സംസ്‌കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ഒരു മഹാകാവ്യമാണ് നൈഷധീയചരിതം. ഇതു നൈഷധം മഹാകാവ്യം എന്ന പേരിലും അറിയപ്പെടുന്നു. എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷൻ ആണ് ഈ മഹാകാവ്യം രചിച്ചത്. ചടുലമായ വാഗ്വൈഭവത്താലും ശക്തിയുറ്റ വർണ്ണനാമിടുക്കുകൊണ്ടും അതിഗംഭീരമാണ് നൈഷധീയചരിതം എന്നു വിശേഷിപ്പിക്കപ്പെടുന്നു. സംസ്‌കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണിത്. മറ്റുള്ളവ രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം, ശിശുപാലവധം എന്നിവയാണ്.

കഥാതന്ദു

തിരുത്തുക

മഹാഭാരതത്തിൽ നിഷധരാജാവായ നളന്റെയും പത്നിയായ ദമയന്തിയുടേയും കഥ വിവരിക്കുന്നുണ്ട്. ആ നളചരിതത്തിലെ പ്രധാനപ്പെട്ട ചെറിയൊരു ഭാഗമാണ് ശ്രീഹർഷൻ ഈ മഹാകാവ്യത്തിനായി തെരഞ്ഞെടുത്തത്. വർണ്ണനകളാലും വിവരണങ്ങൾ കൊണ്ടും ഒരു മഹാകാവ്യത്തിനുവേണ്ട എല്ലാ ഗുണങ്ങളും ശ്രീഹർഷൻ ഈ കൃതിയിൽ ഒതുക്കിവെച്ചിട്ടുണ്ട്.

നിഷധരാജകുമാരനായ നളനും വിദർ‌ഭരാജപുത്രി ദമയന്തിയും പരസ്‌പരം കാണാതെ പ്രണയബന്ധിതരാവുന്നു. ഒരു ഹം‌സത്തിന്റെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ പരസ്‌പരം കൈമാറിയ അവർ പിരിയാനാവാത്ത വിധം അടുത്തുപോകുന്നു. പുത്രിയുടെ വിഷമാവസ്ഥ മനസ്സിലാകിയ രാജാവ് അവളുടെ സ്വയം‌വരം നിശ്ചയിക്കുന്നു. സ്വയം‌വരവിവരം ഹംസം മുഖേന അറിഞ്ഞ നളൻ ഉത്സാഹത്തോടെ യാത്ര തിരിക്കുന്നു. യാത്രാമദ്ധ്യേ ഇന്ദ്രൻ വരുണൻ തുടങ്ങിയ ദിഗ്പാലകരെ നളൻ കണ്ടുമുട്ടുന്നു. ദമയന്തിയുടെ സ്വയം‌വരവിവരം അറിഞ്ഞ് അവരും കുണ്ഡിനപുരിയിലേക്കു തിരിച്ചിരിക്കുകയാണ്. ദിഗ്പാലകരുടെ നിർ‌ബന്ധത്തിനു വഴങ്ങി അവരുടെ ദൗത്യവുമായി നളന് ദമയന്തിയുടെ അടുത്തേക്കു പോകേണ്ടി വന്നു. ദമയന്തിയുടെ നിർദ്ദേശപ്രകാരം ഇന്ദ്രവരുണാദികൾ നാലുപേരും നളനും സ്വയം‌വരപന്തലിൽ എത്തിച്ചേരുന്നു. അഞ്ചുപേരും ഒരേ വേഷത്തിലും രൂപത്തിലുമാണു വന്നിരിക്കുന്നത്. ദമയന്തിക്കു നളനെ തിരിച്ചറിയാൻ സാധിക്കതെ വരുന്നു. ഒടുവിൽ ദമയന്തി ദേവേന്ദ്രനെ പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രാഹാശിസ്സോടെ നളനെ തിരിച്ചറിയുകയും അങ്ങനെ സ്വയം‌വരം നടത്തുകയും ചെയ്യുന്നു. നളചരിതത്തിലെ ഇത്രയും ഭാഗമാണ് നൈഷധീയചരിതത്തിനു വേണ്ടി ശ്രീഹർഷൻ സ്വീകരിച്ചിരിക്കുന്നത്.

