അസ്പരാഗേസീ (Asparagaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധസസ്യമാണ് നരിവെങ്കായം. (ശാസ്ത്രീയനാമം: Drimia indica). കാടുകളിൽ സാധാരണയായി കാണപ്പെടുന്നതുകൊണ്ട് കാട്ടുള്ളി എന്നും ഇത് അറിയപ്പെടുന്നു. ആകർഷകമായ പുഷ്പങ്ങളുള്ളതിനാൽ ഇത് പൂന്തോട്ടങ്ങളിൽ നട്ടുവളർത്താറുണ്ട്.

നരിവെങ്കായം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
D indica
Binomial name
Drimia indica
(Roxb.) Jessop

ബഹുവർഷി സസ്യം തിരുത്തുക

75 സെ.മീറ്ററോളം ഉയരത്തിൽ വളരുന്ന ബഹുവർഷി സസ്യമാണ് നരിവെങ്കായം. വർഷംതോറും സസ്യത്തിന്റെ മണ്ണിനുമുകളിലുള്ള ഭാഗങ്ങൾ നശിച്ചുപോകുമെങ്കിലും പ്രകന്ദം മണ്ണിനടിയിൽ നിലനിൽക്കും, വർഷകാലാരംഭത്തോടെ പ്രകന്ദത്തിൽനിന്ന് വായവഭാഗം മുളച്ചുപൊങ്ങുന്നു. അണ്ഡാകൃതിയിലുള്ള പ്രകന്ദത്തിന് 5 മുതൽ10 സെ.മീ.വരെ വ്യാസമുണ്ടായിരിക്കും. രൂക്ഷഗന്ധമുള്ള പ്രകന്ദത്തിന് വെള്ളയോ വിളറിയ മഞ്ഞയോ നിറമാണ്. ഇലകൾക്ക് 10 മുതൽ 30 സെ.മീ. വരെ നീളവും 1.5 മുതൽ 3 സെ.മീ. വരെ വീതിയുമുണ്ട്. ഇലകൾ ദീർഘാകാരമാണ്. അഗ്രം കൂർത്തിരിക്കുന്നു. പുഷ്പമഞ്ജരിക്ക് 15 മുതൽ 32 സെ.മീ. വരെ നീളമുണ്ടായിരിക്കും. പുഷ്പവൃന്തം 2 മുതൽ 4 സെ.മീ. വരെ നീളമുള്ളതാണ്. ഇളം തവിട്ടുനിറത്തിലുള്ള പുഷ്പങ്ങൾ കീഴോട്ട് തൂങ്ങിക്കിടക്കുന്നു. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളാണുള്ളത്. രണ്ടറ്റവും നേർത്തുകൂർത്തിരിക്കുന്ന കായ 1.5 മുതൽ 2 സെ.മീ. വരെ നീളമുള്ളതാണ്. വിത്തുകൾക്ക് ആറ് മി.മീ. നീളവും മൂന്ന് മി.മീ. വീതിയുമുണ്ട്. വിത്തുകൾ പരന്നതും കറുപ്പുനിറത്തിലുള്ളതുമാണ്.

രസാദി ഗുണങ്ങൾ തിരുത്തുക

രസം :കടു, തിക്തം

ഗുണം :തീക്ഷ്ണം, ലഘു

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം തിരുത്തുക

ബൾബ് [1]


ഔഷധമൂല്യം തിരുത്തുക

നരിവെങ്കായത്തിന്റെ പ്രകന്ദത്തിൽ സില്ലിപിക്രിൻ, സില്ലിടോക്സിൻ എന്നീ തിക്തപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ സില്ലാറെൻ-എ (Scillaren-A) സില്ലാറെൻ-ബി എന്നീ സ്ഫടിക രൂപത്തിലുള്ള ഗ്ലൂക്കോസൗഡും അടങ്ങിയിട്ടുണ്ട്. ഒരു വർഷത്തിലധികം പഴക്കമുള്ള പ്രകന്ദം ഔഷധമായി സാധാരണ ഉപയോഗിക്കാറില്ല.

പ്രകന്ദത്തിന് അണുനാശകശക്തിയുണ്ട്. ഇത് കൃമികളെ നശിപ്പിക്കുന്നു. ചർമരോഗങ്ങൾ, ഉദരക്കൃമി, മൂത്രാശയരോഗങ്ങൾ, ജലദോഷം, ശ്വാസകോശരോഗങ്ങൾ എന്നിവയെ ശമിപ്പിക്കും. ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്. നിശ്ചിത മാത്രയിൽ കൂടുതൽ ഉപയോഗിക്കുന്നത് വിഷസ്വഭാവമുളവാക്കും.

ഉപയോഗം തിരുത്തുക

പ്രകന്ദം ചതച്ച് അല്പം ചൂടാക്കി ശരീരവേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദനയും നീരും മാറും. കാല്പാദം വിണ്ടുകീറുന്നതും മഴക്കാലത്ത് വിരലുകൾക്കിടയിലുണ്ടാകുന്ന വളംകടിയും ശമിക്കുന്നതിന് ഇത് ചതച്ച് ചൂടാക്കി വച്ചുകൊടുക്കാറുണ്ട്. ശ്വാസകോശരോഗങ്ങൾ, കാല്പാദങ്ങളിൽ നീര് മുതലായവയ്ക്ക് ഇതിന്റെ നീര് 30 തുള്ളി വീതം ദിവസവും സേവിക്കുന്നത് രോഗശമനമുണ്ടാക്കും. പഴകിയ കാസശ്വാസരോഗങ്ങൾക്കും ഇത് നല്ല ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന അരിമ്പാറ നശിപ്പിക്കാൻ കാട്ടുള്ളിനീര് പതിവായി ലേപനം ചെയ്താൽ മതി.

ഇതുകൂടികാണുക തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരിവെങ്കായം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നരിവെങ്കായം&oldid=3797852" എന്ന താളിൽനിന്ന് ശേഖരിച്ചത്