ദുബായ് ക്രീക്ക്
ദുബായ് പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്, റാസ് അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ് ദുബായ് ക്രീക്ക് (ഇംഗ്ലീഷ്:Dubai Creek).
നാഗരികതകളുടെ ചരിത്രം പരിശോധിച്ചാൽ നദീതടങ്ങളും ജലപാതകളും അവയുടെ വളർച്ചയിൽ ഗണ്യമായ ഒരു പങ്ക് വഹിച്ചിരുന്നതായി കാണാം. നദീതീരങ്ങളിൽ വളർന്നുവന്ന ആധുനിക നഗരങ്ങൾക്ക് മനോഹരമായ മറ്റൊരു മുഖം തന്നെയുണ്ടാകാം. ലണ്ടൻ നഗരത്തിനു തേംസ് നദിയും, കെയ്‌റോ നഗരത്തിന് നൈൽ നദിയും, പാരീസിന് സെയിൻ നദിയും എത്രത്തോളം സംഭാവനകൾ നൽകിയിട്ടുണ്ടോ, അതേ സംഭാവനകൾ ദുബായ് നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ നൽകിയ ഒരു ജലപാതയാണ് ദുബായ് ക്രീക്ക്.ഏകദേശം പതിനാല് കിലോമീറ്റർ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബായ് നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.
പേരിനു പിന്നിൽ
തിരുത്തുകക്രീക്ക് എന്ന വാക്കിനർത്ഥം "ചെറിയ നീർച്ചാൽ" (നദിയേക്കാൾ ചെറുത്) എന്നാണ്. ദുബായ് ക്രീക്ക് നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു. ക്രീക്കിന്റെ കടലിനോടഭിമുഖമായ വടക്കെ അറ്റത്ത് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേര എന്നും, പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന നഗരഭാഗം ബുർ ദുബൈ എന്നും അറിയപ്പെടുന്നു. ദുബായ് നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും, പുരാതനവുമായ ഭാഗങ്ങളാണിവ. ഈ രണ്ടു പ്രദേശങ്ങളെ രണ്ടു സഹോദരങ്ങൾ എന്ന രീതിയിൽ അർത്ഥമാക്കി, ദോ ഭായി എന്ന പേർഷ്യൻ വാക്കിൽനിന്നുമാണ് ദുബായ് എന്ന പേർ് നഗരത്തിനുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
ചരിത്രം
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുബായ് ഒരു ചെറിയ ഗ്രാമപ്രദേശം മാത്രമായിരുന്നു. ക്രീക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥാനത്താണ് ആദ്യ ജനവാസകേന്ദ്രങ്ങൾ വളർന്നുവന്നത്. മത്സ്യബന്ധനവും, മുത്തും പവിഴവും കടലിൽ നിന്നു ശേഖരിക്കുന്നതും, കച്ചവടവുമായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. 1833 മുതൽ ഷെയ്ഖ് മക്തൂം ബിൻ ബുഥി ദുബായുടെ ഭരണസാരധ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ദുബായ് ഒരു പട്ടണപ്രദേശമായി ഉയർന്നുവന്നു. അക്കാലത്ത് പേർഷ്യൻ ഉൾക്കടലിലെ മറ്റു രാജ്യങ്ങളിൽനിന്നും, ഇറാൻ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കു പോയിരുന്ന കപ്പലുകളും ഉരുക്കളും (dhow) ദുബായിൽ എത്താറുണ്ടായിരുന്നു. അത്തരം ചെറിയ ഉരുക്കളും കപ്പലുകളും ദുബായ് ക്രീക്കിലായിരുന്നു നങ്കൂരമിട്ടിരുന്നത്. വലിയ കപ്പലുകളിൽനിന്ന് ചെറുവള്ളങ്ങളിലേക്ക് സാധനങ്ങൾ കയറ്റിയായിരുന്നു ക്രീക്കിന്റെ ഓരങ്ങളിലേക്ക് എത്തിച്ചിരുന്നത്. അങ്ങനെ ദുബായ് നാഗരികത ക്രീക്കിനു ചുറ്റുമായി വികസിച്ചുവന്നു.
1954 ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും , മേഖലയുടെ വികസനത്തിൽ ക്രീക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അതിന്റെ ആഴവും വീതിയും കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ വികസന പ്രവർത്തനങ്ങൾ 1958 ൽ പൂർത്തിയാവുകയും, ഇതേത്തുടർന്ന് 500 ടൺ വരെ ഭാരംകയറ്റാവുന്ന കപ്പലുകൾക്ക് ക്രീക്കിനുള്ളിൽ പ്രവേശനം സാധ്യമാവുകയും ചെയ്തു.
ഭൂമിശാസ്ത്രം
തിരുത്തുകഇന്ന്
തിരുത്തുകഇന്ന്, നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി ക്രീക്കിനു കുറുകേ നാലു പാലങ്ങളും, ക്രീക്കിനടിയിൽക്കൂടി കടന്നുപോകുന്ന "ഷിൻഡഗ ടണൽ റോഡും" ഉണ്ട്. ഇതിൽ ഷിൻഡഗ തുരങ്കം ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നു. ഡിസ്കവറി ചാനലിൽ എഞ്ചിനീയറിങ്ങ് മാർവൽ എന്ന പരമ്പരയിൽ ഇത് കാണിച്ചിട്ടുണ്ട്. ഗർഹൂദ് പാലം, 2007 -ല് തുറന്ന ബിസിനസ് ബേ പാലം, മക്തൂം പാലം, എന്നിവകൂടാതെ "ഫ്ലോട്ടിംഗ് ബ്രിഡ്ജ്" എന്ന പുതിയൊരു പാലവും 2007 ജൂലൈ മാസത്തിൽ ഗതാഗതത്തിനായി തുറന്നു.
