ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത (Masonry ) അണക്കെട്ടാണ് ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ അണക്കെട്ട്. ഹൈദരാബാദിൽ നിന്നും 150 കി.മീ. അകലെയുള്ള നാഗാർജുനസാഗർ കൃഷ്ണാനദിയിലാണ് നിർമിച്ചിട്ടുള്ളത്. പൗരാണികകാലത്ത് വിജയപുരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം, എ.ഡി. രണ്ടാം നൂറ്റാണ്ടിൽ അവിടെ ജീവിച്ചിരുന്ന നാഗാർജുന എന്ന ബുദ്ധസന്ന്യാസിയുടെ കാലശേഷം നാഗാർജുനസാഗർ എന്നറിയപ്പെട്ടു തുടങ്ങി.

നാഗാർജുനസാഗർ അണക്കെട്ട്
നിർദ്ദേശാങ്കം16°36′N 79°20′E / 16.600°N 79.333°E / 16.600; 79.333
നിർമ്മാണച്ചിലവ്1300 കോടി രൂപ

നിർമ്മാണം

തിരുത്തുക

മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നും ഉദ്ഭവിക്കുന്ന കൃഷ്ണാനദിയിലെ ജലത്തെ ഉപയോഗപ്പെടുത്താൻ പര്യാപ്തമായ സംവിധാനങ്ങളൊന്നും 20-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. 1903-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്നത്തെ ആന്ധ്രപ്രദേശ് ഭാഗത്ത് ഒരു അണക്കെട്ട് നിർമ്മിക്കാനുള്ള ആദ്യ നിർദ്ദേശം ഉണ്ടായെങ്കിലും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താനാകാതെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1952-ൽ ഖോസ്ലാ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക സാധ്യതാപ്രദേശങ്ങളിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചു. 1953-ൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകൃതമാവുകയും അണക്കെട്ടിന് അനുയോജ്യമായ നാഗാർജുനസാഗർ എന്ന സ്ഥലത്തെക്കുറിച്ച് ആന്ധ്രസർക്കാർ റിപ്പോർട്ട് നൽകുകയും ചെയ്തു.

1955 ഡിസംബർ 10-ന് തറക്കല്ലിട്ടെങ്കിലും 1966 ഫെബ്രുവരിയോടെ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ആവശ്യമായ പദ്ധതി മൂലധനത്തിന്റെയും ആധുനിക ഉപകരണ സംവിധാനങ്ങളുടെയും അപര്യാപ്തതമൂലം അണക്കെട്ട് നിർമ്മാണത്തിൽ കോൺക്രീറ്റിനു പകരം കരിങ്കല്ലുകളാണ് ഉപയോഗിച്ചത്. അടുത്ത പ്രദേശത്തുള്ള സുങ്കേസുലാ (Sunkesula) ക്വാറികളിൽനിന്നുമായിരുന്നു കല്ലുകൾ ശേഖരിച്ചത്. പദ്ധതിക്കാവശ്യമായ സിമന്റ് നിർമ്മിക്കാൻ മക്കേർലയിൽ ഒരു സിമന്റ് ഫാക്ടറിയും, പ്രസ്തുത ഫാക്ടറിയെ പദ്ധതിപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽപ്പാളവും സ്ഥാപിക്കപ്പെട്ടു. 1969-ൽ നിർമ്മാണം പൂർത്തിയായ അണക്കെട്ട് 1972-ൽ പ്രവർത്തനക്ഷമമായി. ഏകദേശം 1300 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. 70,000-ത്തോളം തൊഴിലാളികൾ 13 വർഷക്കാലം നിരന്തരം കഠിനാധ്വാനം ചെയ്ത ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 160-ലധികം ആളുകൾ മരണമടഞ്ഞു. 52 ഗ്രാമങ്ങളിലെ 24,000-ത്തോളം ജനങ്ങളുടെ ജീവിതരീതിയെ അണക്കെട്ടിലെ ജലനിരപ്പ് പ്രതികൂലമായി ബാധിച്ചു. ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ 1967-ൽ പൂർത്തിയായി.

അണക്കെട്ടിന്റെ ആകെ നീളം 4864 മീറ്റർ. ഇതിൽ കരിങ്കൽ ഭിത്തി 1450 മീറ്ററും ബാക്കി 3414 മീറ്റർ മണ്ണ് കൊണ്ട് നിർമിതവുമാണ്. 124 മീറ്റർ ഉയരമുള്ള അണക്കെട്ടിന്റെ ജലസംഭരണശേഷി ഏകദേശം 11,472 ദശലക്ഷം ഘനമീറ്ററാണ്. ഇതിൽ നിന്നുള്ള വെള്ളം 203 കിലോമീറ്റർ നീളമുള്ള ജവഹർ കനാലിലൂടെയും, 295 കിലോമീറ്റർ നീളമുള്ള ലാൽ ബഹദൂർ ശാസ്ത്രി കനാലിലൂടെയും പുറത്തേക്ക് വരുന്നു. ഇവയിലൂടെ യഥാക്രമം 1.113 ദശലക്ഷം ഏക്കർ സ്ഥലത്തും, 1.03 ദശലക്ഷം ഏക്കർ സ്ഥലത്തും കൃഷിക്കനുയോജ്യമായ ജലമെത്തിക്കാൻ കഴിയുന്നു. നാൽഗൊണ്ട, പ്രകാശം, ഖമ്മം, ഗുണ്ടൂർ, കൃഷ്ണ എന്നീ ജില്ലകളിലെ കൃഷി ഈ ജലത്തെ ആശ്രയിച്ചാണ്. എട്ട് യൂണിറ്റുകളിൽ നിന്നായി 815.6 മെഗാവാട്ട് വൈദ്യുതോർജമാണ് ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്നത്.

ഇന്ന് നാഗാർജുനസാഗർ ആന്ധ്രപ്രദേശിലെ പ്രധാന വിനോദസഞ്ചാര/ബുദ്ധമത തീർഥാടന മേഖലകൂടിയാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗാർജുനസാഗർ അണക്കെട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക