ധാരപദ്ര നഗരത്തിൽ 11-ാം ശതകത്തിന്റെ രണ്ടും മൂന്നും പാദങ്ങളിലായാണ് ജീവിച്ചിരുന്ന സംസ്കൃത കാവ്യശാസ്ത്രകാരനായിരുന്നു നമിസാധു. ശാലിഭദ്രസൂരിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ജൈനഭിക്ഷുവായിരുന്നു. രുദ്രടന്റെ കാവ്യാലങ്കാരം എന്ന പ്രസിദ്ധ അലങ്കാരശാസ്ത്രഗ്രന്ഥത്തിനു രചിച്ച ടിപ്പണിയിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായത്. ഈ വ്യാഖ്യാനത്തിൽ ശ്വേതഭിക്ഷു, ശ്വേതാംബരനമി, ശ്വേതാഭ്യാസനമി, പണ്ഡിതനമി, നമ്യാധു, സാധുനമി എന്നീ പേരുകളിൽ നമിസാധു സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

പൂർവസൂരികളായ പ്രാകൃത ഗ്രന്ഥരചയിതാവായ ഹരിയുടെ (ഹരിഭദ്രസൂരി) നിരീക്ഷണത്തെ അവലംബമാക്കി കൈശികി, ആരഭടി തുടങ്ങിയ എട്ട് വൃത്തികളെ വിശദീകരിക്കുന്നത് ഇതിലെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാല് വൃത്തികളെപ്പറ്റിയാണ് കാവ്യശാസ്ത്രങ്ങളിൽ സാമാന്യമായി നിരൂപണം ചെയ്തുവരുന്നത്. രുദ്രടന്റെ കാവ്യാലങ്കാരം നമിസാധുവിന്റെ വ്യാഖ്യാനം കാരണം കാവ്യശാസ്ത്രശാഖയിൽ പ്രസിദ്ധി കൈവരിച്ചു. കാവ്യശാസ്ത്ര പഠനത്തിലെ പ്രാരംഭകർക്കുകൂടി സുവ്യക്തമാകുന്ന രീതിയിൽ ലളിതമായ ശൈലിയിലാണ് നമിസാധു കാവ്യാലങ്കാരടീക രചിച്ചിട്ടുള്ളത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നമിസാധു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നമിസാധു&oldid=1437297" എന്ന താളിൽനിന്ന് ശേഖരിച്ചത്