പണം പയറ്റ്
മലബാറിൽ നിലവിലുള്ള ഒരു അനൗപചാരിക സാമ്പത്തിക ഇടപാടാണ് പണം പയറ്റ്. പണപ്പയറ്റ്, കുറിക്കല്യാണം, തേയിലസല്ക്കാരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് അവരിൽ ഓരോരുത്തരെയും സഹായിക്കുന്ന സംവിധാനമാണ് ഇത്. ഇതിന്റെ തുടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം ധനവിനിമയ വ്യവസ്ഥ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. [1]
പണം പയറ്റിന്റെ രീതി
തിരുത്തുകഒരാൾക്ക് പണം ആവശ്യമായി വരുന്ന സമയത്ത് അയാൾ തൻറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പയറ്റിന് ക്ഷണിക്കുന്നു. മുമ്പ് വീടുകളിൽ പയറ്റ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ സാധാരണയായി ചായക്കടകൾ പോലെയുള്ള പൊതുസ്ഥലങ്ങളിലാണ് പയറ്റ് നടക്കാറ്. പയറ്റ് നടക്കുന്ന സ്ഥലവും സമയവും അറിയിച്ചുകൊണ്ട് അച്ചടിച്ചു നല്കുന്ന കത്തിന് പയറ്റുകത്ത്, കുറി എന്നിങ്ങനെ പേരുകളുണ്ട്. പയറ്റു നടത്തുന്ന ആളിന്റെ പേരും പയറ്റു നടക്കുന്ന സമയവും എഴുതിയ ബോർഡ് ഈന്തിൻപട്ടയോടൊപ്പം പയറ്റു നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നത് ചില പ്രദേശങ്ങളിലെ പതിവാണ്. പയറ്റ് അറിയിക്കുന്ന ചെറിയ പോസ്റ്ററുകൾ പതിച്ചും ഉച്ചഭാഷിണിയിലൂടെ പാട്ടുകൾ കേൾപ്പിച്ചും പയറ്റ് അറിയിക്കാറുണ്ട്. [2]
പയറ്റിനെത്തുന്നവർക്ക് ചായയും നെയ്യപ്പം, പഴംപൊരി, അവിലും പഴവും തുടങ്ങിയ ലഘുവിഭവങ്ങളും കൊടുത്ത് സൽക്കരിക്കും. പൊറോട്ടയും ഇറച്ചിയും, ബിരിയാണി തുടങ്ങിയ വിഭവങ്ങളും പതിവാണ്. പിരിഞ്ഞു പോകും മുമ്പ് അതിഥികൾ, ഒരു തുക, അതു സ്വീകരിക്കുന്നതിന് നിയുക്തനായ വ്യക്തിയെ ഏൽപ്പിക്കുന്നു. അയാൾ, ഈ തുക കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തുകയും അവസാനം പയറ്റു നടത്തിയയാൾക്ക് പുസ്തകത്തോടൊപ്പം കൈമാറുകയും ചെയ്യും. ഇങ്ങനെ പണം വാങ്ങി കണക്കെഴുതി വയ്ക്കുന്നയാളിന് പ്രതിഫലം കൊടുക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. താൻ പയറ്റു നടത്തിയപ്പോൾ, ഇപ്പോൾ പയറ്റു നടത്തുന്ന വ്യക്തിയിൽ നിന്ന് സ്വീകരിച്ച തുകയോട് അത്രതന്നെയോ അല്ലെങ്കിൽ തനിക്കിഷ്ടമുള്ള ഒരു തുകയോ ചേർത്താണ് ഓരോരുത്തരും പയറ്റുക. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയോ ചിലപ്പോൾ രാവിലെ തന്നെയോ ആരംഭിക്കുന്ന പയറ്റ് രാത്രി ഒമ്പത് പത്തുമണി വരെ തുടരും. [3]
ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റർ ചുറ്റളവ് വരെ ഈ പയറ്റു ബന്ധം നിലവിലുണ്ടാകും. നാട്ടുകാരുടെ ഒത്തൊരുമയുടെ സൂചകമാണ് പയറ്റ്. ഒരാൾ പയറ്റിയ തുക മടക്കാതിരിതിരിക്കുന്നത് വളരെ മോശപ്പെട്ട കാര്യമായാണ് പരിഗണിക്കപ്പെടുന്നത്. ഇത്തരം ആളുകൾ കരിങ്കുറ്റികൾ എന്നാണ് അറിയപ്പെടുക. മിക്കവാറും ഓരോ ആവശ്യങ്ങൾ വരുമ്പോൾ ആണ് പയറ്റ് കഴിക്കാറ്. കല്യാണം, വീട്ടുതാമസം, രോഗചികിത്സ, സ്ഥലം വാങ്ങൽ തുടങ്ങി വിദ്യാലയവർഷാരംഭത്തിൽ കുട്ടികൾക്ക വേണ്ട സാധനങ്ങൾ വാങ്ങുക പോലെയുള്ള ചെറിയ ചെറിയ ആവശ്യങ്ങൾക്കു വരെ പയറ്റ് നടത്താറുണ്ട്. പയറ്റിയ പണം തിരികെ വാങ്ങുന്നതിനു വേണ്ടി പയറ്റ് നടത്തുന്നവരുമുണ്ട്.
ക്ഷണിക്കപ്പെടാത്ത പയറ്റുകളിൽ പങ്കെടുത്തുകൊണ്ടാണ് ഒരാൾ ഈ വ്യവസ്ഥയിൽ പ്രവേശിക്കുന്നത്. പയറ്റു നടത്തുന്നയാളെ പരിചയമുണ്ടാകണം എന്നതു മാത്രമാണ് ഇത്തരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത. ഇത്തരത്തിൽ ക്ഷണിക്കപ്പെടാതെ പങ്കെടുക്കുന്നത് മോശപ്പെട്ട കാര്യമായി ആരും കണക്കാക്കുകയില്ല. കുറേ പയറ്റുകളിൽ ഇങ്ങനെ പങ്കെടുത്ത് പയറ്റിക്കഴിഞ്ഞാൽ അയാൾക്ക് താൻ പണം നല്കിയവരെ വിളിച്ച് പയറ്റു നടത്താം. താൻ പയറ്റിയതിന് തുല്യമായ തുക സ്വീകരിച്ചും കൊടുക്കാനുള്ളതിന് തുല്യം പയറ്റിയുമാണ് ഒരാൾ പയറ്റിൽ നിന്ന് പിന്മാറുന്നത്.
സഹായക്കുറി
തിരുത്തുകപണം പയറ്റിലൂടെ തനിക്ക് കടക്കാരായി തീർന്നിട്ടില്ലാത്തവരെ വിളിച്ച് നടത്തുന്ന പയറ്റിനു സമാനമായ ഇടപാടാണ് സഹായക്കുറി. സാധാരണ പയറ്റുന്നതിനേക്കാൾ വലിയ തുകകളാണ് സഹായക്കുറിയിൽ നല്കപ്പെടുക. ഇങ്ങനെ കിട്ടുന്ന തുക, കൊടുത്തയാൾ പയറ്റു നടത്തുമ്പോഴോ അതിനുമുമ്പ് അയാൾ ആവശ്യപ്പെട്ടാൽ അപ്പോഴോ തിരികെ നല്കണം. ബിരിയാണി പോലെ കനപ്പെട്ട ഭക്ഷണമാണ് സഹായക്കുറി നടത്തുമ്പോൾ നല്കാറ്. [4]
അവലംബം
തിരുത്തുക- ↑ http://east-perambra.blogspot.in/p/blog-page_6076.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-01-02.
- ↑ http://www.thanalonline.com/ml/page.asp?ID=314
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-14. Retrieved 2016-01-02.