രാത്രിയാവുന്നതോടെ ക്രീക്കിന് ചുറ്റിനുമുള്ള കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ അതിന് മറ്റൊരു മുഖം നൽകുന്നു. ക്രീക്കിനടുത്തുള്ള ദുബായ് പഴയ മാർക്കറ്റ് (old souq) ഇന്നും അതേപടി നിലനിർത്തിയിട്ടുണ്ട്. സുഗന്ധവർഗ്ഗങ്ങളും, പലവ്യഞ്ജനങ്ങളും ലഭ്യമായ ഇവിടവും സന്ദർശകർക്ക് പ്രിയപ്പെട്ട ഒരു സ്ഥാനമത്രെ.
വിനോദ സഞ്ചാര കേന്ദ്രം
തിരുത്തുകദുബായ് നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ദുബായ് ക്രീക്ക്. ദുബായ് നഗരത്തിലെ പ്രധാന ബാങ്കുകൾ, ചേംബർ ഓഫ് കൊമേഴ്സ് കോംപ്ലക്സ്, അനേകം ഹോട്ടലുകൾ, ഹെറിറ്റേജ് വില്ലേജ്, ഗോൾഫ് ക്ലബ്, ക്രീക്ക് പാർക്ക് തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ് നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവും. വിനോദ സഞ്ചാരികൾക്കായി യാത്രാബോട്ടുകൾ, സഞ്ചരിക്കുന്ന റെസ്റ്റോറന്റ് ബോട്ടുകൾ തുടങ്ങിയവ ക്രീക്കിൽ ലഭ്യമാണ്. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ലഭ്യമാണ്.
വാണിജ്യപരമായ പ്രാധാന്യം
തിരുത്തുകഇതുകൂടാതെ, ഇന്നും മറ്റ് അറബ് രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളിൽക്കൂടിയാണ് പ്രധാനമായും നടക്കുന്നത്. ഏകദേശം 720000 ടൺ കാർഗോ പ്രതിവർഷം ക്രീക്ക് വഴി പലരാജ്യങ്ങളിലേക്ക് പോവുകയും, ഇവിടേക്ക് വരികയും ചെയ്യുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എട്ടു വാർഫേജുകൾ ക്രീക്കിൽ ഉണ്ട്. ക്രീക്കിന്റെ പൗരാണികത നിലനിർത്തുന്നതിനായി, തടികൊണ്ടുണ്ടാക്കിയ കപ്പലുകൾക്കും, ഉരുക്കൾക്കും മാത്രമേ ഇപ്പോഴും ക്രീക്കിൽ പ്രവേശനമുള്ളൂ. കൂടാതെ ക്രീക്കിന്റെ അക്കരെയിക്കരെ യാത്രക്കാർക്ക് സഞ്ചരിക്കുവാനായി വളരെപണ്ടുകാലം മുതൽ ഉപയോഗിച്ചിരുന്ന "അബ്ര" എന്നറിയപ്പെടുന്ന തടി വഞ്ചികൾ ഇന്നും വ്യാപകമായി ഉപയോഗത്തിലുണ്ട്.
അബ്ര സർവീസ്
തിരുത്തുകദുബായ് റോഡ്സ് ആന്റ് ട്രാൻസ്പ്പോർട്ട് അതോറിറ്റിയാണ് അബ്ര സർവീസുകൾ നടത്തുന്നത്. ഒരു ദിർഹം മാത്രമാണ് ഈ യാത്രയുടെ നിരക്ക്. ആയിരക്കണക്കിനാളുകൾ പ്രതിദിനം ഈ സർവ്വീസ് ഉപയോഗിക്കുന്നു. പ്രധാനമായും നാല് അബ്ര സ്റ്റേഷനുകളാണ് ദുബായ് ക്രീക്കിന് ഇരുവശത്തായും ഉള്ളത്. ഏകദേശം അയ്യായിരത്തോളം ട്രിപ്പുകൾ ദിവസേന നടത്തുന്ന അബ്രകൾ ഒരുലക്ഷത്തോളം യാത്രികരെ വഹിക്കുന്നുവെന്ന് ആർ.ടി.എ അവകാശപ്പെടുന്നു[1]. അബ്രകൾ മണിക്കൂറിന് നൂറ് ദിർഹം നിരക്കിൽ ബുക്കു ചെയ്ത് സ്വകാര്യ സവാരി നടത്താനുള്ള സൗകര്യവും ആർ.ടി.എ നൽകുന്നുണ്ട്. പരമ്പരാഗത അബ്രകൾക്കു പുറമേ ഏഴ് മില്യൺ ദിർഹം ചെലവിട്ട് ശീതീകരണ സംവിധാനമുൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായി വാട്ടർ ബസ് സർവ്വീസും ആര്.ടി.എ തുടങ്ങിയിട്ടുണ്ട്.[2].
കുറിപ്പുകൾ
തിരുത്തുകചിത്രശാല
തിരുത്തുക-
ഭക്ഷണശാലയാക്കപ്പെട്ട ഒരു പത്തേമ്മാരി
-
RTA യുടെ വാട്ടർ ബസ്
അവലംബം
തിരുത്തുക- ↑ "ആർ.ടി.എ വെബ്‌സൈറ്റ്". 2008-02-28. Archived from the original on 2008-02-27. Retrieved 2008-02-28.
- ↑ "ആർ.ടി.എ വെബ്‌സൈറ്റ്". 2008-02-28. Archived from the original on 2008-02-24. Retrieved 2008-02-28.
- ↑ Government Affairs - Twinning Cities Agreements, UAE Interact, 14 Mar 2007 (last update)