ബൈബിളിലെ ഉല്പത്തിപ്പുസ്തകം അനുസരിച്ച്, ഗോത്രപിതാവായ യാക്കോബിന് ആദ്യഭാര്യ ലെയായിൽ ജനിച്ച മകളായിരുന്നു ദീന. പന്ത്രണ്ട് സഹോദരന്മാർക്ക് സഹോദരിയായിരുന്ന അവളൊഴികെ മറ്റു പെണ്മക്കൾ യാക്കോബിനുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മെസൊപ്പൊത്തേമിയയിലെ പ്രവാസത്തിൽ നിന്ന് മടങ്ങിയ പിതാവിനും മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കാനാൻദേശത്തെ സെച്ചെമിലെത്തിയ ദീന ആ ദേശത്തെ സ്ത്രീജനങ്ങളെ സന്ദർശിക്കാൻ പോയപ്പോൾ അവിടത്തെ ദേശാധിപതി ഹാമോറിന്റെ മകൻ സെച്ചെം അവളെ മാനഭംഗപ്പെടുത്തിയതായി ഉല്പത്തിപ്പുസ്തകം 34-ആം അദ്ധ്യായത്തിൽ പറയുന്നു. അവളെ വിവാഹം കഴിക്കാൻ അയാൾ ആഗ്രഹിച്ചെങ്കിലും ആ ആവശ്യം സമ്മതിക്കുന്നതായി അഭിനയിച്ച ദീനയുടെ മുഴുസഹോദരന്മാരായ സഹോദരന്മാരായ ശിമയോനും ലേവിയും അയാളെയും പിതാവിനേയും ചതിയിൽ കൊന്നും അവരുടെ നഗരം തകർത്തും വസ്തുവകകൾ നശിപ്പിച്ചും സഹോദരിയുടെ 'മാനഹാനി'-യ്ക്കു പകരം വീട്ടുന്നു.[1]

ദീനയുടെ ബലാൽക്കാരം, 17-ആം നൂറ്റാണ്ടിലെ ഒരു ചിത്രകാരന്റെ ഭാവനയിൽ

സെച്ചെമും ബന്ധുക്കളും യഹൂദപുരുഷന്മാരുടെ അനുഷ്ഠാനകർമ്മമായ അഗ്രചർമ്മഛേദനത്തിനു വിധേയരായാൽ സഹോദരിയെ വിവാഹം ചെയ്തുകൊടുക്കാമെന്നു സമ്മതിച്ചാണ് ദീനയുടെ സഹോദരന്മാർ പ്രതികാരത്തിനു വഴിയൊരുക്കിയത്. അനുഷ്ഠാനത്തിനു സമ്മതിച്ച സെച്ചെമികളെ അതിന്റെ മുറിവുണങ്ങുന്നതിനുമുൻപുള്ള മൂന്നാം ദിവസം കടന്നാക്രമിച്ച്, ശിമയോന്റെയും ലേവിയുടേയും നേതൃത്വത്തിൽ സഹോദരന്മാർ അവരുടെ പ്രതികാരം നടപ്പാക്കി. ഈ ക്രൂരത നാട്ടുകാരെ ഒന്നോടെ തനിക്കും മക്കൾക്കുമെതിരായി തിരിക്കുമെന്നു ഭയന്ന യാക്കോബ് മക്കളെ കുറ്റപ്പെടുത്തി. വർഷങ്ങൾക്കുശേഷം ആസന്നമരണനായ യാക്കോബ് തന്റെ അന്ത്യവചനങ്ങളിൽ പോലും ഇതിനു മുൻകൈയ്യെടുത്ത മക്കളായ ശിമയോന്റേയും ലേവിയുടേയും ക്രോധത്തെ ശപിക്കുന്നുണ്ട്.[൧]

