ദശോപചാരങ്ങൾ
ഭാരതീയ ധർമശാസ്ത്ര പ്രകാരം അതിഥിക്കു നൽകേണ്ട പത്തുവിധം ഉപചാരങ്ങളാണ് ദശോപചാരങ്ങൾ. ആതിഥ്യമര്യാദയ്ക്കായി പ്രധാനമായും സ്വീകരിച്ചിരിക്കുന്നത് പത്ത് ചടങ്ങുകളെയാണ്.
- അർഘ്യം (പൂജിക്കാനുള്ള ജലം)
- പാദ്യം (കാൽ കഴുകാനുള്ള വെള്ളം)
- ആചമനീയം (ആചമിക്കാനുള്ള-കുലുക്കുഴിയാനുള്ള-ജലം; ശരീരശുദ്ധിക്കായാണ് ബ്രാഹ്മണൻ ആചമനം എന്നു പറയുന്നത്)
- മധുപർക്കം (കുടിക്കുന്നതിനുള്ള വെള്ളം)
- പാനീയം (തൈര്, നെയ്യ്, വെള്ളം, തേൻ, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്നത്)
- അനുലേപനം (ചന്ദനം, ചാന്ത് മുതലായവ ലേപനം ചെയ്യുക)
- പുഷ്പം (പൂക്കൾ കൊണ്ടുള്ള ഉപചാരം)
- ധൂപം
- ദീപം
- നിവേദ്യം എന്നിവയാണ് പത്ത് ഉപചാരങ്ങൾ. ദേവപൂജ ചെയ്യുന്നതിനും ഈ ഉപചാരങ്ങളെല്ലാം അനുഷ്ഠിക്കേണ്ടതുണ്ട്.
ഉപചാരങ്ങൾ പതിനാറെണ്ണമുണ്ട് എന്നൊരു പക്ഷവുമുണ്ട്. ഇവയ്ക്ക് ഷോഡശോപചാരങ്ങൾ എന്നാണ് പറയാറുള്ളത്.
ആസനം പാദ്യമർഘ്യം ച
സ്നാനീയം ചാനുലേപനം
ധൂപം ദീപം ച നൈവേദ്യം
താംബൂലം ശീതളം ജലം
വസനം ഭൂഷണം മാല്യം
ഗന്ധമാചമനീയകം
മനോഹരം സുതല്പം ച
ദേയാന്യേതാനി ഷോഡശ
(ആസനം, പാദ്യം, അർഘ്യം, സ്നാനീയം, അനുലേപനം, ധൂപം, ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസനം, ഭൂഷണം, മാല്യം, ഗന്ധം, ആചമനീയകം, സുതല്പം എന്നിവ).
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദശോപചാരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |