പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ ഒരു അന്താരാഷ്ട്രസമൂഹമാണ് പത്താം പീയൂസിന്റെ സഭ (Society of Saint Pius X). SSPX എന്ന ചുരുക്കപ്പേരിലും ഈ സമൂഹം അറിയപ്പെടുന്നു. 1970-ൽ ഫ്രഞ്ചുകാരനായ മാർസെൽ ലെഫെബ്‌വ്രെ മെത്രാപ്പോലീത്ത സ്ഥാപിച്ചതാണിത്. "വിശുദ്ധ പത്താം പീയൂസിന്റെ പുരോഹിതസാഹോദര്യം" (Priestly Fraternity of St.Pius X) എന്നാണ് ഇതിന്റെ ഔദ്യോഗികനാമം.

പത്താം പീയൂസിന്റെ സഭ
ചുരുക്കപ്പേര്SSPX
ആപ്തവാക്യംക്രിസ്തു കീഴടക്കുന്നു, ക്രിസ്തു വാഴുന്നു, ക്രിസ്തു ഭരിക്കുന്നു
രൂപീകരണം1970
തരംകത്തോലിക്കാ പുരോഹിത സമൂഹം
ആസ്ഥാനംമെൻസിഞ്ഞൻ, സ്വിറ്റ്സർലൻഡ്
സുപീരിയർ ജനറൽ
അതി പൂജ്യൻ ബെർനാർഡ് ഫെല്ലേ
പ്രധാന വ്യക്തികൾ
മാർസെൽ ലെഫെബ്‌വ്രെ — സ്ഥാപകൻ
വെബ്സൈറ്റ്www.fsspx.org

വത്തിക്കാനുമായി കലഹിച്ചു നിന്ന ഈ തീവ്രയാഥാസ്ഥിതിക വിഭാഗവുമായി പുനരൈക്യപ്പെടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. മാർപ്പാപ്പായുടെ അനുമതിയില്ലാത സഭാസ്ഥാപകനായ ലെഫെബ്‌വ്രെ മെത്രാപ്പോലീത്ത 1988-ൽ മെത്രാൻ പദവിയിലേക്കുയർത്തിയ നാലു സഭാംഗങ്ങളുടെ സഭാഭ്രഷ്ട് ബെനഡിക്ട് 16-ആമൻ മാർപ്പാപ്പ 2009-ൽ പിൻവലിച്ചിരുന്നു. എങ്കിലും, അച്ചടക്കസംബന്ധമായതെന്നതിനുപരി വിശ്വാസപരമായ കാരണങ്ങളാൽ, പത്താം പീയൂസിന്റെ സഭക്ക് കാനോനികസാധുത ഇല്ലെന്നും അതിനാൽ, ആ സഭയിലെ പുരോഹിതശുശ്രൂഷകൾ കത്തോലിക്കാസഭയിൽ സാധുവല്ലെന്നും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.[1]

എന്നാൽ ഈ വിഷയത്തിൽ കത്തോലിക്കാസഭയുടെ നേതൃത്വം, അക്ഷരാർത്ഥത്തിലുള്ള ഔദ്യോഗിക നിലപാടും, പ്രയോഗത്തിൽ അതിനു വിപരീതമായ അനൗദ്യോഗിക നിലപാടും ചേർന്ന ഇരുമുനനയമാണ് (two-pronged policy) പിന്തുടരുന്നതെന്ന് പത്താം പീയൂസ് സഭ കരുതുന്നു. ലിഖിതപ്രസ്താവനയ്ക്കു വിപരീതമായി പത്താം പീയൂസ് സഭയുടെ നിയമപരവും സാധുവുമായ അസ്തിത്വം അംഗീകരിക്കുന്ന പ്രായോഗിക നടപടികൾ മാർപ്പാപ്പ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വിശദീകരിക്കുന്നു.[2]

  1. "അന്തിമവിശകലനത്തിൽ, പത്താം പീയൂസ് സഭക്ക് കത്തോലിക്കാ സഭയിൽ നിയമസാധുത ഇല്ലെന്നത് അനുശാനപരമായ കാരണങ്ങളാലെന്നതിനുപരി വിശ്വാസപരമായ കാരണങ്ങളാലാണ്. നിയമസാധുത ഇല്ലാത്ത കാലത്തോളം, പത്താം പീയൂസ് സഭയിലെ അംഗങ്ങൾക്ക് കത്തോലിക്കാ സഭയിൽ സാധുവായ ശുശ്രൂഷ ചെയ്യാനാവില്ല." ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, 2009 മാർച്ച് 10-ന് കത്തോലിക്കാ സഭയിലെ മെത്രാന്മാർക്കെഴുതിയ കത്തിൽ
  2. http://www.remnantnewspaper.com/Archives/2010-1031-mccall-fellay.htm
"https://ml.wikipedia.org/w/index.php?title=പത്താം_പീയൂസിന്റെ_സഭ&oldid=1695135" എന്ന താളിൽനിന്ന് ശേഖരിച്ചത്