കൊച്ചിയിലെ യഹൂദസമൂഹത്തിൽ ജീവിച്ചിരുന്ന കബ്ബാലിസ്റ്റ് മിസ്റ്റിക്കും കവിയും ആയിരുന്നു നെഹമിയ ബെൻ അബ്രാഹം മോട്ടാ (Nehemiah Ben Abraham Mota) അഥവാ നാമിയാ മൂത്ത. 1570-കളിലെങ്ങോ യെമനിൽ ജനിച്ചതായി കരുതപ്പെടുന്ന നെഹമിയ, 1615-ൽ കൊച്ചിയിൽ മരിച്ചു. നെഹമിയായുടെ ജീവിതത്തെക്കുറിച്ച് ഏറെ വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹം യെമൻ സ്വദേശിയാണെന്നാണു ഭൂരിപക്ഷാഭിപ്രായമെങ്കിലും, യെമൻ വഴി കേരളത്തിലെത്തിയ ഇറ്റാലിയൻ യഹൂദനായും, പോളണ്ട് സ്വദേശിയായും അദ്ദേഹത്തെ കരുതുന്നവരുണ്ട്. മലബാറി യഹൂദസമൂഹത്തിലെ ഒരു സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തതായി പറയപ്പെടുന്നു. അദ്ദേഹത്തിനു 'സായിദി' എന്ന പേരിൽ ഒരു സഹോദരി ഉണ്ടായിരുന്നെന്നും, പോർത്തുഗീസുകാരും ഡച്ചുകാരും തമ്മിലുള്ള യുദ്ധത്തിൽ കേടുപറ്റിയ 'പരദേശി'-സിനഗോഗിന്റെ പുനർനിർമ്മിതിക്ക് അവർ ഗണ്യമായ സംഭാവന നൽകിയെന്നും പറയപ്പെടുന്നു. [1]

മട്ടാഞ്ചേരിയിൽ കടവുംഭാഗത്തെ മലബാറി യഹൂദസിമിത്തേരിയിലുള്ള 'നാമിയ-മൂത്ത'യുടെ കബറിടം, നാനാജാതിമതസ്ഥരായ സന്ദർശകരെ ആകർഷിക്കുന്നു. കൊച്ചിയിലെ 'പരദേശി' ജൂതസിമിത്തേരി ഇന്നോളം സംരക്ഷിക്കപ്പെടുന്നെങ്കിലും, 1957-ലെ ഭൂപരിഷ്കരണനിയമത്തെ തുടർന്ന്, 400 വർഷം പഴക്കമുള്ള 'മലബാറി' ജൂതസിമിത്തേരി പുറമ്പോക്കായി പരിഗണിക്കപ്പെട്ട് അതിക്രമിക്കപ്പെടുകയും കബറിടങ്ങൾക്കുമുകളിൽ കെട്ടിടങ്ങൾ നിലവിൽവരുകയും ചെയ്തു. 'ചക്കമാടം' എന്നറിയപ്പെടുന്ന കെട്ടിടസമുച്ചയം നിലനിൽക്കുന്നത് മലബാറിസിമിത്തേരിയുടെ സ്ഥാനത്താണ്. എങ്കിലും നെഹമിയാ ബെൻ അബ്രാഹമിന്റെ കബറിടം മാത്രം ഈ അതിക്രമത്തെ അതിജീവിച്ച്, ചക്കമാടത്തെ കെട്ടിടങ്ങൾക്കിടയിൽ നിലനിൽക്കുന്നു. കെട്ടിടം നിർമ്മിക്കാനായി കബറിടം പൊളിച്ചുമാറ്റാനൊരുങ്ങിയപ്പോൾ അതിൽ നിന്നു തീജ്വാലകൾ പുറപ്പെടുന്നതു കണ്ട്, അതിക്രമികൾ പിന്തിരിഞ്ഞു എന്ന കഥയും പ്രചാരത്തിലുണ്ട്.[1]

അനുസ്മരണം

തിരുത്തുക

മലബാറി, പരദേശി യഹൂദസമൂഹങ്ങളും ഇതരസമുദായക്കാരും നെഹമിയായെ പുണ്യപുരുഷനായി കരുതി ബഹുമാനിക്കുകയും കബറിടത്തിലെ പ്രാർത്ഥനവഴി അഭീഷ്ടങ്ങൾ സാധിക്കാമെന്നു കരുതുകയും ചെയ്യുന്നു. മലബാറി യഹൂദർ എട്ടുദിവസം നീണ്ടുനിൽക്കുന്ന ദേവാലയപുനപ്രതിഷ്ഠോത്സവമായ ഹനുക്കായുടെ ഒന്നാം ദിവസം, നെഹമിയായുടെ സ്മരണ കൊണ്ടാടുന്നു. പരദേശിജൂതരും ഇതരസമുദായക്കാരു ഈ അനുസ്മരണയിൽ പങ്കുചേരാറുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടെയുള്ളവർ, ബുദ്ധിമുട്ടുകളിൽ ആശ്വാസം അന്വേഷിച്ചുപോകുന്ന ഗ്രാമദേവതാസ്ഥാനമാണ് ഈ കബറിടം.[2]

നെഹമിയായുടെ കബറിടത്തോടു ചേർന്നുള്ള എബ്രായഭാഷാഫലകം അദ്ദേഹത്തെ ഇങ്ങനെ സ്മരിക്കുന്നു:-

വിലയിരുത്തൽ

തിരുത്തുക

യാഥാസ്ഥിതിക യഹൂദതയുടേതിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങളുള്ള കബ്ബാലിസ്റ്റ് സരണി പിന്തുടർന്ന നെഹമിയായെ, 1907-ലെ യഹൂദവിജ്ഞാനകോശം വിശേഷിപ്പിച്ചത്, കൊച്ചിയിലെ യഹൂദർക്കിടയിൽ നിന്നുവന്ന 'വ്യാജമിശിഹാ' (flase Messiah) എന്നാണ്. കൊച്ചിനി-യഹൂദരുടെ പ്രാർത്ഥനാഗാനങ്ങളുടെ സമാഹാരമായ ഷിംഗ്ലി മസോറിന്റെ (Shingly Mahzor) 1757-ലെ പതിപ്പിൽ നെഹമിയായുടെ 20 ഗീതങ്ങൾ ചേർത്തിരുന്നെങ്കിലും, 1769-ലെ പതിപ്പിൽ അവ നിക്കം ചെയ്യപ്പെട്ടു. ആധുനികകാലത്ത് ഇസ്രായേലിൽ പ്രസിദ്ധീകരിക്കപ്പെട്ട പതിപ്പുകളിൽ ഈ ഗീതങ്ങൾ പുനസ്ഥാപിക്കപ്പെട്ടു. [2]

  1. 1.0 1.1 Mystery of the Tombs, Priyadarshini S. - 2017 ജനുവരി 7-ലെ ഹിന്ദു മെട്രോ
  2. 2.0 2.1 2.2 Mota, Nehemia, Jewish Virtual Library-യിലെ ലേഖനം