മനോവിശ്ലേഷണസിദ്ധാന്തം അനുസരിച്ച്, മാതാപിതാക്കളിൽ എതിർലിംഗത്തിൽ പെട്ടയാളെ സ്വന്തമാക്കാനും സ്വലിംഗത്തിൽപെട്ടയാളെ വകവരുത്താനും ഉള്ള അബോധവാഞ്ചയെ കേന്ദ്രീകരിച്ച് മനുഷ്യശിശുക്കളിൽ രൂപപ്പെട്ടുവരുകയും അടിച്ചമർത്തപ്പെട്ടു നിൽക്കുകയും ചെയ്യുന്ന ഒരുപറ്റം വികാരങ്ങളും ആശയങ്ങളുമാണ് ഈഡിപ്പസ് കോം‌പ്ലെക്സ്. [1][2] കാമചോദനയുടേയും അഹംബോധത്തിന്റേയും വികാസത്തിലെ "ഈഡിപ്പൽ ദശ" എന്നറിയപ്പെടുന്ന മൂന്നുമുതൽ അഞ്ചുവരെ വയസ്സുകൾക്കിടയിലുള്ള ഘട്ടത്തെയാണ്, ക്ലാസ്സിക്കൽ മനോവിശ്ലേഷണസിദ്ധാന്തം ഈ ആശയ-വികാരസമുച്ചയത്തിന്റെ പ്രകടനകാലമായി കണക്കാക്കുന്നത്‍; എന്നാൽ "ഈഡിപ്പൽ ലക്ഷണങ്ങൾ" ഈ ഘട്ടത്തിനു മുൻപേ പ്രകടമായെന്നും വരാം.[1][2]

ശിശുവായിരിക്കെ മാതാപിതാക്കൾ ഉപേക്ഷിച്ച ഈഡിപ്പസിനെ ആട്ടിടയൻ ഫോർബാസ് പുനരുജ്ജീവിപ്പിക്കുന്നു


ഈഡിപ്പസ് കോം‌പ്ലെക്സ് എന്ന പേര്, അറിയാതെയാണെങ്കിലും സ്വന്തം അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിച്ച യവനപുരാവൃത്തത്തിലെ ഈഡിപ്പസിന്റെ പേരിനെ ആശ്രയിച്ചാണ്. സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, മനുഷ്യന്റെ വംശോല്പത്തിചരിത്രത്തിൽ അടിയുറച്ച(phylogenetic) സാർവലൗകിക പ്രതിഭാസമായ ഈഡിപ്പസ് കോം‌പ്ലെക്സാണ് അബോധമനസ്സിലെ പാപചിന്തയിൽ വലിയൊരംശത്തിന് ഉത്തരവാദി. പുരാവൃത്തത്തിലെ ഈഡിപ്പസിനെ പരാമർശിച്ച് ഫ്രോയിഡ് ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു:



ഈഡിപ്പസ് കോം‌പ്ലെക്സിന്റെ വിജയകരമായ പരിഹാരം വളർച്ചയുടെ ദൃഷ്ടിയിൽ അഭികാമ്യവും ലിംഗ, വ്യക്തി സത്തകളുടെ വികസനത്തിൽ പ്രധാനവുമാണെന്ന് ക്ലാസിക്കൽ മനോവിശ്ലേഷണം കരുതുന്നു. അച്ഛനുമായുള്ള ഈഡിപ്പൽ ശത്രുത ആൺകുട്ടികളിൽ ഉളവാക്കുന്ന വൃഷണഛേദഭയവും(castration anxiety), പെൺകുട്ടികൾക്ക് സ്വാഭാവികമായ ശിശ്നാസൂയയും(penis envy) മൂലം, ആൺകുട്ടികളിലും പെൺകുട്ടികളിലും ഈഡിപ്പസ് കോം‌പ്ലെക്സിന്റെ പരിഹാരം വ്യത്യസ്തരീതികളിലാണെന്ന് ഫ്രോയിഡ് നിർദ്ദേശിച്ചു. മാതാപിതാക്കളിൽ സ്വന്തം ലിംഗത്തിൽ പെട്ടയാളുമായുള്ള ഏകീഭാവത്തിലും എതിർലിംഗത്തിൽ പെട്ടയാളുടെ താൽക്കാലികമോ ഭാഗികമോ ആയ തിരസ്കാരത്തിലും കൂടിയാണ് ഈഡിപ്പസ് കോം‌പ്ലെക്സ് പരിഹൃതമാകുന്നത്; തിരസ്കരിക്കപ്പെടുന്നയാൾ, കുട്ടിയുടെ മുതിർന്ന ലൈംഗികതയുടെ വിഷയമായി പിന്നീട് കണ്ടെത്തപ്പെടുന്നു.


പരിഹരിക്കപ്പെടാതെ നിൽക്കുന്ന ഈഡിപ്പസ് കോം‌പ്ലെക്സ്, ഞരമ്പുരോഗം(neurosis), സ്വവർഗ്ഗരതി, ബാലപീഡനരതി(paedophilia) എന്നിവയിലേയ്ക്കു നയിച്ചേക്കാമെന്ന് ഫ്രോയിഡ് കരുതി. "ഈഡിപ്പസ് തലത്തിൽ" ഉറച്ചുപോകുന്ന വ്യക്തികൾ, "അമ്മപറ്റിയവരോ" "അച്ഛൻപറ്റിയവരോ"(mother-fixated or father-fixated) ആയിത്തീരുകയും, അമ്മയ്ക്കോ അച്ഛനോ പകരം വയ്ക്കാൻ പറ്റിയവരായി കാണപ്പെടുന്നവരെ ലൈംഗികപങ്കാളികളായി തെരഞ്ഞെടുക്കുന്നതിലൂടെ അവരുടെ അവസ്ഥ വെളിവാക്കുകയും ചെയ്യുന്നു.

സിദ്ധാന്തം

തിരുത്തുക
 
ഈഡിപ്പസും മകൾ ആന്റിഗണിയും - ആന്റോണി ബ്രോഡോവ്സ്കിയുടെ രചന(1828)

ആൺകുട്ടികളിൽ

തിരുത്തുക

ആൺകുട്ടിയുടെ മനോവിശ്ലേണപരമായ പ്രായപൂർത്തിയുടെ ക്ലാസ്സിക്കൽ മാതൃക, കുട്ടി തന്റെ ലൈംഗികപ്രതീക്ഷകൾ അമ്മയിൽ അർപ്പിക്കുന്നതിൽ തുടങ്ങുന്നു. ഇത് അച്ഛനിൽ അസൂയ ജനിപ്പിച്ചേക്കാമെന്ന് അനുമാനിക്കുന്ന കുട്ടി ആ ശത്രുതയുടെ സ്വാഭാവിക പരിണാമം തന്റെ വൃക്ഷണച്ഛേദം ആയിരിക്കുമെന്ന് ഭയക്കുന്നു. ക്രമേണ, അച്ഛൻ പ്രഖ്യാപിക്കുന്ന മര്യാദകൾ കുട്ടി സ്വന്തമാക്കുന്നതുവഴി അവന്റെ അത്യഹംബോധം(super-ego) ജനിക്കുന്നു. വൃഷണനഷ്ടം ഒഴിവാക്കാനാഗ്രഹിക്കുന്ന അവൻ അച്ഛനെ തന്റെ ഏകീഭാവത്തിന് വിഷയമാക്കുന്നു. അമ്മയെ സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതോടെ കുട്ടിയുടെ ലൈംഗികകൗതുകം മറ്റു വിഷയങ്ങളെ കേന്ദ്രീകരിച്ചാകുന്നു. ആൺകുട്ടികളിലെ ഈഡിപ്പസ് കോം‌പ്ലെക്സിന്റെ മാതൃകയായി "കൊച്ചു ഹാൻസ്" എന്ന ബാലനെക്കുറിച്ച് ഫ്രോയിഡ് നടത്തിയ വിശദമായ പഠനം പ്രസിദ്ധമാണ്. ഹാൻസിന്റെ മാനസികാവസ്ഥയുടെ ഒരു പ്രകടനമായത്, കുതിരികളോട് അവനുണ്ടായ പ്രത്യേക ഭയമാണ്(Equinophobia'). ഹാൻസിന്റെ ചികിത്സയെ സംഗ്രഹിച്ച് "അഞ്ചുവയസ്സുകാരൻ ബാലന്റെ ഭീതിയുടെ വിശകലനം" എന്ന പേരിൽ ഒരു പ്രബന്ധം 1909-ൽ ഫ്രോയിഡ് എഴുതി.

പെൺകുട്ടികളിൽ

തിരുത്തുക

ഈഡിപ്പസ് കോം‌പ്ലെക്സിനെ സംബന്ധിച്ച ഫ്രോയിഡിന്റെ ആദ്യകാലരചനകളെല്ലാം ആൺകുട്ടികളെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും 1920-30-കളിലെ പിൽക്കാലരചനകളിൽ, പെൺകുട്ടികളിലും ഈ കോം‌പ്ലെക്സ് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. അവരുടെ ആരംഭത്തിലെ അഗമ്യകാമം(incestuous desire) അമ്മയോടുള്ള സ്വവർഗ്ഗാഭിനിവേശം ആയിരിക്കുമെന്ന് ഫ്രോയിഡ് കരുതി. ഈ ആദ്യകാലാഭിനിവേശം മാറി പെൺകുട്ടികളുടെ ലൈംഗികശ്രദ്ധ പിതാക്കന്മാരിലേയ്ക്ക് തിരിയുന്നതെങ്ങനെയെന്ന ചോദ്യം ഫ്രോയിഡ് 1925-ൽ ഉന്നയിച്ചു. തന്നെപ്പോലെ തന്നെ അമ്മയും ശിശ്നം ഇല്ലാത്തവളാണെന്ന അറിവ് നൽകുന്ന നിരാശയാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ വിഷയത്തെ സംബന്ധിച്ച തന്റെ രചനകളിൽ ഒരിടത്തും, പെൺകുട്ടികളിൽ മാതൃഹത്യാചിന്ത ഉദിക്കുന്നതായി ഫ്രോയിഡ് പറയുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീലൈംഗികതയെ സംബന്ധിച്ച് ഫ്രോയിഡിന്റെ അന്തിമനിലപാടുകൾ അവതരിപ്പിക്കപ്പെട്ടത്, 1933-ലെ "മനോവിശ്ലേഷണത്തെക്കുറിച്ചുള്ള പുതിയ അവതരണപ്രഭാഷണങ്ങളിൽ" ആണ്. ഈഡിപ്പസ് കോപ്ലെക്സിന്റെ സ്ത്രൈണരൂപത്തിന് "ഇലക്ട്രാ കോം‌പ്ലെക്സ്" എന്നും പേരുണ്ട്.


പെൺകുട്ടികളിൽ പ്രകടമാകുന്ന ഈഡിപ്പസ് കോം‌പ്ലെക്സ്, ആൺകുട്ടികളിലെ അതിന്റെ പ്രകടനത്തേക്കാൾ സങ്കീർണ്ണമാണെന്ന് ഫ്രോയിഡിന്റെ പിൽക്കാലരചനകളിൽ നിന്ന് മനസ്സിലാക്കാം.

സിദ്ധാന്തത്തിന്റെ വികാസം

തിരുത്തുക
 
സിഗ്മണ്ട് ഫ്രോയിഡ്

ഈഡിപ്പസ് കോം‌പ്ലെക്സിനെക്കുറിച്ചുള്ള ഫ്രോയിഡിന്റെ നിലപാടുകൾ വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെയും കടന്നുപോയെന്ന് ഫ്രോയിഡ്-വിദഗ്ദ്ധന്മാർ പൊതുവേ സമ്മതിക്കുന്നു. ഉദാഹരണമായി, 1991-ലെ ഒരു രചനയിൽ സൈമണും ബ്ലാസും, ഫ്രോയിഡിന്റെ വീക്ഷണത്തിന്റെ വളർച്ചയിൽ ആറു ഘട്ടങ്ങൾ കണ്ടെത്തി:

  • ഘട്ടം 1. 1897–1909. 1896-ൽ അച്ഛന്റെ മരണത്തിനും പിന്നീട് സോഫോക്കിൾസിന്റെ ഈഡിപ്പസ് റെക്സ് എന്ന നാടകം കണ്ടതിനും ശേഷം ഫ്രോയിഡ് ഈഡിപ്പസിനെ പരാമർശിക്കാൻ തുടങ്ങുന്നു. എന്നാൽ ഈ ഘട്ടത്തിൽ "ഈഡിപ്പസ് കോം‌പ്ലെക്സ്" എന്ന പ്രയോഗം അദ്ദേഹത്തിന്റെ രചനകളിൽ കാണാനില്ല.
  • ഘട്ടം 2. 1909–1914. ഈഡിപ്പൽ ആഗ്രഹങ്ങളെ ഫ്രോയിഡ് എല്ലാത്തരം ന്യൂറോസിസിന്റേയും കേന്ദ്രമായി കാണുന്നു. 1910-ൽ "ഈഡിപ്പസ് കോം‌പ്ലെക്സ്" എന്ന പ്രയോഗം അദ്ദേഹം ആദ്യമായി ഉപയോഗിക്കുന്നു.
  • ഘട്ടം 3. 1914–1918. അച്ഛനേയും അമ്മയേയും സംബന്ധിക്കുന്ന അഗമ്യമോഹത്തിന്റെ പരാമർശം
  • ഘട്ടം 4. 1919–1926. ഈഡിപ്പസ് കോം‌പ്ലെക്സിന്റെ പൂർണ്ണരൂപം പ്രത്യക്ഷപ്പെടുന്നു.
  • ഘട്ടം 5. 1926–1931. മത-സാംസ്കാരിക പശ്ചാത്തലങ്ങളിലും ഈഡിപ്പസ് സിദ്ധാന്തം പരിഗണിക്കപ്പെടുന്നു.
  • ഘട്ടം 6. 1931–1938. പെൺകുട്ടികളിലെ ഈഡിപ്പസ് കോം‌പ്ലെക്സിനെക്കുറിച്ചുള്ള ആശയങ്ങൾ.

വിയോജിപ്പുകൾ, ഭേദഗതികൾ

തിരുത്തുക

ശിശു, പിതാവ് പ്രഖ്യാപിക്കുന്ന മര്യാദകൾ സ്വാംശീകരിക്കുന്നതോടെ ഈഡിപ്പസ് കോം‌പ്ലെക്സിന്റെ പിന്തുടർച്ചയായി അത്യഹംബോധം(Super Ego) ജനിക്കുന്നു എന്നാണ് ക്ലാസിക്കൽ സിദ്ധാന്തത്തിന്റെ കാഴ്ചപ്പാട്. എന്നാൽ 1920-ളുടെ ആരംഭത്തിൽ ഓട്ടോ റാങ്ക് ഇതിനു വിരുദ്ധമായൊരു നിലപാട് സ്വീകരിച്ചു: സാധാരണ വളർച്ചയിൽ, അത്യഹംബോധത്തിന്റെ ഉറവിടം അമ്മയുടെ ബലവത്തായ സ്വാധീനമാണെന്നായിരുന്നു അദ്ദേഹം കരുതിയത്. ഈ സിദ്ധാന്തം റാങ്കിനെ ഫ്രോയിഡിന്റെ ഉൾവൃത്തങ്ങൾക്കു പുറത്തെത്തിക്കുകയും, വസ്തു-ബന്ധു ചികിത്സാരീതിയുടെ(object-relations therapy) വികാസത്തിലേയ്ക്കു നയിക്കുകയും ചെയ്തു.

