ഒരു പുരാതന മെസൊപ്പൊട്ടേമിയൻ നഗരമാണ് നിപൂർ. പുരാതന നിപൂർ നഗരപ്രദേശത്താണ് ഇപ്പോൾ ആധുനിക നിഫർ (നൂഫർ) [Niffer (Nuffar)] നഗരം സ്ഥിതിചെയ്യുന്നത്. ബാഗ്ദാദിന് 160 കിലോമീറ്റർ തെക്കു കിഴക്കാണ് നിഫർ നഗരത്തിന്റെ സ്ഥാനം. ബാബിലോണിന് അല്പം തെക്ക് കിഴക്കായി യൂഫ്രട്ടീസ് നദിക്കരയിലായിരുന്നു ഏറെ പരിപാവനത കല്പിക്കപ്പെട്ടിരുന്ന പുരാതന നിപൂർനഗരം സ്ഥിതിചെയ്തിരുന്നത്. പുരാതന മെസൊപ്പൊട്ടേമിയയുടെ മത-സാംസ്കാരിക മേഖലകളിലേക്ക് വെളിച്ചം വീശുന്ന ധാരാളം പുരാവസ്തുക്കൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. നദിയുടെ എക്കൽത്തടത്തിൽ ഉയർന്നു നിൽക്കുന്ന ചെറുകുന്നുകൾ പോലെയാണ് നഗരാവശിഷ്ടങ്ങൾ കാണപ്പെടുന്നത്. 1889 മുതൽ ഇവിടെ പുരാവസ്തു ഗവേഷണങ്ങൾ ആരംഭിച്ചു. പെൻസിൽവാനിയ സർവകലാശാലയും ഷിക്കാഗോ സർവകലാശാലയുമാണ് ഈ ഗവേണഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

നഗരവത്കരണംതിരുത്തുക

മെസൊപ്പൊട്ടേമിയയിൽ നഗരവത്കരണം ആരംഭിച്ചകാലം മുതൽതന്നെ നിപൂർ നഗരത്തിന് ഒരു മതകേന്ദ്രമെന്നനിലയിൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയിരുന്നു. ബി.സി. 17-ആം നൂറ്റാണ്ടുവരെയും നഗരത്തിന് ഈ പ്രാധാന്യം നിലനിർത്താനായി എന്നാണ് പുരാരേഖകൾ വ്യക്തമാക്കുന്നത്. നഗര രാഷ്ട്രങ്ങൾ നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ ഉറുക് (Uruk), ഉർ (Ur), അക്കാദ് (Akkad), ഇസിൻ (Isin), ലാർസ (Larsa) തുടങ്ങിയ നഗര രാഷ്ട്രങ്ങളായിരുന്നു മാറി മാറി നിപൂർ നഗരത്തിനുമേൽ ആധിപത്യം നേടിയത്. ബി.സി. 14-ആം നൂറ്റാണ്ടിൽ കൊടുങ്കാറ്റിന്റെ ദേവനായി സങ്കല്പിക്കപ്പെടുന്ന എൻലിലി(Enlil)ന്റെ ആസ്ഥാനം ഈ നഗരമായിരുന്നു.

നിപൂർ നഗരംതിരുത്തുക

പുരാതന നിപൂർ നഗരത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഒഴുകിയിരുന്ന തോടിന്റെ അവശിഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്തുകാണാം. നഗരത്തിന്റെ പൂർവഭാഗമാണ് പുരാവസ്തുഗവേഷകർ കൂടുതൽ പഠനവിധേയമാക്കിയത്. ദേവാലയങ്ങളും അനുബന്ധമന്ദിരങ്ങളും ഈ ഭാഗത്തായി സ്ഥിതി ചെയ്തിരുന്നു. ഇതിൽ എൻലിലിന്റെ ദേവാലയമായ ഇ-കുർ (E-Kur), എൻലിലി(Enlil)ന്റെ സഹചാരിയായിരുന്ന നിൻലിലി(Ninlil)ന്റെ ദേവാലയമായ ഇ-കി-ഉർ (E-Ki-Ur) എന്നിവയാണ് പ്രത്യേക പരാമർശമർഹിക്കുന്നത്. നഗരത്തിന്റെ പശ്ചിമ ഭാഗത്തുനിന്നും നിരവധി വാണിജ്യരേഖകൾ കണ്ടെടുത്തിട്ടുണ്ട്.

നിപൂർ നഗരത്തിന്റെ നാശംതിരുത്തുക

ബി.സി. ഏഴാം നൂറ്റാണ്ടിൽ അസീറിയൻ രാജാവായ ആഷുർബാനിപാൽ (Ashurbanipal) എൻലിലിന്റെ ദേവാലയം പുതുക്കിപ്പണിതു. പിന്നീട് ക്രമേണ നിപൂർ നഗരം ക്ഷയിച്ചുതുടങ്ങി. പാർഥിയൻ കാലഘട്ടത്തിൽ എൻലിൻ ദേവാലയപ്രദേശത്ത് ഒരു കോട്ട നിലനിന്നിരുന്നു. 1258-ൽ മംഗോളിയർ ഈ പ്രദേശം ആക്രമിച്ചു കൊള്ളയടിച്ചപ്പോഴോ, അതിനു മുൻപോ ആകാം ഈ നഗരം പൂർണമായി ഉപേക്ഷിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിപൂർ&oldid=1691859" എന്ന താളിൽനിന്ന് ശേഖരിച്ചത്