അഷ്ടാംഗഹൃദയത്തിൽ ജ്വരചികിത്സാ അധ്യായത്തിൽ വാത പിത്ത ജ്വര ചികിത്സയ്ക്കായി നിർദ്ദേശിച്ചിരിക്കുന്ന ഔഷധയോഗമാണ് ദ്രാക്ഷാദി കഷായം. മുന്തിരിങ്ങാപ്പഴം, ഇലിപ്പപ്പഴം, അതിമധുരം, പാച്ചോറ്റിത്തൊലി, കുമിഴിൻപഴം, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്കാത്തോട്, ഇരുവേലി, താമരയല്ലി, പതിമുകം, താമരവളയം, ചന്ദനം, രാമച്ചം, കരിംകൂവളക്കിഴങ്ങ്, ചിറ്റീന്തൽ എന്നിവ ചേരുന്നതാണ് ദ്രാക്ഷാദി കഷായ യോഗം.[1]

'ദ്രാക്ഷാ, മധൂകം മധുകംലോധ്ര കാശ്മർയ്യശാരിബാഃ

മുസ്താമലക ഹ്രീ ബേര പത്മകേസര പത്മകം

മൃണാളചന്ദനോശീരനീലോല്പല പരൂഷകം

ഫാണ്ടോ ഹിമോ വാ ദ്രാക്ഷാദിർജാതീ കുസുമ വാസിതഃ

യുക്തോ മധുസിതാലാജൈർ ജയത്യനിലപിത്തജം

ജ്വരം മദാത്യയം ഛർദ്ദീം മൂർച്ഛാം ദാഹം ശ്രമം ഭ്രമം

ഊർദ്ധ്വഗം രക്തപിത്തം ച പിപാസാം കാമലാമപി'

(അഷ്ടാംഗഹൃദയം)

ഈ വിധ ദ്രവ്യങ്ങൾ ഫാണ്ട കഷായമായിട്ടോ ശീത കഷായമായിട്ടോ സംസ്കരിച്ച് പിച്ചിപ്പൂവിന്റെ വാസന പിടിപ്പിച്ച് തേനും പഞ്ചസാരയും മലർ പ്പൊടിയും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. വാതപിത്തജ്വരം, മദാത്യയം, ഛർദി, മൂർച്ഛ, തളർച്ച, ഭ്രമം, ഊർധഗാമിയായ രക്തപിത്തം, തണ്ണീർദാഹം, കാമല എന്നീ രോഗാവസ്ഥകളിൽ പ്രയോജനം ചെയ്യുന്നു.

സഹസ്രയോഗം തുടങ്ങിയ മറ്റു ചികിത്സാ ഗ്രന്ഥങ്ങളിൽ ഇതിൽ നിന്നു വ്യത്യസ്തമായ ദ്രാക്ഷാദി കഷായ യോഗങ്ങളും നിർദ്ദേശിച്ചിരിക്കുന്നതായി കാണാം.

'ദ്രാക്ഷായാ ഫലിനീഭിർവാ ബലയാ നാഗരേണ വാ

ശ്വദംഷ്ടയാ ശതാവര്യാ രക്തജിത് സാധിതം പയഃ'

(സഹസ്രയോഗം)

മുന്തിരിങ്ങാപ്പഴം, ഞാവൽപ്പൂവ്, കുറുന്തോട്ടിവേര്, ചുക്ക്, ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ് ഇവകൊണ്ട് ഉണ്ടാക്കുന്ന കഷായവും പാൽ കഷായവും രക്തപിത്തത്തെ ശമിപ്പിക്കും.

മുന്തിരിങ്ങാപ്പഴം, ചിറ്റമൃത്, കുമിഴിൻവേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് ഇവ കഷായം വച്ച് ശർക്കര മേമ്പൊടി ചേർത്തു സേവിച്ചാൽ വാതജ്വരം ശമിക്കുമെന്നും മുന്തിരിങ്ങാപ്പഴം, ചിറ്റമൃത്, കരിമ്പ് എന്നിവകൊണ്ടുള്ള കഷായം കാമലയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ഔഷധമാണ് എന്നും സഹസ്രയോഗം പറയുന്നു.

