ദ ക്യാപ്റ്റൻസ് ഡോട്ടർ (റഷ്യൻ : Капитанская дочка, Kapitanskaya dochka) റഷ്യൻ ഗ്രന്ഥകാരനായ അലക്സാണ്ടർ പുഷ്കിൻ രചിച്ച ഒരു ചരിത്രനോവലാണ്. ഈ നോവൽ 1836 ൽ വാർത്താ പത്രികയായ Sovremennik യുടെ നാലാം ലക്കത്തിൽ  ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നോവൽ 1773 മുതൽ 1774 വരെയുള്ള കാലഘട്ടത്തിൽ നടന്ന “Pugachev's വിപ്ലവത്തിൽ” പ്രണയം ചാലിച്ച് അവതരിപ്പിച്ചതാണ്.  

The Captain's Daughter
First page of the original serialized version
കർത്താവ്Aleksandr Pushkin
യഥാർത്ഥ പേര്Капитанская дочка
രാജ്യംRussia
ഭാഷRussian
സാഹിത്യവിഭാഗംHistorical novel
പ്രസിദ്ധീകരിച്ച തിയതി
1836
മാധ്യമംPrint (Hardback & Paperback)
ISBN0-394-70714-1
OCLC1669532

കഥാസന്ദർഭം തിരുത്തുക

 
Masha and Pyotr; illustration by Pavel Sokolov

പ്യോട്ടിർ അന്ദ്രേയിച്ച് ഗ്രിൻയോവ് ഒരു വിരമിച്ച പട്ടാള ഓഫീസറുടെ ജീവിച്ചിരിക്കുന്ന ഏക മകനായിരുന്നു. പ്യോട്ടിറിന് 17 വയസു പ്രായമുള്ളപ്പോൾ അദ്ദേഹം അയാളെ സൈനികസേവനത്തിനായി ഒറെൻബർഗ്ഗിലേയ്ക്കു പറഞ്ഞുവിട്ടു. പോകുന്ന വഴി ഹിമക്കാറ്റിലകപ്പെട്ട് പ്യോട്ടിറിനു വഴിതെറ്റുകയും അജഞാതനായ ഒരാൾ അയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. തൻറെ നന്ദിസൂചകമായി പ്യോട്ടിർ തൻറെ മുയൽ ചർമ്മം ഉപയോഗിച്ചു നിർമ്മിച്ച അങ്കി അജ്ഞാതനു നൽകി.  

ഒറെൻബർഗ്ഗിലെത്തിയ ഉടനെതന്നെ പ്യോട്ടിർ തൻറെ മേലുദ്യോഗസ്ഥനു റപ്പോർട്ടു ചെയ്യുകയും ഫോർട്ട് ബെലോഗോർസ്കിയിൽ സേവനമനുഷ്ടിക്കുന്നതിനായി ക്യാപ്റ്റൻ ഇവാൻ മിറിനോവിൻറെ കീഴിൽ നിയമിക്കപ്പെടുകയും ചെയ്യുന്നു. ഫോർട്ട് എന്നറിയപ്പെടുന്നത് ഒരു വില്ലേജിനു ചുറ്റുപാടുമുള്ള കമ്പിവേലിയ്ക്കുള്ളിലായുള്ള പ്രദേശമായിരുന്നു. ക്യാപ്റ്റൻറെ പത്നി വാസിലിസയായിരുന്നു യഥാർത്ഥത്തിൽ ഈ പ്രദേശത്തിൻറെ സംരക്ഷണച്ചുമതല. പ്യോട്ടിർ തൻറെ സഹ ഓഫീസറായി ഷ്വാബ്രിനുമായി സൌഹൃദത്തിലായി. അയാൾ ഒരു ദ്വന്ദ്വയുദ്ധത്തെത്തുടർന്ന് എതിരാളിയുടെ മരണത്തിനു കാരണമായതോടെ നേരത്തേ നീക്കംചെയ്യപ്പെട്ട ഓഫീസറായിരുന്നു. മിറോനോവ് കുടുംബവുമായി അത്താഴം കഴിക്കവേ പ്യോട്ടിർ ക്യാപ്റ്റൻറെ മകളായി മാഷയെ കാണുകയും അവളുമായി പ്രഥമദർശനത്തിൽത്തന്നെ അനുരാഗത്തിലാകുകയും ചെയ്തു. ഇത് പ്യോട്ടിറും ഷ്വാബ്രിനും തമ്മിൽ അസ്വാരസ്യത്തിനു വഴിതെളിച്ചു. എന്തെന്നാൽ ഷ്വാബ്രിനും മാഷയുടെമേൽ ഒരു കണ്ണുണ്ടായിരുന്നു. ഷ്വാബ്രിൻ മാഷായെ അധിക്ഷേപിച്ചു സംസാരിക്കുകയും അവളുടെ അഭിമാനത്തിന് അത് ക്ഷതമേൽപ്പിക്കുകയും ചെയ്തവേളയിൽ പ്യോട്ടിറും ഷ്വബ്രിനും തമ്മിൽ ദ്വന്ദ്വയുദ്ധത്തിലേർപ്പെടുകയും പ്യോട്ടിറിനു പരിക്കേൽക്കുകയും ചെയ്തു. പ്യോട്ടിർ മാഷായെ വിവാഹം കഴിക്കുന്നതിനായി തൻറെ പിതാവിൻറെ അനുവാദം തേടിയെങ്കിലും അത് നിരസിക്കപ്പെട്ടു.

പെട്ടെന്നൊരു ദിവസം കോട്ട സായുധ കലാപത്തിനൊരുങ്ങിപ്പുറപ്പെട്ട യെമെല്യാൻ പുഗാച്ചേവിൻറെ ഉപരോധത്തിലായി. ചക്രവർത്തി പീറ്റർ മൂന്നാമനെ വധിച്ചത് താനാണെന്ന് പുഗാച്ചേവ് അവകാശപ്പെട്ടു. കോസാക്കുകൾ കോട്ടയിൽ തമ്പടിച്ച് പുഗാച്ചേവിൻറെ സൈന്യത്തോടു പൊരുതിയെങ്കിലും പുഗാച്ചേവ് വളരെ എളുപ്പത്തിൽ കോട്ട പിടിച്ചെടുത്തു. ക്യപ്റ്റൻ മിറോനോവ് തൻറെയൊപ്പം ചേർന്നു പൊരുതുവാൻ പ്രതിജ്ഞ ചെയ്യുവാൻ പുഗാച്ചേവ് മിറോനോവിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിക്കപ്പെട്ടതോടെ ക്യാപ്റ്റനെ തൂക്കിലേറ്റുകയും പത്നിയെ വെടിവച്ചുകൊല്ലുകയും ചെയ്തു. അടുത്ത ഊഴം പ്യോട്ടിറിൻറെതായിരുന്നു. ഷ്വാബ്രിൻ പെട്ടെന്നു പ്രത്യക്ഷപ്പെടുകയും അയാളുടെ ഉപദേശപ്രകാരം പ്യോട്ടിറിനെ തൂക്കിലേറ്റാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. എന്നാൽ പെട്ടെന്നുതന്നെ പ്യോട്ടിറിൻറെ വിധി മാറ്റിമറിക്കപ്പെട്ടു. താൻ ശീതക്കാറ്റിൽനിന്നു നാളുകൾക്കു മുമ്പ് രക്ഷപെടുത്തിയ വഴിയാത്രക്കാരൻ പ്യോട്ടിറാണെന്ന് പുഗാച്ചേവ് മനസ്സിലാക്കുകയും വധശിക്ഷയിൽനിന്നു വിടുതൽ നൽകുകുയും ചെയ്യപ്പട്ടു.  

അടുത്ത ദിവസം വൈകുന്നേരം പ്യോട്ടിറും പുഗാച്ചേവും സ്വാകാര്യ സംഭാഷണം നടത്തി. പുഗാച്ചേവിനൊപ്പം ചേരാൻ കഴിയുകയില്ലഎന്നുള്ള വസ്തുത പ്യോട്ടിർ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും പുഗാച്ചേവിനു മതിപ്പു തോന്നുന്ന രീതിയിൽ പ്യോട്ടിർ അവതരിപ്പിച്ചു. പുഗച്ചേവ് പ്യോട്ടിറിനെ ഒറൻബർഗ്ഗിലേയ്ക്കു തിരിച്ചുപോകാൻ അനുവദിക്കുന്നു. പുഗാച്ചേവ് നഗരത്തിലേയ്ക്കു മാർച്ച് ചെയ്യുന്ന വിവരം ഒരു സന്ദേശത്തിലൂടെ പ്യോട്ടിർ ഗവർണറെ അറിയിച്ചു. കോട്ട ഷ്വാബ്രിൻറെ നേതൃത്വത്തിലുള്ള പടയാളികളുടെ കീഴിലായിരുന്നു. അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഷ്വാബ്രിൻ മാഷായോട് തന്നെ വിവാഹം കഴിക്കുവാൻ നിർബന്ധം ചെലുത്തി. പ്യോട്ടിർ ഈ വിവാഹം തടസപ്പെടുത്തുവാനായി കോട്ടയിലേയ്ക്കു കുതിച്ചുവെങ്കിലും പുഗാച്ചേവിൻറെ പടയാളികളുടെ പിടിയിൽപ്പെട്ടു. സാഹചര്യങ്ങളുടെ കിടപ്പ് പുഗാച്ചേവിനോട് പ്യോട്ടിർ വിശദീകരിക്കുകയും രണ്ടുപേരു ഒരുമിച്ച് കോട്ടയിലേയ്ക്ക് കുതിക്കുകയും ചെയ്തു.

മാഷാ മോചിപ്പിക്കപ്പെടുകയും അവളും പ്യോട്ടിറും ഒരുമിച്ച് അയാളുടെ പിതാവിൻറെ എസ്റ്റേറ്റിലേയ്ക്കു പോകുകയും ചെയ്തു. എന്നാൽ സൈന്യം അവരുടെ യാത്ര തടസ്സപ്പെടുത്തുന്നു. പ്യോട്ടിർ സൈന്യത്തോടൊപ്പം ചേരാനും മാഷായെ അയാളുടെ പിതാവിൻറെയുടത്തേയ്ക്കു പറഞ്ഞയക്കുവാനും തീരുമാനമായി. പുഗാച്ചേവിനെതിരെയുള്ള യുദ്ധം തുടരുകയും പ്യോട്ടിർ സൈന്യത്തിൽ പുനപ്രവേശിക്കുകയും ചെയ്തു. എന്നാൽ പുഗാച്ചേവ് യുദ്ധത്തിൽ പരാജയപ്പെട്ടതോടെ അയാളുമായുള്ള അടുത്ത സൌഹൃദത്തിൻറെ പേരിൽ പ്യോട്ടിർ അറസ്റ്റ് ചെയ്യപ്പെട്ടു. ചോദ്യം ചെയ്യലിനിടെ ഷ്വാബ്രിൻ, പ്യോട്ടിർ ഒരു പൊതുവഞ്ചകനും രാജ്യദ്രോഹിയുമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. മാഷയെ കോടതിനടപടികളിലേയ്ക്കു വലിച്ചിഴക്കാതെയിരിക്കുവാനുള്ള ഉദ്യമത്തിൽ താൻറെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താൻ കഴിയാത്തിനാൽ പ്യോട്ടിർ മരണശിക്ഷയ്ക്കു വിധിക്കപ്പെടുന്നു. എന്നാൽ മഹതിയായ കാതറീന ചക്രവർത്തിനി പ്യോട്ടിറിൻറെ ശിക്ഷയിൽ ഇളവുകൊടുക്കുകയും അയാൾ ജയിലിൽത്തന്നെ കഴിയുകയും ചെയ്തു. പ്യോട്ടിറിൻ എന്തുകൊണ്ടാണ് സ്വയം പ്രതിരോധിക്കുവാൻ സാധിക്കാതെയിരുന്നതെന്നു മനസ്സിലാക്കിയ മാഷാ അയാളെ രക്ഷപെടുത്തുവാനുള്ള ഉദ്യമത്തിൻറെ ഭാഗമായി ചക്രവർത്തിനിയ്ക്ക് ഒരു നിവേദനം കൊടുക്കുവാൻ സെൻറ് പീറ്റേർസ്ബർഗ്ഗിലേയ്ക്കു പോകുന്നു. രാജകുടുംബത്തിലെ അംഗങ്ങൾ വസിച്ചിരുന്ന സാർസ്കോയേ സെലോ എന്ന സ്ഥലത്തുവച്ച് അവൾ കോടതിയിലെ ഒരു വനിതയെ കണ്ടുമുട്ടുകയും പ്യോട്ടിറിനുവേണ്ടി ചക്രവർത്തിനിയെ കാണാനുള്ള പ്ലാനുകൾ വിശദീകരിച്ച് സഹായം അഭ്യർത്ഥിക്കുയും ചെയ്തു. പ്യോട്ടിർ ഒരു രാജ്യദ്രോഹിയാണെന്ന കാരണം പറഞ്ഞ് ഈ വനിത ആദ്യം നിരസിച്ചുവെങ്കിലും മാഷാ എല്ലാ സാഹചര്യങ്ങളും വിശദീകരിക്കുവാൻ തയ്യാറായി. താമസിയാതെ മാഷ ചക്രവർത്തിനിയെ മുഖം കാണിക്കുവാനുള്ള ക്ഷണം ലഭിച്ചു. ചക്രവർത്തിനിയെ നേരിട്ടുകണ്ട മാഷ അസ്തപ്രജ്ഞയായിത്തീർന്നു. താൻ നേരത്തേ സംസാരിക്കുകയും സഹായം അഭ്യർത്ഥിക്കുയും ചെയ്ത് പ്രൌഢവനിത ചക്രവർത്തിനിതന്നെയായിരുന്നു. ചക്രവർത്തിനി പ്യോട്ടിറിൻ നിരപരാധിത്വം മനസ്സിലാക്കുകയും അയാളെ ഉടനെ മോചിപ്പിക്കുവാൻ ഉത്തരവിടുകയും ചെയ്തു. പുഗെച്ചേവിൻറെ വധത്തിന് പ്യോട്ടിർ സാക്ഷിയായിരുന്നു. ശേഷം പ്യോട്ടിറും മാഷായും വിവാഹിതരായി സസുഖം ജീവിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ക്യാപ്റ്റൻസ്_ഡോട്ടർ&oldid=3135856" എന്ന താളിൽനിന്ന് ശേഖരിച്ചത്