കുട്ടികളുടെ മനോ-ലൈംഗിക വികാസത്തിൽ പിതാവിനേയും അദ്ദേഹത്തിന്റെ ലൈംഗികതയേയും കുറിച്ചുള്ള ധാരണകൾക്ക് ഫ്രോയിഡ് ഊന്നൽ കൊടുത്തപ്പോൾ, മാതാവുമായുള്ള ആദ്യകാല ബന്ധത്തിനാണ് മെലാനി ക്ലീൻ പ്രാധാന്യം കല്പിച്ചത്. "ഈഡിപ്പൽ പ്രകടനങ്ങൾ" ഒരുവയസ്സിനു മുൻപുപോലും ഉണ്ടായേക്കാമെന്ന ക്ലീനിന്റെ നിലപാട്, 1942-44 കാലത്ത് ബ്രിട്ടീഷ് മനോവിശ്ലേഷണസംഘടനയിൽ നടന്ന വിവാദപരമായ ചർച്ചകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വളർച്ചയിലെ "വിഷാദസ്ഥിതി"(depressive position) എന്ന ക്ലീനിന്റെ സങ്കല്പം, ഈഡിപ്പസ് കോം‌പ്ലെക്സിനെ അതിന്റെ പഴയ രാജസിംഹാസനത്തിൽ നിന്ന് ഒരളവോളം താഴെയിറക്കി.[1][2] ആൺകുട്ടികളിലും പെൺകുട്ടികളിലും ആദ്യം അമ്മയോടുള്ള അഭിനിവേശവും അച്ഛനോടുള്ള അക്രമവാസനയും പ്രത്യക്ഷപ്പെടുന്നുവെന്ന് ഫ്രോയിഡ് കരുതിയപ്പോൾ, പെൺകുട്ടികൾക്ക് അച്ഛനോട് മോഹവും അമ്മയോട് അക്രമവാസനയും ആണ് അനുഭവപ്പെടുകയെന്ന് കാൾ യുങ് കരുതി. യുങിന്റെ ചിന്തയുടെ ആദ്യരൂപത്തിൽ "ഈഡിപ്പസ് കോം‌പ്ലെക്സ്" ആൺകുട്ടികളെ മാത്രം സംബന്ധിക്കുന്നതാണ്. കോം‌പ്ലെക്സിന്റെ സ്ത്രൈണവശത്തെ യുങ് "ഇലക്ട്രാ കോം‌പ്ലെക്സ്" എന്നു വിളിച്ചു. യവനപുരാവൃത്തത്തിലെ ആഗമെംനോന്റെ മകളായിരുന്ന ഇലക്ട്രാ, അച്ഛന്റെ വധത്തിൽ പങ്കാളിയായിരുന്ന അമ്മയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ "ഇലക്ട്രാ കോം‌പ്ലെക്സ്" എന്ന സങ്കല്പം ക്ലാസിക്കൽ സിദ്ധാന്തത്തിന്റെ ഭാഗമോ, ഫ്രോയിഡിന്റെ പക്ഷക്കാർക്ക് സ്വീകാര്യമോ അല്ല. യുങ്ങിന്റെ അനുയായികൾ പോലും ആ സങ്കല്പത്തെ കാര്യമായി ആശ്രയിക്കാറില്ല.

ഈഡിപ്പസ് കോം‌പ്ലെക്സിന്റെ സാർവലൗകികതയെക്കുറിച്ച് ഇക്കാലത്ത് അഭിപ്രായസമന്വയം ഇല്ല. വ്യത്യസ്ത സമൂഹങ്ങളിൽ അതിന്റെ പ്രസക്തിയെക്കുറിച്ച് ഉറപ്പുപറയാൻ മടിക്കുന്നവരുണ്ട്.[4] എന്നാൽ സ്ഥലകാലങ്ങൾക്കുപരിയായ ഈഡിപ്പസ് കോം‌പ്ലെക്സിന്റെ പ്രസക്തി, നരവംശപഠനങ്ങളിൽ സ്ഥാപിക്കപ്പെട്ടു എന്നും വാദമുണ്ട്.[5].

  1. 1.0 1.1 1.2 ചാൾസ് റോയ്‌ക്രോഫ്റ്റ്: മനോവിശ്ലേഷണത്തിന്റെ വിമർശനനിഘണ്ടു (ലണ്ടൺ, രണ്ടാം പതിപ്പ്, 1995)
  2. 2.0 2.1 2.2 ആധുനിക സാഹിത്യ-സാംസ്കാരികവിമർശനത്തിന്റെ കൊളംബിയ നിഘണ്ടു. എഡിറ്റർമാർ: ജോസഫ് ചൈൽഡേഴ്സും ഗാരി ഹെന്റ്സിയും. ന്യൂ യോർക്ക്: കൊളംബിയ സർവകലാശാല പ്രെസ്, 1995.
  3. സിഗ്മണ്ട് ഫ്രോയിഡ്, സ്വപ്നങ്ങളുടെ വ്യാഖ്യാനം, അദ്ധ്യായം 5, "സ്വപ്നങ്ങളുടെ ഉള്ളടക്കവും ഉറവിടവും", (ഡി) ശരാശരി സ്വപ്നങ്ങൾ, New York: Avon Books, പുറം 296.
  4. ഹാൻസ് കെല്ലർ: 1975: 1984 Minus 9 (London, 1975)
  5. Janine Chasseguet-Smirgel and Bela Grunberger: Freud or Reich?: Psychoanalysis and Illusion (London, 1986).
"https://ml.wikipedia.org/w/index.php?title=ഈഡിപ്പസ്_കോം‌പ്ലെക്സ്&oldid=2329199" എന്ന താളിൽനിന്ന് ശേഖരിച്ചത്