മുന്തിരിങ്ങാപ്പഴം, കുമിഴിൻവേര്, ചിറ്റീന്തൽവേര്, കയ്പൻ പടവലത്തണ്ട്, വേപ്പിൻപട്ട, ആടലോടകവേര്, മലര്, നെല്ലിക്കാത്തോട്, കൊടുത്തൂവവേര് എന്നിവ ചേർത്ത് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേർത്ത് കൊടുത്താൽ പിത്തകോപംകൊണ്ടും രക്ത കോപംകൊണ്ടും ഉണ്ടാകുന്ന മസൂരി ശമിക്കും.

മുന്തിരിങ്ങാപ്പഴവും അനുബന്ധ ദ്രവ്യങ്ങളും ചേർത്തുള്ള അരിഷ്ടം, ഘൃതം എന്നീ ഔഷധകല്പനകളും ലഭ്യമാണ്.

ദ്രാക്ഷാരിഷ്ടം തിരുത്തുക

'ദ്രാക്ഷാ തുലാർദ്ധം ദ്വിദ്രോണേ ജലസ്യ വിപചേൽ സുധഃ

പാദശേഷേ കഷായേ ച പൂതേ ശീതേ വിനിക്ഷിപേൽ

ഗുഡസ്യ ദ്വിതുലാം തത്ര ത്വഗേലാപത്രകേസരം

പ്രിയംഗു മരിചം കൃഷ്ണാ വിഡംഗേതി വിചൂർണയേൽ

പൃഥക് പലോന്മീതൈർ ഭാഗൈർ ഘൃത

ഭാണ്ഡേ നിധാപയേൽ

സമന്തതോ ഘട്ടയിത്വാ പിബേജ്ജാതരസം തതഃ

ഉരക്ഷതം ക്ഷയം ഹന്തി കാസശ്വാസഗളാമയാൻ

ദ്രാക്ഷാരിഷ്ടാഹ്വയഃ പ്രോക്തോബലകൃന്മലശോധനഃ'

(സഹസ്രയോഗം)

മുന്തിരിങ്ങാപ്പഴം പലം അമ്പത്, മുപ്പത്തിരണ്ടിടങ്ങഴി വെള്ളത്തിൽ കഷായം വച്ച് എട്ടിടങ്ങഴി ആക്കി പിഴിഞ്ഞരിച്ച് തണുത്തശേഷം രണ്ടുതുലാം ശർക്കര ചേർത്തു കലക്കണം. ഇലവർങ്ങത്തൊലി, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഞാവൽപ്പൂവ്, കുരുമുളക്, ചെറുതിപ്പലി, വിളയുപ്പ് എന്നിവ ഒരു പലം വീതം പൊടിച്ചു ചേർത്ത് നെയ്യ് ചേർത്ത് മയക്കിയ കുടത്തിലാക്കി അടച്ചുകെട്ടി വച്ചിരുന്ന് ഒരു മാസം കഴിഞ്ഞ് അരിച്ച് തെളിച്ചെടുക്കുക. ഉരക്ഷതം, ക്ഷയം, ചുമ, ശ്വാസവൈഷമ്യം, കണ്ഠരോഗം എന്നിവയ്ക്ക് പ്രയോജനകരമാണ്. ശക്തി വർധിപ്പിക്കുകയും മലശോധനയെ ഉണ്ടാക്കുകയും ചെയ്യും.

ദ്രാക്ഷാഘൃതം. തിരുത്തുക

'പുരാണസർപ്പിഷഃ പ്രാസ്ഥോദ്രാക്ഷാർദ്ധ പ്രസ്ഥസാധിതം

കാമിലാഗുന്മ പാണ്ഡ്വർത്തി ജ്വരമേഹോദരാപഹഃ'

(സഹസ്രയോഗം)

എട്ടു പലം മുന്തിരിങ്ങാപ്പഴം അരച്ച് കല്ക്കമാക്കി ചേർത്ത് ഒരിടങ്ങഴി പഴയ നെയ്യ് ചേർത്ത് കാച്ചി അരിച്ചെടുക്കുക. കാമല, ഗുന്മം, പാണ്ഡ്, ജ്വരം, പ്രമേഹം, ഉദരം എന്നീ രോഗശമനാർഥം ദ്രാക്ഷാഘൃതം ഉപയോഗിക്കാറുണ്ട്.

അവലംബം തിരുത്തുക

  1. http://ayurmedinfo.com/2012/02/15/drakshadi-kashayam-benefits-dose-side-effects-and-ingredients/

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദ്രാക്ഷാദി കഷായം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്രാക്ഷാദി_കഷായം&oldid=2283604" എന്ന താളിൽനിന്ന് ശേഖരിച്ചത്