സർഗങ്ങളിലൂടെ

തിരുത്തുക

സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിൽ ഏറ്റവും വലിയ മഹാകാവ്യമാണ് നൈഷധീയചരിതം. ഇരുപത്തിരണ്ടു സർഗങ്ങളും രണ്ടായിരത്തി എഴുന്നൂറോളം പദ്യങ്ങളും ഉള്ള കൃതിയാണിത്. ഗ്രന്ഥം ആരംഭിക്കുന്നത് നളന്റെ വർണനയോടു കൂടിയാണ്. രണ്ടാം സർഗത്തിലാണ് കുണ്ഡിനപുരവർണന. ഏഴാം സർഗം മുഴുവൻ ദമയന്തീവർണനയാണ്. ഇതിനുവേണ്ടി മാത്രമായി ശ്രീഹർഷൻ നൂറോളം പദ്യങ്ങൾ രചിച്ചു. പത്തുമുതൽ പതിനാലു വരെ ഉള്ള സർഗങ്ങളിൽ സ്വയം‌വര വർ‌ണനയും അതിനുവേണ്ടി വന്നുചേർന്ന രാജാക്കന്മാരുടെ വർണനയുമാണ്. പതിമൂന്നാം സർഗത്തിലെ പഞ്ചനളീകം നൈഷധത്തിലെ ഒരു പ്രധാനഭാഗമാണ്. ഒരേ രൂപത്തിലും വേഷത്തിലും സ്വയംവരവേദിയിൽ പ്രത്യക്ഷരായ അഞ്ചുനളന്മാരേയും ദമയന്തിയുടെ സ്വയം‌വരസഖിയായി എത്തിയ സരസ്വതി പരിചയപ്പെടുത്തുന്ന ഭാഗമാണിത്. അതിലെ ഓരോ പദ്യത്തിനും പലരിതിയിലുള്ള അർ‌ത്ഥങ്ങൾ കല്പിച്ചിരിക്കുന്നു. ഒരേസമയം ദിഗ്പാലകരെ സംബന്ധിക്കുന്നതും യഥാർ‌ത്ഥ നളനെ സംബന്ധിക്കുന്നതും ആയരീതിയിലുള്ള വിശദീകരണമാണ് സരസ്വതിയിലൂടെ ശ്രീഹർഷൻ വിശദീകരിക്കുന്നത്. അവസാനം യഥാർ‌ത്ഥ നളനെ പരിചയപ്പെടുത്തുന്ന ഭാഗം വളരെയേറെ കടുപ്പമേറിയ രീതിയിലാണ് ഹർ‌ഷൻ വിശദീകരിച്ചിരിക്കുന്നത്. ആ പദ്യത്തിൽ നളനേയും ദിഗ്പാലകരിലോരോരുത്തരേയും വിശദീകർക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വയം‌വരവും വിവാഹവും കഴിഞ്ഞ് നവദമ്പതികൾ നിഷധപുരിയിൽ താമസമാക്കി. പിന്നീടുള്ള സർഗങ്ങളിൽ മഹാകാവ്യലക്ഷണങ്ങൽ ഒപ്പിച്ചെടുക്കാനുള്ള ഉദ്യാനവർണനയും സലിലക്രീഡാദികളും മറ്റും വർണിച്ചിരിക്കുന്നു.

വിമർശനം

തിരുത്തുക

ഒട്ടേറെ കാവ്യദോഷങ്ങൾ ഈ കൃതിയിൽ ഉണ്ടത്രേ. നൈഷധത്തിൽ കാണുന്ന കാവ്യദോഷങ്ങളുടെ ബാഹുല്യം പരിഗണിച്ചുകൊണ്ട് ഒരു ഐതിഹ്യം തന്നെ നിലവിലുണ്ട്.

ഐതിഹ്യം

തിരുത്തുക

കാവ്യപ്രകാശത്തിന്റെ കർത്താവായ മമ്മടൻ ശ്രീഹർഷന്റെ അമ്മാവനായിരുന്നു. അമ്മാവന്റെ അഭിപ്രായമറിയാനായി ശ്രീഹർഷൻ കൃതി മമ്മടനെ ഏല്പിച്ചുവത്രേ. കവിത മുഴുവൻ വായിച്ചശേഷം മമ്മടൻ പറഞ്ഞു: "നിന്റെ കാവ്യം ഞാൻ നേരത്തേ കണ്ടിരുന്നുവെങ്കിൽ കാവ്യപ്രകാശത്തിലെ ദോഷപ്രകരണത്തിന് ഉദാഹരണങ്ങളന്വേഷിച്ച് വേറെങ്ങും എനിക്കു പോകേണ്ടിവരുമായിരുന്നില്ല" എന്ന്.

വ്യാഖ്യാനങ്ങൾ

തിരുത്തുക

ദർശനസിദ്ധാന്തങ്ങളും ബുദ്ധധർ‌മ്മവും വിശദമായി വിവരിക്കുന്ന ഈ ഗ്രന്ഥത്തിന് അനേകം വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. അതിൽ മല്ലീനാഥന്റേയും നാരായണന്റേയും ഗ്രന്ഥങ്ങളാണ് പ്രാധാന്യമർഹിക്കുന്നവ.

  • പുസ്തകം: സംസ്‌കൃതസാഹിത്യ ചരിത്രം - കെ.സി. പിള്ള
"https://ml.wikipedia.org/w/index.php?title=നൈഷധീയചരിതം&oldid=3605189" എന്ന താളിൽനിന്ന് ശേഖരിച്ചത്