വ്യാഖ്യാനങ്ങൾ

തിരുത്തുക
 
സഹോദരന്മാരുടെ പ്രതികാരം

പിൽക്കാലലേഖകർ ദീനയുടെ കഥയ്ക്ക് വിവിധവിധം വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും അതിന്റെ പൂർവപാഠങ്ങൾ തേടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ യഹൂദലേഖകൻ ജോസെഫസിന്റെ വിവരണത്തിൽ സെച്ചെമിന്റേയും ബന്ധുക്കളുടേയും അഗ്രചർമ്മഛേദനത്തിന്റെ കാര്യം ഉൾപ്പെടുന്നില്ല. പുതിയ നാട്ടിലെ ഉത്സവം കാണാൻ പോയ ദീനയെ സെച്ചെം മാനഭംഗപ്പെടുത്തിയെന്നും, ഉത്സവത്തിരക്ക് മുതലെടുത്ത് സഹോദരന്മാർ അതിനു പ്രതികാരം ചെയ്തെന്നുമാണ് ജോസെഫസിന്റെ ഭാഷ്യം.[2] സെച്ചെമിന്റെ ആകർഷണത്തിൽ വന്ന ദീന അയാളുടെ ഇംഗിതത്തിനു വഴങ്ങുകയായിരുന്നെന്നും അയാളുമായുള്ള ബന്ധം അവളെ 'മലിനപ്പെടുത്തി'(defiled) എന്ന ബൈബിൾ പാഠത്തിലെ ധ്വനി കഥയുടെ മൂലഭാഷ്യത്തെ പിൽക്കാലഗോത്രവീക്ഷണങ്ങൾക്കിണങ്ങും വിധം സംശോധനചെയ്തപ്പോൾ ഉണ്ടായതാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. പിൽക്കാലയഹൂദതയിൽ രൂപപ്പെട്ട റബൈനികരചനകൾ ദീനയുടെ കഥയ്ക്കുനൽകുന്ന വിശദീകരണങ്ങളിൽ ചിലതും ഇതിനെ പിന്തുണക്കുന്നു. വീടുവിട്ടിറങ്ങിപ്പോയി സ്വന്തം നില അപകടപ്പെടുത്തിയതിന് റബ്ബൈമാർ ദീനയെ കുറ്റക്കാരിയായി പരിഗണിച്ചു. സെച്ചെമിന്റെ അടുത്തുനിന്ന് സഹോദരന്മാർക്ക് അവളെ വലിച്ചിഴത്ത് തിരികെ കൊണ്ടുവരേണ്ടി വന്നെന്നും റബൈമാർ പറയുന്നു.[3] ഉല്പത്തിപ്പുസ്തകം 34-ആം അദ്ധ്യായത്തിലെ "ഞങ്ങളുടെ സഹോദരിയോട് അവർ ഒരു വേശ്യയോടെന്ന പോലെ പെരുമാറിയതെന്തിന്" എന്ന ചോദ്യവും ബാലാൽക്കാരകഥയെ ദുർബ്ബലമാക്കുന്നു.[4]

