ്.

 
1961-ൽ കണ്ടുകിട്ടിയ പീലാത്തോസിന്റെ ശില

യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റെ സമ്മർദ്ദത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷഭാഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന കൈകഴുകലിന്റെ നാടകീയരംഗം തന്നെ മത്തായിയുടെ സുവിശേഷത്തിലുണ്ട്. പീലാത്തോസ് "ആത്മാവിൽ ക്രിസ്ത്യാനി" ആയിരുന്നെന്ന് രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ലത്തീൻ ക്രൈസ്തവചിന്തകൻ തെർത്തുല്യൻ കരുതി. ആറാം നൂറ്റാണ്ടോടെ കോപ്റ്റിക് ക്രിസ്തീയത അദ്ദേഹത്തെ പുണ്യവാനും രക്തസാക്ഷിയുമായി കൊണ്ടാടി.[1]

പുനർവായന

തിരുത്തുക

എങ്കിലും യേശുവിന്റെ വധത്തിൽ റോമൻ ഭരണകൂടത്തിന്റേയും അതിന്റെ പ്രതിനിധി പീലാത്തോസിന്റേയും പങ്കിനെപ്പറ്റിയുള്ള സുവിശേഷസാക്ഷ്യത്തിന്റെ വിശ്വസനീയത തർക്കവിഷയമാണ്. ഈ ആഖ്യാനങ്ങൾ സുവിശേഷകന്മാരുടെ വീക്ഷണഗതിയുടേയും അവരെ സ്വാധീനിച്ച രാഷ്ട്രീയസാഹചര്യങ്ങളുടേയും സൃഷ്ടിയാകാം എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ വധത്തിന്റെ മുഴുവൻ ഉത്തരാവാദിത്വവും യഹൂദനേതൃത്വത്തിൽ ചുമത്തുന്ന സുവിശേഷഭാഷ്യവും അതിൽ തെളിയുന്ന പീലാത്തോസിന്റെ ചിത്രവും, തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തെ ഗ്രസിച്ച ജൂതവിരോധത്തിൽ അവ വഹിച്ച പങ്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും പുനഃപരിശോധിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ തടവിലാക്കിയത് ഒരു റോമൻ സേനാഗണമായിരുന്നെന്നും, യഹുദന്മാരുടെ രക്ഷകപ്രതീക്ഷയേയും വിമോചനവാഞ്ഛയേയും ഭയന്ന സാമ്രാജ്യാധികാരികൾ തന്നെയാകാം കുരിശേറ്റലിനു മുൻകൈ എടുത്തിരിക്കുകയെന്നും യഹൂദരുടെ അധികാരസമിതിയായ സെൻഹെദ്രിൻ യേശുവിന്റെ കാര്യം പരിഗണിക്കാൻ കൂടിച്ചേർന്നിട്ടു തന്നെ ഉണ്ടാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

  1. 1.0 1.1 പന്തിയോസ് പീലാത്തോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 594-95)
"https://ml.wikipedia.org/w/index.php?title=പന്തിയോസ്_പീലാത്തോസ്&oldid=2284046" എന്ന താളിൽനിന്ന് ശേഖരിച്ചത്