ശബരിമലയിൽ പള്ളിവേട്ടനാൾ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ്‌ നായാട്ടുവിളി.എരുമേലി കൊച്ചമ്പലം നിർമ്മിച്ച "പുത്തൻ‌വീട്" എന്ന വെള്ളാളകുടുംബത്തിനാണ്‌ ഈ അനുഷ്ഠാനം നടത്താനുള്ള അവകാശം. അയ്യപ്പനെ എഴുന്നേള്ളിച്ച്‌ ആലിഞ്ചുവട്ടിൽ നിർത്തുന്നു. അനുയായികൾ ഓരോ വരി കഴിയുമ്പോഴും "ഊഹായ്‌" എന്നു ശബ്ദം ഉണ്ടാക്കും. അയ്യപ്പൻ നായാട്ടിനു പോയപ്പോൾ അനുയായികൾ മുൻപേ നടന്ന്‌ കാടിളക്കിയതിൻറെ അനുസ്മരണയാണ്‌ നായാട്ടുവിളീ. നായാട്ടുവിളിക്കാൻ അവകാശമുള്ള ആൾ താഴെപ്പറയുന്ന പാട്ട്‌ ചൊല്ലുന്നു:

"ഇന്നു ഞാൻ സഭയിൽ നിന്നൊന്നു ചൊല്ലുവാനായി
മഹാസഭയോരുമടങ്ങി നിന്നു കേട്ടുകൊള്ളുവിൻ.
അഴകിനൊടു ഗണപതിയും വാണിമാതും
ഗുരുക്കന്മാരും ശാസ്താവും തുണച്ചെനിക്ക്‌
പരിചിനൊടു നിലവയ്യന്റെ കഥകളിൽ കുറേച്ചൊൽ‌വൻ.
പൂമകൾ കാന്തൻ പണ്ട് മോഹിനീവേഷം പൂണ്ട്‌
ശൂർപ്പകൻ തന്നെ കൊന്ന് അത്തൽ തീർത്തെന്നു കണ്ടീശൻ
അച്യുതൻ തന്നെക്കണ്ടു ചൊന്നാനീവണ്ണം.
ദുഷ്ടനാം അസുരൻ തന്നെ കൊന്നോരു വേഷം കാണ്മാൻ
എത്തിനാനുമയോടപ്പോൾ വൈകരുതിങ്ങുവേഗാൽ.
പൂമകൾകാന്തനപ്പോൾ പുഞ്ചിരി തൂകിച്ചൊന്നാൻ .
മങ്കയാർ‌ മണി ഗൗരി തന്നോടെതിരില്ലാരെന്നും
കേട്ടുടൻ കോപമോടെ ഈശനും പാർവതിയുമായി
പേർത്തുടൻ കൈലാസത്തിങ്കൽ കന്നിമേലേറിപ്പോകുമ്പോൾ
മാർഗ്ഗമാമുദ്യാനത്തിൽ സുന്ദരീവേഷം കണ്ട്‌ പാർ‌വ്വതിയെ
വെടിഞ്ഞീശൻ മോഹിനിയെ മെയ്പുണർന്നു.
ആക്കാലം മോഹിനിക്കുദരേ ഗർഭംനിന്നു,നാണവും പൂണ്ട്‌
മാധവൻ ഈശനുമായി ചേർന്ന്നിന്നപ്പോൾ
തികഞ്ഞൂ ഗർഭം,ശനിയാഴ്ച ഉത്തിരം നാൾ ദക്ഷിണ
തുടപിളർന്നു ഹരിഹരസുതനുണ്ടായി.
അയ്യനെന്നുള്ള നാമം പയ്യവേ വിളി തുടങ്ങി
ഒരാണ്ടാമിയായി,മൂവണ്ടിൽ മുടിയിറക്കി.
അയ്യാണ്ടിൽ കാതു കുത്തി
ഏഴാകും തിരുവയസ്സിൽ എഴുത്തിനായി പള്ളിപുക്ക്‌
പന്തിരണ്ടിൽ അസ്ത്രശസ്ത്രാദിവിദ്യകളും ചൂതോടു ചതുരംഗാദികളും
തെളിഞ്ഞ്കൊണ്ടു പതിനാറാകും തിരുവയസ്സിൽ
പാണ്ടിയനെ സേവുകത്തിനായി കൈപിടിച്ചു താനും.
തൻ‌ ശേവുകൻ‌മാർ ആറുനൂറായിരത്തിനേയും
മുന്നിൽ അകമ്പടിയായിക്കൊണ്ട്‌ പാണ്ടിനാട്ടിലെഴുന്നെള്ളി പാണ്ടിയൻ തന്നെ കണ്ടൂ