വിശദീകരണം

തിരുത്തുക
 
ദീനയെ തട്ടിക്കൊണ്ടുപോകുന്നു

ഉല്പത്തിപ്പുസ്തകത്തിലെ 'മാനഹാനി'-യുടെ കഥക്കു ശേഷം എബ്രായബൈബിളിൽ ദീന കടന്നുവരുന്നതേയില്ല. എങ്കിലും പിൻകാലങ്ങളിൽ യഹൂദവ്യാഖ്യാതാക്കൾ ദീനയുടെ കഥയെ കൗതുകകരമായ വിശദാംശങ്ങൾ മെനഞ്ഞുചേർത്തു പെരുപ്പിച്ചു. ദീന അമ്മ ലെയായുടെ ഗർഭത്തിൽ ഉത്ഭവിച്ചത് ആൺകുഞ്ഞായാണെന്നും തന്റെ പുത്രസമ്പത്തിന്റെ പെരുക്കം, അതേവരെ ഒരുകുഞ്ഞുപോലും ലഭിച്ചിട്ടില്ലാതിരുന്ന സഹോദരി റാഹേലിന് അപമാനമാകുമെന്ന ചിന്തയിൽ ലെയാ നടത്തിയ പ്രാർത്ഥനയിൽ കുഞ്ഞ് പെണ്ണായി മാറിയതാണെന്നും പതിനൊന്നാം നൂറ്റാണ്ടിലെ യഹൂദമനീഷി റാശി പറഞ്ഞു. മെസപ്പൊട്ടെമിയയിൽ നിന്ന് സമ്പത്തും പരിവാരങ്ങളുമായി മടങ്ങിവന്ന യാക്കോബ്, വഴിമദ്ധ്യേ സഹോദരൻ എസ്സാവുമായുണ്ടായ കൂടിക്കാഴ്ചയിൽ ദീനയെ ഒളിച്ചുവച്ചു എന്നും മദ്ധ്യയുഗങ്ങളിലെ യഹൂദലേഖകന്മാർ കരുതി. സഹോദരൻ മകളെ മോഹിച്ചെങ്കിലോ എന്നു യാക്കോബ് ഭയപ്പെട്ടത്രെ. എന്നാൽ യക്കോബിന്റെ ഈ പ്രവൃത്തിയെ റബൈമാർ ശരിവച്ചില്ല. മകളെ സ്വന്തം ബന്ധുവിനുതന്നെ യഥാസമയം വിവാഹം കഴിച്ചുനൽകാനും അതുവഴി അയാളെ നല്ലവനാക്കുവാനുമുള്ള അവസരം നഷ്ടപ്പെടുത്തിയ യാക്കോബിനു കിട്ടിയ ശിക്ഷയാണു ദീനയുടെ ദുരന്തമെന്നു യഹൂദരചാനാസഞ്ചയമായ താൽമുദ് കുറ്റപ്പെടുത്തി.[5] ദീന മരിച്ച് കാനാൻദേശത്ത് സംസ്കരിക്കപ്പെട്ടെന്നും സെച്ചെമുമായുള്ള ബന്ധത്തിൽ അവൾക്ക് ഒരു മകൻ ജനിച്ചിരുന്നെന്നും റബൈനികലിഖിതങ്ങൾ പറയുന്നു. പിന്നീട് ക്ഷാമത്തെ അതിജീവിക്കാൻ ഈജിപിതിലേക്കു പോയ യാക്കോബിനും സന്തതികൾക്കുമൊപ്പമുണ്ടായിരുന്ന ശാവൂൽ എന്നയാൾ ദീനയുടെ മകനായിരിക്കാമെന്ന് റാശി കരുതി.[6][3][൨]

ആധുനികദൃഷ്ടിയിൽ

തിരുത്തുക

ദീനയുടെ കഥ ചരിത്രപരമായി അടിസ്ഥാനമുള്ളതോ എന്നു നിശ്ചയമില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്നുണ്ടായ കലഹങ്ങളുടെ പ്രതിഫലനം മാത്രമാകാം അതെന്ന് യഹൂദവിജ്ഞാനകോശം നിരീക്ഷിക്കുന്നു.[3] എങ്കിലും ഇസ്രായേലിന്റെ ചരിത്രത്തെക്കുറിച്ചു പൊതുവിലും, കാനാനിലെ ജനങ്ങളും ഇസ്രായേൽക്കാരും തമ്മിലുണ്ടായിരുന്ന സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചു പ്രത്യേകിച്ചും വിലപ്പെട്ട അറിവുകൾ നൽകുന്ന കഥയാണത്. ഇസ്രായേലിയരുടെ വിശ്വാസ-മര്യാദകളെക്കുറിച്ചും അഗ്രഛേദനാനുഷ്ഠാനവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിൽ സൂചനകളുണ്ട്.[1]

