നേപ്പാളി ചിത്രകലയുടെ തുടക്കം അടയാളപ്പെടുത്തുന്നത് ഹിന്ദു സംസ്കാരത്തിന്റെയും ബുദ്ധസംസ്കാരത്തിന്റെയും സ്വാധീനമുള്ള വിവിധ ചിത്രങ്ങളിലൂടെയാണ്. ഈ പരമ്പരാഗത ചിത്രങ്ങൾ വിവിധ ചുവർചിത്രങ്ങളിലും തുണിചിത്രങ്ങളിലും കയ്യൈഴുത്ത് പ്രതികളിലും കാണപ്പെടുന്നു.  ഈ ചിത്രകല അതിന്റെ പ്രത്യേക ശൈലിയും രൂപഘടനയും നൂറ്റാണ്ടുകളായി നിലനിറുത്തിപ്പോരുന്നു[1].

ചന്ദ്രമണ്ഡല, ചന്ദ്രദേവൻ, 14-ാം നൂറ്റാണ്ടിന്റെ അവസാനകാലം, 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചിത്രകല

നേപ്പാളി ചിത്രകലയിൽ പാശ്ചാത്യ സ്വാധീനം കടന്നുവരുന്നത് 1850 നുശേഷം ഭജുമാൻ എന്ന പരമ്പരാഗത ചിത്രകാരൻ യൂറോപ്പ് യാത്രക്കിടയിൽ പാശ്ചാത്യ റിയലിസം സ്വീകരിച്ചതിനുശേഷമാണ്. ജുങ്ങ് ബഹാദൂർ റാണയുടെ സദസ്സിലെ ചിത്രകാരനായിരുന്നു ഭജുമാൻ. ഇദ്ദേഹം ഭജുമാൻ ചിത്രകാർ എന്നറിയപ്പെട്ടിരുന്നു. ജുങ്ങ് ബഹാദൂർ റാണ പ്രധാനമന്ത്രിയായതിനുശേഷം 1850 ൽ യൂറോപ്പ് സന്ദർശിക്കുകയുണ്ടായി. പുതിയ പ്രധാനമന്ത്രിയുടെ പരിവാരത്തിലുണ്ടായിരുന്ന ഭജുമാനും അദ്ദേഹത്തിന്റെ കൂടെ ലണ്ടനും പാരീസും സന്ദർശിച്ചു. യൂറോപ്പിൽനിന്നും മടങ്ങിയെത്തിയതിനുശേഷം ഭജുമാന്റെ ചിത്രങ്ങളിൽ യൂറോപ്പിലെ റിയലിസം സ്വാധീനം ചെലുത്തിത്തുടങ്ങി. ഇത് ഒരു ആധുനിക ശൈലിക്ക് തുടക്കം കുറിച്ചു. പേരുവയ്ക്കാത്ത ഒരു ചിത്രത്തിൽ (ഭജുമാൻ ചിത്രകാർ വരച്ചതെന്ന് കരുതപ്പെടുന്നു) ഒരു മുഴുവൻ സൈന്യത്തിന്റെ വിന്യാസവും താപ്പ ജനറലിനെയും വരച്ചതായി കണ്ടെടുത്തിട്ടുണ്ട്[2]. ഈ ചിത്രം പരമ്പരാഗത നേപ്പാളി ചിത്രകലാ ശൈലിയിൽ നിന്നും യൂറോപ്യൻ ശൈലിയിലേക്കുള്ള വലിയ വ്യതിയാനത്തിന്റെ സുപ്രധാനമായ ഉദാഹരണമായി പരിഗണിക്കപ്പെടുന്നു. എന്നാൽ സമീപകാലത്ത് കണ്ടെടുത്തിട്ടുള്ള രാജ് മാൻ സിങ്ങ് ചിത്രകാർ (1797-1865) അദ്ദേഹത്തിന്റെ രക്ഷാധികാരിയും ബ്രിട്ടീഷുകാരനുമായ ബ്രിയാൻ ഹോഗ്ടൺ ഹോഡ്ഗ്സണ്ണിനു വേണ്ടി വരച്ച ചിത്രങ്ങൾ ഭജുമാൻ ചിത്രകാർ വരച്ച ചിത്രങ്ങൾക്കു മുൻപേ നേപ്പാളി ശൈലിയിൽ പാശ്ചാത്യ ചിത്രരചനാശൈലി സ്വാധീനം ചെലുത്തിയതിന്റെ വ്യക്തമായ തെളിവുകളാണ്.[3]

7-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെയുള്ള നേപ്പാളി ചിത്രകല തിരുത്തുക

 
Kesh Chandra (A mythical character in the folklore in Kathmandu) and his sister; A picture dated 1223 AD

മിഥില ചിത്രകല നേപ്പാളിലെ മിഥില പ്രവിശ്യയിലും ഇന്ത്യയിലും പ്രയോഗത്തിലിരുന്ന ചിത്രരചനാ ശൈലിയാണ്. ഈ രചനാശൈലീ ഏഴാം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്നു. മിഥില ചിത്രകലയിൽ ചില്ലക്കൊമ്പുകളും കൈകളും ഉപയോഗിച്ചാണ് ചിത്രരചന നടത്തിയിരുന്നത്. പ്രകൃതിദത്തമായ ചായങ്ങളാണ് ഉപയോഗിച്ചിരുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന വസ്തുക്കളാണ് ചിത്രകലക്ക് വിഷയമായത്. സൂര്യൻ, ചന്ദ്രൻ, ദേവന്മാർ, ദേവതമാർ, പുരാണ കഥാസന്ദർഭങ്ങൾ, രാജദർബാർ, വിവാഹങ്ങൾ തുടങ്ങിയവയാണ് മിഥില ചിത്രകലയിലെ പ്രധാന വിഷയങ്ങളായിത്തീർന്നത്[4]. 12-ാം നൂറ്റാണ്ടിനോ അതിനുമുൻപോ മസ്താങ്ങ് പ്രവിശ്യയിലെ ഗുഹകളിൽ വരച്ചിട്ടുള്ള ബുദ്ധമത ചിത്രകല ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്[5].  ഇവയിലെ ശൈലി, രചനാരീതി, ഉപയോഗിച്ച ഉപകരണങ്ങൾ, വിഷയം എന്നിവയെല്ലാം ചിത്രകാരന്മാരനുസരിച്ച് വ്യത്യാസപ്പെടുന്നു. നേവാർ സമൂഹത്തിലെ ചിത്രകാരന്മാരാണ് ബുദ്ധകൈയെഴുത്തുപ്രതികളിലെ ചിത്രങ്ങളും പുസ്തകങ്ങളിലെ പുറംചട്ട ചിത്രങ്ങളും വസ്ത്രങ്ങളിലെ ദൈവീയ ചിത്രങ്ങളും എല്ലാം ചെയ്തത്.  നേവാറിലെ ചിത്രകാരന്മാർ അവരുടെ ചിത്രങ്ങളുടെ ഗുണനിലവാരത്തിനും പ്രയത്നത്തിനും ഏഷ്യയിലുടനീളം പ്രശംസിക്കപ്പെടുകയുണ്ടായി[1]. നേവാറിലെ ചിത്രകലാശൈലിയായ ബെരി ടിബറ്റിൽ വളരെ പ്രസിദ്ധമായിരുന്നു. 14-ാം നൂറ്റാണ്ടിൽ ബെരി ടിബറ്റിലെ ആഗോള ചിത്രരചനാശൈലിയായി തെരഞ്ഞെടുക്കപ്പെട്ടു.

1900 മുതൽ 1950 വരെയുള്ള നേപ്പാളി ചിത്രകല തിരുത്തുക

നേപ്പാളി ചിത്രകലയിൽ പ്രാധാന്യമേറിയ രീതിയിൽ പാശ്ചാത്യ സ്വാധീനം പ്രകടമാവുന്നത് തേജ് ബഹാദൂർ ചിത്രകാർ (1898-1971), ചന്ദ്ര മാൻ സിങ്ങ് മാസ്കി (1920 കളുടെ അവസാനം) എന്നിവരുടെ തിരിച്ചുവരവിനു ശേഷമാണ്. ഇവർ രണ്ടുപേരും ഗവൺമെന്റ് സ്ക്കൂൾ ഓഫ് ആർട്ട് കൽക്കട്ടയിൽ ചിത്രകല അഭ്യസിക്കാനായി ചേർന്നു. ജീവിതത്തെയും പ്രകൃതിയേയും നിരീക്ഷിച്ച് ചിത്ര രചന നടത്താനും വിവിധ നിറങ്ങളുടെയും നിറഭേദങ്ങളുടെയും നിഴലുകളുടെയും ഉപയോഗവും ഇവിടെനിന്നും ഇവർ അഭ്യസിച്ചു. കൂടാതെ ആധുനിക ചിത്രകലാ മാദ്ധ്യമങ്ങളായ എണ്ണച്ഛായം, ജലച്ഛായം, ചാർക്കോള്‌, പേസ്റ്റൽ മുതലായവയുപയോഗിക്കാൻ പഠിച്ചു[6]. ചന്ദ്ര മാൻ സിങ്ങ് മാസ്കിയുടെ അപൂർവ്വം രചനകൾ മാത്രമേ പൊതുജനങ്ങൾക്ക് കാണാനായി ലഭ്യമായിട്ടുള്ളു. 2004 ൽ "തേജ് ബഹാദൂർ ചിത്രകാർ - ഐക്കൺ ഓഫ് ട്രാൻസിഷൻ" എന്ന പുസ്തകം അദ്ദേഹത്തിന്റെ ഹെയ്ർ മദാൻ ചിത്രകാർ പ്രസിദ്ധീകരിച്ചു. 2005 ൽ സിദ്ധാർത്ഥ ആർട്ട് ഗാലറി "ഇമേജസ് ഓഫ് എ ലൈഫ് ടൈം -: എ ഹിസ്റ്റോറിക്കൽ പെഴ്സ്പെക്ടീവ് " എന്ന തേജ് ബഹാദൂർ ചിത്രകാറിന്റെ റെട്രോസ്പെക്ടീവ് സംഘടിപ്പിച്ചു[7]. ഇവ നേപ്പാളി ചിത്രകലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.  പാശ്ചാത്യ ശൈലിയിലുള്ള ചിത്രകലയും പരമ്പരാഗത നേപ്പാളി ശൈലിയിലുള്ള ചിത്രകലയും ഉപയോഗിക്കുന്നതിൽ തേജ് ബഹാദൂർ ചിത്രകാർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന വിവരങ്ങൾ വളർന്നുവരുന്ന അനേകം ചിത്രകാരന്മാരുമായി പങ്കുവയ്ക്കുന്നതിലും അദ്ദേഹം അർപ്പണമനോഭാവമുള്ള ഒരു നല്ല അദ്ധ്യാപകനായി പ്രവർത്തിച്ചു. തേജ് ബഹാദൂർ ചിത്രകാറിന്റെ കീഴിൽ അഭ്യസിച്ച ദിൽ ബഹാദൂർ ചിത്രകാർ വിവിധ ചിത്രകലാ മാദ്ധ്യമങ്ങളിൽ കഴിവുനേടി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന അമർ ചിത്രകാർ ജലച്ഛായത്തിൽ ഒരു അഗ്രഗണ്യനായ നേപ്പാളി ചിത്രകാരനായി മാറി.

1950 മുതൽ 1990 വരെയുള്ള നേപ്പാളി ചിത്രകല തിരുത്തുക

ലെയ്ൻ സിങ്ങ് ബാങ്ങ്ഡെൽ (1919-2002) ന്റെ വരവോടുകൂടിയാണ് നേപ്പാളിലെ ആധുനിക ചിത്രകലയുടെ ആരംഭം. 1950 നുശേഷം മാത്രം ആധുനിക ചിത്രകലാസങ്കേതങ്ങളെ സ്വീകരിക്കാൻ തയ്യാറായ ഒരു ചിത്രകലാസമൂഹത്തിലേക്ക് അദ്ദേഹം ആധുനിക ചിത്രകലാ രീതികൾ പരിചയപ്പെടുത്തി. മഹേന്ദ്ര രാജാവിന്റെ രക്ഷാകർത്വത്തിൽ ലെയ്ൻ സിങ്ങ് ബാങ്ങ്ഡെൽ നേപ്പാളി സമൂഹത്തിന് അമൂർത്തമായ ചിത്രകല പരിചയപ്പെടുത്തി. 1972 ൽ അദ്ദേഹം റോയൽ നേപ്പാൾ അക്കാദമിയിലെ അക്കാദമീഷ്യനായി ബിരേന്ദ്ര രാജാവ് നിയമിച്ചു.[8]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 Brown, Kathryn Selig. "Nepalese Painting". The Metropolitan Museum of Art. Retrieved 19 November 2017. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Met" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Tej Bahadur Chitrakar icon of transition by Madan Chitrakar 2004
  3. http://www.nhm.ac.uk/nature-online/art-nature-imaging/collections/art-themes/india/more/owl_more_info.htm
  4. Mathew, Soumya. "Madhubani art: Why painting is integral to women's existence". Indianexpress.com. Retrieved 19 November 2017.
  5. Mehta, Aalok (May 7, 2007). "Photo in the News: "Stunning" Buddha Art Found in Nepal Cliff". Nationalgeographic.com. Retrieved 19 November 2017.
  6. Tej Bahadur Chitrakar icon of transition by Mkadan Chitrakar 2004
  7. Images of a Lifetime--: A Historical Perspective, 20th November-5th December 2005, Siddhartha Art Gallery, 2005
  8. Lain Singh Bangdel
"https://ml.wikipedia.org/w/index.php?title=നേപ്പാളി_ചിത്രകല&oldid=3089184" എന്ന താളിൽനിന്ന് ശേഖരിച്ചത്