പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാമ്പാണ് നാഗത്താൻ പാമ്പ് (ശാസ്ത്രീയനാമം: Chrysopelea ornata). പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേര് കൂടിയുണ്ട്. പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്വം കല്പ്പിക്കാറുണ്ട്.

നാഗത്താൻപാമ്പ്
(Chrysopelea ornata)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
C. ornata
Binomial name
Chrysopelea ornata
(Shaw, 1802)
നാഗത്താൻപാമ്പിന്റെ തല

നാഗത്താൻ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകൾ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകൾ തുടർച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകൾക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളിൽ മഞ്ഞനിറത്തിലുള്ള പുള്ളികൾ കാണപ്പെടാറുണ്ട്. മരം കയറാൻ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാർശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകൾക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയിൽ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകൾക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായിൽ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.

നാഗത്താൻ പാമ്പുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കുവാൻ കഴിയും. വളരെ ഉയരമുള്ള മരക്കൊമ്പിൽനിന്നുപോലും ഇവ എടുത്തു ചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാൽ പാമ്പ് പറക്കുകയാണെന്നു തോന്നും. ചാടുമ്പോൾ ഇവ വാരിയെല്ലുകൾ വികസിപ്പിച്ചശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ച് ശരീരം ഒരു ചെറിയ ഗ്ളൈഡർ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്ക് വീഴാതെ രക്ഷപെടുകയും ചെയ്യുന്നു. അതിനാൽ ഇത് 'പറക്കും പാമ്പ്' (Flying Snake) എന്നും അറിയപ്പെടുന്നു.

തവളകൾ, പല്ലികൾ, ഓന്തുകൾ, ചെറുപക്ഷികൾ, അവയുടെ മുട്ടകൾ, പ്രാണികൾ തുടങ്ങിയവയാണ് നാഗത്താൻ പാമ്പുകളുടെ ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ഫെബ്രുവരി-മാർച്ച് മാസങ്ങളാണ് പ്രജനനകാലം. പെൺപാമ്പ് 6 മുതൽ 12 വരെ മുട്ടകൾ ഇടുന്നു.

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നും

അധിക വായനയ്ക്ക്

തിരുത്തുക
  • Boulenger, George A. 1890, The Fauna of British India, Including Ceylon and Burma. Reptilia and Batrachia. Taylor & Francis, London, xviii, 541 pp.
  • Daniels,J.C. 2002 The Book of Indian Reptiles and Amphibians, BNHS & Oxford University Press, Mumbai.</ref>
  • Smith, M.A. 1943. The Fauna of British India, Ceylon and Burma, Including the Whole of the Indo-Chinese Sub-Region. Reptilia and Amphibia. Vol 3 (Serpentes). Taylor and Francis, London. 583 pp.
  • Shaw, George 1802. General Zoology, or Systematic Natural History. Vol.3, part 1 + 2. G. Kearsley, Thomas Davison, London: 313-615

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗത്താൻപാമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഗത്താൻപാമ്പ്&oldid=4022745" എന്ന താളിൽനിന്ന് ശേഖരിച്ചത്