ഒന്നിലേറെ പൂർവകഥകളുടെ സമന്വയമാണ് ദീനയുടെ ദുരന്തത്തിന്റെ നിലവിലുള്ള ബൈബിൾപാഠത്തിനു പിന്നിലെന്ന് ബൈബിൾ നവനിരൂപണത്തിന്റെ പ്രാരംഭകനായ ജർമ്മൻ പണ്ഡിതൻ ഹെർമൻ ഗുൺകൾ (Hermann Gunkel) കരുതി. കഥയുടെ ചരിത്രപരമായ ഘടകങ്ങളിലൊന്ന് ദീന എന്നു പേരുള്ള ഒരു ഒരു ഗോത്രമായിരിക്കാമെന്നും ദീനയെ കീഴ്പെടുത്തിയ ഒരു പ്രബലനഗരമാകാം സെച്ചെം എന്നുമാണ് അദ്ദേഹത്തിന്റെ അനുമാനം. ഈ വ്യാഖ്യാനമനുസരിച്ച് ദീനയുടെ സഹോദരഗോത്രങ്ങളായ ലെവി, ശിമയോൻ എന്നിവ അതിനെ രക്ഷിക്കാൻ ശ്രമിച്ചു. യാക്കോബ് അവരുടെ ശ്രമത്തെ പിന്തുണച്ചില്ല എന്ന നിരീക്ഷണത്തിൽ നിന്ന്, ദീനയെ രക്ഷിക്കാനുള്ള സഹോദരഗോത്രങ്ങളുടെ ശ്രമം പരാജയത്തിൽ കലാശിച്ചു എന്നനുമാനിക്കാമെന്നും ഗുൺകൽ കരുതി. ഈ കലഹം യഥാർത്ഥത്തിൽ നടന്നത് പൂർവപിതാക്കന്മാരുടെ കാലത്തായിരിക്കില്ലെന്നും, ഇസ്രായേൽജനത കാനാൻ ദേശം കീഴടക്കിയതിനെ തുടർന്നുള്ള ന്യായാധിപന്മാരുടെ കാലത്തിന്റെ ആരംഭത്തിലാകാം അതു സംഭവിച്ചിരിക്കുകയെന്നുമുള്ള വിശദീകരണവും ഗുൺകൽ മുന്നോട്ടുവച്ചു.[3]

കറുത്ത സ്ത്രീത്വത്തിന്റെ പ്രതീകം

തിരുത്തുക
 
ദീന, നീഗ്രോസ്ത്രീയുടെ ഛായാപടം' ഈസ്റ്റ്മാൻ ജോൺസൺ വരച്ചത്.

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിൽ 'ദീന' അടിമത്തത്തിനു കീഴിൽ കഴിഞ്ഞ ആഫ്രിക്കൻ സ്ത്രീത്വത്തിന്റെ വിളിപ്പേരായി.[7] സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി 1850ൽ ന്യൂയോർക്ക് നഗരത്തിൽ നടന്ന ഒരു സമ്മേളനത്തിൽ സോജോണർ ട്രൂത്ത് എന്ന വനിത നടത്തിയ പ്രസംഗം ന്യൂയോർക്ക് ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. തന്നെപ്പോലെ അടിമത്തത്തിന്റെ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ പ്രതീകമായി അവർ ദീനയെന്ന പേരുപയോഗിച്ചു.[7]

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ടെന്നസിയിലെ തോട്ടങ്ങളിലൊന്നിൽ അടിമയായിരുന്ന ലിസി മക്‌ക്ലൗഡ്, യൂണിയൻ സൈന്യം എല്ലാ അടിമപ്പെണ്ണുങ്ങളേയും ദീന എന്നു വിളിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. യൂണിയൻ സൈന്യത്തിന്റെ വരവ് തങ്ങളെ ആദ്യം ഭയപ്പെടുത്തി എന്നു പറഞ്ഞിട്ട് അവർ ഇങ്ങനെ തുടരുന്നു: "പേടിച്ചുവിറച്ച് വീടിനടിയിൽ ഒളിച്ച ഞങ്ങളോട് യാങ്കികൾ പറഞ്ഞു 'പുറത്തേയ്ക്കു വരൂ ദീനാ' (അതല്ലാതെ ഒരു പേരും ആരേയും അവർ വിളിച്ചില്ല - didn't call none of us anything but Dinah). 'ദീന, നിങ്ങളെ സ്വതന്ത്രരാക്കി അടിമത്തത്തിൽ നിന്നു പുറത്തുകൊണ്ടുവരാനാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നത്' എന്നു പറഞ്ഞു അവർ."[8] യുദ്ധത്തിന്റെ സമാപനത്തിനു ശേഷം സ്വതന്ത്രരായ അടിമകളെ ലക്ഷ്യമാക്കി എഴുതിയ ഒരു ഉദ്ബോധനത്തിൽ ന്യൂയോർക്ക് ടൈംസ് പത്രം അവരിലെ പുരുഷന്മാരെ 'സാംബോ' എന്നും സ്ത്രീകളെ 'ദീന' എന്നും വിളിച്ചു: "സാംബോ, നീ സ്വതന്ത്രനാണ്, പക്ഷേ അദ്ധ്വാനിക്കുക. ദീന, നന്മനിറഞ്ഞവളായിരിക്കുക!"[9]

