ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് "പഥേർ പാഞ്ചാലി" (পথের পাঁচালী).[1]. 1928-ൽ വിചിത്ര എന്ന ബംഗാളി മാസികയിൽ തുടർക്കഥയായും പിന്നീട് 1929-ൽ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ബംഗാളിൽ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകർഷിച്ചു. ജീവിതയാത്രയിൽ നിശ്ചിന്തപൂർ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും അത്ശയോക്തി ഇല്ലാതെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നു. നോവലിലെ കേന്ദ്രകഥാപാത്രം ഹരിഹറിന്റേയും പത്നി സർവജയയുടേയും പുത്രൻ അപു ആണ്. മുൻതലമുറകളെക്കുറിച്ചുളള വിവരണം കഥക്ക് ആഴമേകുന്നു. നോവലിന്റെ രണ്ടാം ഭാഗം അപരാജിതോ 1932-ൽ പുറത്തിറങ്ങി. പഥേർ പാഞ്ചാലി എന്നതിനർത്ഥം പാതയുടെ പാട്ട് എന്നാണ്. പാഞ്ചാലി ഒരു പഴയ കാവ്യരചനാശൈലിയാണ്. ഒരു പ്രത്യേക ഈണത്തിൽ പാടുന്ന ഈ ശൈലി ഏതാണ്ട് മലയാളത്തിൽ പണ്ടു പ്രചാരത്തിലിരുന്ന കഥപ്പാട്ട് പോലെയാണ്.

Pather Panchali
കർത്താവ്Bibhutibhushan Bandyopadhyay
യഥാർത്ഥ പേര്পথের পাঁচালী
രാജ്യംIndia
ഭാഷBengali
പരമ്പരBichitra
സാഹിത്യവിഭാഗംBildungsroman, tragedy, family drama
പ്രസാധകർRanjan Prakashalay, BY 1336,
പ്രസിദ്ധീകരിച്ച തിയതി
BY 1336, CE 1929
ശേഷമുള്ള പുസ്തകംAparajito


കഥാസംഗ്രഹംതിരുത്തുക

മുപ്പത്തിയഞ്ച് അധ്യായങ്ങളുളള നോവൽ മൂന്നു പർവ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പർവ്വവും ഓരോ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്

  • ബല്ലാൽ ബാലായി
  • ആം ആടീർ ഭേംപു
  • അക്രൂര സംബാദ്

ബല്ലാൽ ബാലായിതിരുത്തുക

പന്ത്രണ്ടാം ശതകത്തിൽ ബംഗാൾ ഭരിച്ചിരുന്ന ബല്ലാളസെൻ എന്ന രാജാവ് തുടങ്ങി വെച്ച വിന പത്തൊമ്പതാം ശതകത്തിന്റ അന്ത്യദശയിലും അനുഭവിക്കേണ്ടി വന്നവളാണ് ഇന്ദിരാ കാർന്നോത്തി. കൂലീൻ പ്രഥ[2] എന്ന ഈ സമ്പ്രദായപ്രകാരം, വംശവൃദ്ധിക്കായി കുലീന ബ്രാഹ്മണർക്ക് ബഹുഭാര്യാത്വം അനുവദനീയമായി. പക്ഷെ ഈ ആചാരത്തിന്റെ പേരിൽ ഒരു ബ്രാഹ്മണന് പലപ്പോഴും പത്തിലധികം ഭാര്യമാരുണ്ടായി. ഈ നിലക്ക് വിവാഹശേഷവും പെൺകുട്ടികൾക്ക് പിതൃഗൃഹത്തിൽ തന്നെ ഇത്തിൾക്കണ്ണികളായി താമസിക്കേണ്ടിവന്നു. ഭർത്താവിന്റെ സന്ദർശ്നനം വിരളമായിരുന്നു. മാത്രമല്ല, വന്നാലും ദക്ഷിണയും കോപ്പും കൊടുക്കേണ്ട ബാദ്ധ്യതയും പെൺവീട്ടുകാർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുലീന ബ്രാഹ്മണർ വിവാഹത്തെ സൌകര്യപ്രദമായ ഉപജീവനമാർഗ്ഗമായി കണ്ടു. ഇന്ദിരാ കാർന്നോത്തിയുടെ കഥയും ഇതു തന്നെയായിരുന്നു. ആരോരുമില്ലാതായിത്തീർന്ന ഇവർക്ക് വയസ്സുകാലത്ത് അകന്ന ബന്ധത്തിലുളള സഹോദരനായ ഹരിഹരന്റെ വീട്ടിൽ ശരണമടയേണ്ടി വന്നു. ഹരിഹരന് പൂജാപാഠങ്ങളിൽ നിന്നുളള തുച്ഛ വരുമാനമേയുളളു. ഹരിഹരന്റെ പത്നി സർവജയ തന്റെ അസന്തുഷ്ടിയും അസഹ്ഷ്ണുതയും പ്രകടിപ്പിക്കാനുളള സന്ദർഭങ്ങളൊന്നും തന്നെ പാഴാക്കുന്നില്ല. എന്നാൽ അഞ്ചു വയസ്സുകാരി ദുർഗ്ഗക്ക് അപ്പച്ചിയെ വലിയ ഇഷ്ടമാണ്. അപുവിന്റെ ജനനം സർവജയയെ പ്രസന്നയാക്കുന്നുണ്ടെങ്കിലും ഇന്ദിര കാർന്നോത്തിയോടുളള പെരുമാറ്റം കൂടുതൽ കർക്കശമാകുന്നതേയുളളു. വൃദ്ധയുടെ മരണത്തോടെ ഒരു കാലഘട്ടം അവസാനിക്കുന്നു.

ആം ആടീർ ഭേംപുതിരുത്തുക

ദുർഗ്ഗയുടേയും കൊച്ചനിയൻ അപുവിന്റേയും ബാല്യകാലമാണ് പ്രതിപാദ്യം. വീട്ടിലെ നിത്യദാരിദ്ര്യം അവർക്ക് ഒരു പ്രശ്നമേയല്ല. വീട്ടിനകത്തും, പുറത്തെ മുളങ്കാട്ടിലും കുളങ്ങളിലും അതിനപ്പുറത്തുളള വെളിംപ്രദേശങ്ങളുമൊക്കെ അവരിരുവരും ചേർന്ന് ഇണങ്ങിയും പിണങ്ങിയും പര്യവേക്ഷണം നടത്തുന്നു. അവിടെയൊക്കെ പ്രകൃതി അവർക്കു വേണ്ടി ഒരുക്കൂട്ടി വെച്ചിരിക്കുന്ന നിത്യനൂതനാനുഭവങ്ങൾ അവരെ ആഹ്ളാദചിത്തരാക്കുന്നു. ദുർഗ്ഗയുടെ വന്യവും സ്വതന്ത്രവുമായ ചേതന ബിഭൂതിഭൂഷൺ ഭംഗിയായി വരച്ചു കാട്ടുന്നു. ദുർഗ്ഗയുടെ അകാലമരണത്തോടെ മറ്റൊരു കാലഘട്ടം അവസാനിക്കുന്നു. ഹരിഹരൻ സകുടുംബം കാശിയിലേക്ക് പോകാനൊരുങ്ങുന്നു. ആം ആടീർ ഭേംപു മാങ്ങത്തോട് കൊണ്ടുണ്ടാക്കുന്ന ഒരുതരം പീപ്പിയാണ്. വിലപിടിച്ച കളിക്കോപ്പുകളില്ലാത്ത ഗ്രാമത്തിലെ കുട്ടികളുടെ തനതായ കളിപ്പാട്ടം.

അക്രൂര സംബാദ്തിരുത്തുക

വളരെയേറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഹരിഹരൻ കുടുംബത്തെ കാശിയിലേക്ക് പറിച്ചു നടുന്നത് ഹരിഹരന്റെ തീർത്തും ആകസ്മികമായ മരണം, സർവജയയെ ദാസ്യവൃത്തിക്ക് നിർബന്ധിതയാക്കുന്നു. യാതനക നിറഞ്ഞ ദിനങ്ങളിലും അപുവിന്റെ കൌമാരമനസ്സ് കൂടുതൽ അറിവു നേടാനുളള വ്യഗ്രതയിലാണ്.

നിശ്ചിന്തപൂരിനോട് അപു വിട പറയുന്നതിനെ, വൃന്ദാവനത്തിലെ ബാലകേളികൾ മതിയാക്കി, അക്രൂരനോടോപ്പം പോകുന്ന ശ്രീകൃഷ്ണന്റെ യാത്രയുമായി ഉപമിച്ചിരിക്കുന്നു.

ചലച്ചിത്രാവിഷ്ക്കാരംതിരുത്തുക

പ്രധാന ലേഖനം:പഥേർ പാഞ്ചാലി

സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്ത് 1955-ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലി എന്ന ചിത്രം ഈ നോവലിലെ ആദ്യത്തെ രണ്ടു പർവ്വങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. വെളളിത്തിരയുടെ ചട്ടക്കുട്ടിലൊതുക്കാനായി അല്പം ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. Bibhutibhushan Upanyas Samagra,vol I. Mitra & Ghosh. 2005. ISBN 8172938519.
  2. Kulin System Of Bengal
"https://ml.wikipedia.org/w/index.php?title=പഥേർ_പാഞ്ചാലി_(നോവൽ)&oldid=3225596" എന്ന താളിൽനിന്ന് ശേഖരിച്ചത്