നാടൻ പന്തുകളി
തുകൽകൊണ്ട് ഉണ്ടാക്കിയ പന്താണ് സാധാരണ ഉപയോഗിക്കുക. എണ്ണം പറഞ്ഞ് കൈകൊണ്ട് പന്ത് വെട്ടുകയും കാൽകൊണ്ട് അടിച്ചുമാണ് കളിക്കുന്നത്. പന്ത് എതിർടീമിൻറെ അതിർത്തിക്കപ്പുറത്തേക്ക് അടിച്ചുകളഞ്ഞാണ് എണ്ണം അഥവാ പോയിന്റ് നേടുന്നത്. നാട്ടിൻപുറങ്ങളിൽനിന്നും അന്യംനിന്നു പോകുമായികുന്ന നാടൻ പന്തുകളി ഇപ്പോൾ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോൾ ഫെഡറേഷൻ, നാടൻപന്തുകളി സ്നേഹികൾ ഓർഗനൈസേഷൻ(NPSO) എന്നീ സംഘടനകൾ രൂപീകരിക്കപ്പെട്ടതിനുശേഷം എല്ലാ വർഷവും വിവിധ സ്ഥലങ്ങളിൽ നാടൻ പന്തുകളി ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. ഇതുമൂലം ടീമുകൾക്കും കളിക്കാർക്കും കൂടുതൽ പ്രഫഷണലിസം കൈവന്നിട്ടുണ്ട്. നാടൻ പന്തുകളിക്ക് സംസ്ഥാന കായിക വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ട ശ്രമങ്ങൾ നടന്നുവരികയാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാട്ടിൻപുറത്തെ ഗ്രൗണ്ടുകളിലും,കൊയ്ത്തൊഴിഞ്ഞ പാടത്തും മെറ്റ് സൗകര്യമില്ലാത്തവർ വാഹനത്തിരക്കില്ലാത്ത നാട്ടുവഴികളിലും മറ്റുമായാണ് ഇതു കളിക്കുക. ആറുമാനൂർ,മണർകാട്, പാമ്പാടി, മീനടം, പുതുപ്പള്ളി, എസ്എൻപുരം, പങ്ങട, വാകത്താനം, പനയ്ക്കപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നാടൻ പന്തുകളി മത്സരങ്ങൾ ടൂർണമെന്റായി തന്നെ സംഘടിപ്പിക്കാറുണ്ട്.
ചരിത്രം
തിരുത്തുകപന്തിന്റെ പ്രത്യേകത
തിരുത്തുകചടച്ച ചക്രംപോലെ പ്രത്യേക ആകൃതിയിലുള്ള പന്താണ് ഈ കളിക്കുപയോഗിക്കുക. കുട്ടികൾ കളിക്കുമ്പോൾ പലപ്പോഴും തുണിപ്പന്താവും ഉപയോഗിക്കുക. നീളത്തിൽ കീറിയ തുണി വട്ടത്തിൽ ചുറ്റി, ഓരോ ചുറ്റിലും റബ്ബർപാലിൽ മുക്കി ഒട്ടിച്ചാണ് ഇതിനാവശ്യമായ പന്തു തയ്യാർ ചെയ്യുക. നനവോടെ തന്നെ മൺതരികളിൽ ഇട്ടുരുട്ടി ബലം നൽകും. അതേ സമയം മത്സരങ്ങളിലും മറ്റും രണ്ടു പകുതിയായി കൂട്ടിത്തൈച്ച തോൽപ്പന്താണ് ഉപയോഗിക്കുന്നത്. സാധാരണ പന്തുകൾ മൊത്തത്തിൽ ഉരുണ്ടിട്ടാണെങ്കിൽ, നാടൻ പന്തുകളിക്ക് ഉപയോഗിക്കുന്ന പന്ത് ഉഴുന്നുവടയുടെ ആകൃതിയിൽ (നടുക്കു തുളയുണ്ടാവില്ല) പരന്നിട്ടാവും.
കളിനിയമം
തിരുത്തുകരണ്ടു ടീമായോ ഓരോരുത്തർ എതിരാളികളായോ ഈ കളി കളിക്കാം. പന്ത് എണ്ണംപറഞ്ഞു വെട്ടിയാണ് കളിക്കുക. ഇരുവിഭാഗം കളിക്കാർ കളം തിരിഞ്ഞ് മുന്നിലും പിന്നിലുമായാവും നിൽക്കുക. മദ്ധ്യഭാഗത്തോട് അടുപ്പിച്ചു നിൽക്കുന്ന കളിക്കാരനെ പിടുത്തക്കാരൻ എന്നാണു പറയുക. വെട്ടുമ്പോൾ പന്തുനിലം തൊട്ടാൽ പിന്നെ കാലുകൊണ്ടേ കളിക്കാനാവൂ. കൈ തൊടാൻ പാടില്ല. അതേ സമയം ഉയർത്തിവെട്ടിയാൽ എതിർ ടീമിന് വായുവിൽ വച്ചു പന്തുപിടിക്കാം. അങ്ങനെ പിടിച്ചാൽ വെട്ടിയ ടീമിന്റെ ആ വെട്ടു പോയി. അതേ ടീമിലെ അടുത്ത കളിക്കാരന്റെ ഊഴമായി. അങ്ങനെ ഒരു ടീമിന്റെ വെട്ടു മുഴുക്കെ തീർന്നാലാണ് അടുത്ത ടീം കളി തുടങ്ങുക. വെട്ടുന്ന ടീം എതിർ ടീമിന്റെ കളം കവിച്ച് പന്തു തൊഴിച്ചാൽ ഒരെണ്ണം കിട്ടും. കളംകവിക്കുക എന്നാൽ എതിർവശത്തെ അതിർത്തി കടത്തുക എന്നാണ് അർത്ഥം. അപ്പോൾ അതേയാൾക്ക് അടുത്ത എണ്ണം വെട്ടാം. അതേ സമയം എതിർ ടീമാണ് പന്തുതൊഴിച്ച് കളം കവിക്കുന്നതെങ്കിൽ വെട്ടുന്ന ടീമിന്റെ ആ വെട്ടു നഷ്ടപ്പെടും. പന്തു തൊഴിക്കുമ്പോൾ ഉയർന്നുപൊങ്ങിയാലും പിടിക്കാം. അങ്ങനെ പിടിച്ചാൽ പിടിക്കുന്നിടത്തു നിന്ന് വെട്ടി കളംകവിക്കാൻ നോക്കണം. പറ്റിയില്ലെങ്കിൽ കളി തുടരും. അതേ സമയം കളത്തിന്റെ വശത്തെ അതിരുകളിലേക്കു പന്ത് അടിച്ചിട്ടാൽ ഏതു ടീമാണോ അടിച്ചിടുന്നത്, മറു ടീമിന് ഒരു തോണ്ടൽ കിട്ടും. വശത്തെ അതിരു കവിയുന്ന പോയിന്റിൽ നിന്ന് പന്ത് കാലുവച്ച് തോണ്ടിയെറിയാം. വിദഗ്ദ്ധരായ കളിക്കാർ പന്ത് ഒട്ടും ഉയരാതെ തന്നെ അതിവേഗത്തിൽ കളത്തിൽതൊട്ട് പന്തുതോണ്ടും. അതേ സമയം തോണ്ടുമ്പോൾ പന്ത് പൊങ്ങാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ എതിർ ടീമിന് പന്തു പിടിക്കാനാകും.
പെരുക്കങ്ങൾ
തിരുത്തുകഒറ്റ, പെട്ട, പിടിയൻ, താളം, കീഴ്, ഇണ്ടൻ എന്നിങ്ങനെയാണ് പെരുക്കങ്ങൾ. ഓരോ പെരുക്കത്തിലും ഒറ്റയൊന്ന്, ഒറ്റരണ്ട്, ഒറ്റ മൂന്ന് എന്നിങ്ങനെ മൂന്നെണ്ണം വീതമുണ്ട്. ഒരു കൈകൊണ്ടു പന്തുപിടിച്ച് വായുവിലിട്ട് അതേ കൈ നിവർത്തി പന്തിനിട്ട് അടിക്കുന്നതാണ് ഒറ്റ. അങ്ങനെ മൂന്ന് ഒറ്റ പൂർത്തീകരിച്ചാൽ പെട്ട ഒന്നായി. ഒരു കൈകൊണ്ടു പന്തുപിടിച്ച് വായുവിലിട്ട് മറുകൈകൊണ്ടാണ് അടിക്കേണ്ടത്. മൂന്നു പെട്ട കഴിഞ്ഞാൽ പിടിയൻ ഒന്ന്. ഒരു കൈ പുറകിൽ വച്ച്, മറുകൈയിൽ പിടിച്ച പന്ത് അതേ കൈയാൽ വായുവിലിട്ട് അതേ കൈകൊണ്ട് അടിച്ചു തെറുപ്പിക്കുന്നതാണു പിടിയൻ. മൂന്നു പിടിയൻ കഴിഞ്ഞാൽ താളം ഒന്ന്. ഒരു കൈയിൽ പിടിച്ച പന്തു വിട്ട്, അതേ കൈയാൽ തുടയിൽ താളം തല്ലി, പന്തു നിലംതൊടുംമുന്നേ അതേ കൈകൊണ്ട് അടിക്കുന്നതാണു താളം. മൂന്നു താളം കഴിഞ്ഞാൽ കീഴ് ഒന്ന്. ഒരു കാലുപൊക്കി അതിനടിയിലൂടെ ഒരു കൈയിലിരിക്കുന്ന പന്തു മുകളിലേക്കെറിഞ്ഞ് കാലു താഴ്ത്തിയ ശേഷം അതേ കൈകൊണ്ടു പന്തു വെട്ടണം. മൂന്നു കീഴ് കഴിഞ്ഞാൽ ഇണ്ടൻ ഒന്ന്. കൈയിൽ നിന്നു താഴേക്കിടുന്ന പന്തു നിലംതൊടുംമുന്നേ കാലുവച്ച് വെട്ടണം. മൂന്ന് ഇണ്ടൻ ആയാൽ ഒരു ചക്കരയായി. അതോടെ ആ ടീമിന്റെ ആദ്യ ഊഴം തീർന്നു. അടുത്ത ടീമിന്റെയും ഊഴം തീർന്നാൽ മാത്രമേ, രണ്ടാമത്തെ ചക്കരയിലേക്കു പോകാനാവൂ.
ചക്കര
തിരുത്തുകഒരു ചക്കര എന്നാൽ കളിയുടെ ഒരു റൗണ്ടാണ്. പരമാവധി മൂന്നു ചക്കരയൊക്കെയാണ് ഒരു കളി കളിക്കുക. സ്വന്തം വെട്ട് പരമാവധി ചക്കരയിലെത്തിക്കയും എതിർ ടീമിനെ അതിനു മുന്നേ പൂർണ്ണമായും പുറത്താക്കുകയും ചെയ്യുകയാണ് കളി ജയിക്കാനുള്ള മാർഗ്ഗം. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും വെട്ട് ഒരു കളത്തിൽ നിന്നാവും. ഇതിനായി ആദ്യം വെട്ടുന്ന ടീമിന്റെ ഊഴം തീരുമ്പോൾ കളം വച്ചുമാറും. ഭൂമിയുടെ ചെരിവും കാറ്റിന്റെ ആനുകൂല്യവും ഒരു ടീമിനെ അമിതമായി സഹായിക്കാതിരിക്കാനാണ്, ഈ മുൻകരുതൽ. ഓലപ്പന്ത് ഉപയോഗിച്ചു കളിക്കുന്ന തലപ്പന്തുകളിയിൽ നിന്നും വ്യത്യസ്തമാണ് ഈ കളി. ഓലപ്പന്തിനെ അപേക്ഷിച്ച് ഉറപ്പുള്ള പന്താണ് ഇതിൽ ഉപയോഗിക്കുന്നത്. കായികാധ്വാനവും അതിനേക്കാൾ ഏറും.