അക്കാലം പാണ്ടിയൻ തൻ ഭൃത്യന്മാർ ചൊല്ലുകേട്ട്‌
പെരുംദേവി നോവു നൊന്ത്‌ തീർക്കേണമാപത്തിങ്കൽ
വരുത്തേണം പുലിപ്പാലെന്ന്‌ വൈദ്യന്മാർ ചൊല്ലു കേട്ട്‌
പുതുമലയാളശേവുകരെ വിളിച്ച്‌ ആസ്ഥയാചെന്നു കാര്യം കേട്ടുടൻ
ഭൂതനാഥൻ പരിഭവമകമേവച്ച്‌ നായ്ക്കളും വേടരുമായ്‌ അടുത്തുടൻ
വനത്തിൽ പുക്ക് വൻ‌പെഴും കരടി ചെന്നായ്‌ പന്നിയേയും
കേഴകൊന്ന്‌ വരുമൊരു മലയർക്കെല്ലാം ചിതമൊടു കൊടുത്തു വേഗാൽ
പുലിയുടെ ചുവടു നോക്കി പുറ്റിന്മേൽ കേറി നിന്ന്‌ ചുറ്റുമേ നോക്കുന്നേരം
അങ്ങൊരു പാറമേൽ പുലികണ്ടയ്യൻ തെറ്റെന്നോടിച്ചെന്നു പുലികളെ
കയറുമിട്ടു അറ്റമില്ലാതെ വേഗാൽ ഹരിഹരസുതനും തൻ നായ്ക്കളെ ചുറ്റുമാക്കി
പെൺ‌പുലി മുകളേറി മുന്നറിയിച്ചു കിടങ്ങളേയും കൊണ്ട്‌ തെരുവതു നടുവിൽ കൂടി
വരുന്നതു കണ്ടനേരം ഇളകിനാർ വീടുവിട്ടൂ ധനങ്ങളും എടുപ്പിച്ചും കൊണ്ട്‌
ഇടെയിവിടെയുണ്ടാം പുതുമകൾ പറവതല്ല പുലികളും കൂട്ടമോടെ പാണ്ടിയൻ മുന്നിലപ്പോൾ
നിറനിറെക്കണ്ട നേരം അറമുറനിലവിളികളോടങ്ങറകട്ടിലകത്ത് പുക്ക് പെരുവഴി
നാടുകളും നൽകിനാൻ പാണ്ടിയൻ താൻ അവനിപതിയായ്‌ വാഴ്കെന്നും പലവരും ചൊന്നശേഷം
ഭീതിയും തീർന്നു വശാൽ ശബരിമലകളിലയ്യൻ കേരളൻ കുടികൊണ്ടപ്പോൾ
തൈമാസമാദി നാളീൽ പലപല നിയമമോടേ ലോകരും വന്നുനിന്നു ഹരിഹരസുതനെ കൂപ്പിയിട്ടരിയശേഷം
മലയോടുവേഗാൽ പരിചൊടു കാണിക്കവെച്ചിട്ടവർകളും പോയശേഷം മലയൊടുകൂടി വേഗാൽ
വണ്മയിലാജ്ജയോടെ താനും തൻ ശേവുകന്മാരറുനൂറായിരത്തിനും ചേരമാൻ പെരുമാൾ തനിക്കും
മറ്റൂഴിയിലുള്ളവർക്കും സകലകുലദൈവമായിരിക്കും കാശി രാമേശ്വരം പാണ്ടിമലയാളമടച്ചു വാഴും
നമ്മുടെ ശബരിമല ശാസ്താവ്‌ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

http://www.youtube.com/watch?v=s3MgX9D63qQ

"https://ml.wikipedia.org/w/index.php?title=നായാട്ടുവിളി&oldid=4116383" എന്ന താളിൽനിന്ന് ശേഖരിച്ചത്