പിൽക്കാലത്ത് കറുത്ത സ്ത്രീകളെ മാതൃകയാക്കിയുള്ള പാവകൾക്കും മറ്റും ദീന എന്നു പേരിട്ടിടുക പതിവായി.[10]

അമേരിക്കൻ എഴുത്തുകാരി അനിറ്റാ ഡയമന്റിന്റെ 1997-ൽ പ്രസിദ്ധീകരിച്ച ചുവന്ന കൂടാരം (The Red Tent) എന്ന നോവൽ ദീനയുടെ ആത്മകഥയുടെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്നതാണ്. ഋതുമതികളായിരിക്കെയോ പ്രസവസമയത്തോ യഹൂദസ്ത്രീകളെ മാറ്റിപാർപ്പിച്ചിരുന്ന കൂടാരത്തെയാണ് നോവലിന്റെ പേരു പരാമർശിക്കുന്നത്.[11]

കുറിപ്പുകൾ

തിരുത്തുക

^ മരണത്തിനു മുൻപ് യാക്കോബ് മക്കൾക്കു നൽകിയ 'അനുഗ്രഹത്തിൽ' ശിമയോന്റെയും ലേവിയുടേയും 'ഓഹരി' ഇതായിരുന്നു: "ശിമയോനും ലേവിയും കൂടപ്പിറപ്പുകളാണ്. അവരുടെ വാളുകൾ അക്രമത്തിന്റെ ആയുധങ്ങളാണ്. അവരുടെ ഗൂഢാലോചനയിൽ എന്റെ മനസ്സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തിൽ എന്റെ ആത്മാവു പങ്കുചേരാതിരിക്കട്ടെ. എന്തെന്നാൽ തങ്ങളുടെ കോപത്തിൽ അവർ മനുഷ്യരെ കൊന്നു. ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പുവെട്ടി. അവരുടെ ഉഗ്രമായ കോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ. ഞാൻ അവരെ യാക്കോബിൽ നിന്നു വിഭജിക്കും. ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും."[12]

^ കാനാനിയനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ദീന കാനാൻകാരിയായി പരിഗണിക്കപ്പെട്ടെന്നും സഹോദരന്മാരിൽ ഒരാൾ അവളെ വിവാഹം കഴിച്ചെന്നും ചില റബൈനികരചനകളിലുണ്ട്.[5]

  1. 1.0 1.1 ദീന, ഓക്സ്ഫോർഡ് കംപാനിയൻ ടു ദ് ബൈബിൾ (പുറം 168)
  2. ഫ്ലാവിയസ് ജോസെഫസ്, യഹൂദപുരാവൃത്തം (The Antiquities of the Jews) ഒന്നാം പുസ്തകം, അദ്ധ്യായം 21, ദീനയുടെ മാനാപഹരണം
  3. 3.0 3.1 3.2 3.3 യഹൂദവിജ്ഞാനകോശത്തിൽ ദീനയെക്കുറിച്ചുള്ള ലേഖനം
  4. "Dina - Bible" Jewish Women's Archive, Encyclopedia
  5. 5.0 5.1 The Abduction of Dinah: Reading Genesis 28:10-35:15 as a Votive Narrative By Daniel Hankore(പുറം 165)
  6. Aish.com, Women in the Bible No.# Dinah
  7. 7.0 7.1 Footnote 3 Archived 2012-08-06 at the Wayback Machine. to "Women's Rights Convention", The New York Herald, October 26, 1850; U.S. Women's History Workshop.
  8. Slave Narratives: A Folk History of Slavery in the United States From Interviews with Former Slaves, The Federal Writers' Project, 1936-1938.
  9. Gutmann, Herbert, "Persistent Myths about the Afro-American Family" in The Slavery Reader, Psychology Press, 2003, p.263.
  10. Kyle Husfloen, Black Americana, Krause Publications, 2005, p.64.
  11. A Biblical Woman's Tale That Won Readers' Hearts, ലോസ് ആഞ്ചലസ് ടൈംസ് പത്രത്തിലെ റെവ്യൂ
  12. ഉല്പത്തിപ്പുസ്തകം 49:5-8)
"https://ml.wikipedia.org/w/index.php?title=ദീന&oldid=3634644" എന്ന താളിൽനിന്ന് ശേഖരിച്ചത്