ദുഗ്ധഫേനി
ആസ്റ്റെറേസീ (Asteraceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധിയാണ് ദുഗ്ധഫേനി (dandelion) ശാസ്ത്രനാമം: ടരക്സാക്കം ഒഫീസിനേൽ (Taraxacum officinale). സംസ്കൃതത്തിൽ ദുഗ്ധഫേനി, പയസ്വിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു[1].
ദുഗ്ധഫേനി | |
---|---|
Common Dandelion | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | T. officinale
|
Binomial name | |
Taraxacum officinale | |
Synonyms | |
ഇന്ത്യയിൽ 300-5400 മീ. ഉയരമുള്ള കുന്നിൻപ്രദേശങ്ങളിലാണ് ദുഗ്ധഫേനി വളരുന്നത്. ചിരസ്ഥായിയായ ഈ ഓഷധിയുടെ നാരായവേര് കട്ടിയേറിയതാണ്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാൽപോലെയുള്ള കറ (latex) ഉണ്ടായിരിക്കും. ഇലകൾ മൂലജ(radical)ങ്ങളാണ്; ഇലഞെടുപ്പ് വളരെ ചെറുതായിരിക്കും. വിവിധ ആകൃതിയിൽ കാണപ്പെടുന്ന ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ദീർഘപിച്ഛാകാര(pinnatifid)ത്തിലുള്ളതുമായിരിക്കും. ദന്തുരമായ ഇലപ്പാളികൾ രേഖീയവും ത്രികോണാകൃതിയിലുള്ളതുമാണ്.
ജിഹ്വിത ഹെഡ് (ligulate head) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് മഞ്ഞനിറമാണ്. കായ്കൾ തിളക്കമുള്ള അക്കീനുകളാണ്. വിത്ത് പരന്നതും അരികുകൾ പാളികൾപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കുന്നതുമാണ്. വിത്തിന്റെ മുൻപകുതി മുള്ളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നതും അറ്റത്ത് വെളുത്ത രോമഗുച്ഛം ഉള്ളതുമാണ്.
ദുഗ്ധഫേനി സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. കഫം, വാതം, പിത്തം, അൾസറുകൾ, ക്ഷയം, ഉദരരോഗങ്ങൾ, വിര, മലബന്ധം, നാഡീരോഗങ്ങൾ, പനി, ത്വഗ്രോഗങ്ങൾ, കുഷ്ഠം, സന്ധിവാതം, സന്ധിവീക്കം, മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, ക്ഷീണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഈ ഔഷധി പ്രധാനമായും ഉപയോഗിക്കുന്നത്. കയ്പുരസമുള്ള ഈ സസ്യത്തിന്റെ ചാറ് ദഹനത്തെ ത്വരിതപ്പെടുത്തുകയും കൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു. വിരേചനൌഷധമായും ഇത് ഉപയോഗിക്കാറുണ്ട്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദുഗ്ധഫേനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |