ദളവാകുളം കൂട്ടക്കൊല

(ദളാവാകുളം കൂട്ടക്കൊല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ വൈക്കം താലുക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ദളവാക്കുളം സ്ഥിതി ചെയ്തിരുന്നത്.നമ്പൂതിരിമാരല്ലാത്ത സവർണ്ണ ജനതക്കായി രാമയ്യൻദളവ 1754-ൽ കുത്തിച്ച കുളം പിന്നീട് ദളവാക്കുളമായി അറിയപ്പെട്ടത് ഇന്ന് അവിടെ വൈക്കം ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്നു.

വൈക്കം മാഹാദേവക്ഷേത്രം

പശ്ചാത്തലം

തിരുത്തുക

അയിത്തം, തീണ്ടൽ , എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ; നമ്പൂതിരി, ക്ഷത്രിയർ , നായന്മാർ , നസ്രാണികൾ, ഈഴവർ, പുലയർ , പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. [ക] തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക്‌ അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവർണ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരേയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവസമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവർക്കിടയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവക്ക് സംഘടിതസമരത്തിന്റെ ആക്കം ലഭിച്ചിരുന്നില്ല.

വൈക്കം ക്ഷേത്രം

തിരുത്തുക

കേരളത്തിലേ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം.ഇന്ത്യ ഒട്ടുക്കുള്ള 108 ശിവാലയങ്ങളിൽ ഒന്നായി അറിയപ്പെടുന്നേ ക്ഷേത്രം നിർമ്മിച്ചത് പരശുരാമനാണെന്നാണ് ഹൈന്ദവവിശ്വാസം. വൈക്കത്ത് അമ്പലത്തിനുള്ളിലെ പനച്ചിക്കൽ കാവും ബുദ്ധവിഹാരവും സംഘാരാമവും ആയിരുന്നുവെന്നും, വട്ടങ്ങളും മുക്കാൽ വട്ടങ്ങൾ എന്ന ഗജപൃഷ്ഠ വാസ്തുശൈലിയും ബുദ്ധ സംഘ കാലഘട്ടങ്ങളുടെ പ്രതീകങ്ങൾ ആണ് എന്നും അഭിപ്രായമുണ്ട്..ക്ഷേത്രത്തിലെ വട്ട ശ്രീകോവിൽ മഹാസ്തൂപ വസ്തു ശില്പത്തിന്റെ പരിണാമമാണ് എന്ന് പറയാം. കാലക്രമേണ ക്ഷേത്രം ബ്രഹ്മണ മേൽക്കോയ്മയിൽ വരികയും ബൌദ്ധരുടെ സ്തൂപ പ്രതിഷ്ഠ നശിപ്പിച്ചു ലിംഗ പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തതായും ബുദ്ധ മത വിശ്വാസികളെ അവർണർ എന്ന് വിളിച്ചു ക്ഷേത്രത്തിൽ നിന്ന് ആട്ടിയകറ്റിയതായും ക്ഷേത്രവഴികൾ അവർക്ക് നിഷിദ്ധം ആക്കപ്പെട്ടതായും അവകാശവാദങ്ങളുണ്ട്. എന്തുതന്നെയായാലും അതിപ്രശസ്തമായ വൈക്കം സത്യാഗ്രഹം നടക്കുന്നതുവരെ ക്ഷേത്രത്തിലും, ചുറ്റുമുള്ള വഴികളിലും അവർണ്ണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രസത്യമാണ്.

ചരിത്രസാധുത

തിരുത്തുക

എന്നാൽ ദളവാക്കുളം കൂട്ടക്കൊലക്ക് എന്തെങ്കിലും തരത്തിലുള്ള ചരിത്ര സാധുതയുള്ളതിന് തെളിവുകൾ നിലവിലില്ല. ദളവാക്കുളം കൂട്ടക്കൊലയെ പറ്റി പരാമർശിക്കുന്ന പുസ്തകങ്ങളിലൊന്നും( ദളിത്ബന്ധുവിൻ്റെത് അടക്കം) വ്യക്തവും ആധികാരികതയുള്ളതുമായ അവലംബം നൽകാൻ എഴുത്തുകാർക്ക് സാധിച്ചിട്ടുള്ളതായും കാണുന്നില്ല. ഇപ്രകാരമുള്ള സംഭവത്തെപ്പറ്റി തിരുവിതാംകൂർ സ്റ്റേറ്റ് രേഖകളിലോ, ബ്രിട്ടീഷ് റസിഡൻ്റിൻ്റെ റിപ്പോർട്ടുകളിലോ പരാമർശങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തതായി ആരോപിക്കപ്പെടുന്ന വേലുത്തമ്പി ദളവ ബ്രിട്ടീഷ് റെഡിഡൻ്റുമായി കടുത്ത വൈരം വച്ചുപുലർത്തിയിരുന്നിട്ടുപോലും ഇതുപോലെയുള്ള ഒരു സംഭവത്തെപ്പറ്റിയും അദ്ദേഹം ഈസ്റ്റ് ഇന്ത്യ കമ്പനി സർക്കാരിന് വിവരം കൊടുക്കുകയോ, രേഖപ്പെടുത്തുകയോ, സംഭവത്തെ അപലപിക്കുകയോ ചെയ്തിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. വളരെ വർഷങ്ങൾക്കു മുൻപ് ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് മാറ്റി നിർത്തിയാൽ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ബുദ്ധമതത്തിന് കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമുണ്ടായിരുന്നില്ലെന്നതും ഇതിനോട് കൂട്ടിവായിക്കപ്പെടേണ്ട ഒന്നാണ്. ദളവാക്കുളം സംഭവം പരാമർശിക്കുന്നതായി പറയപ്പെടുന്ന പ്രദേശികമായി പ്രചാരത്തിലുണ്ടായിരുന്ന ഒരു പടപ്പാട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പല ഗ്രന്ഥകാരന്മാരും സംഭവത്തിൻ്റെ സാധുത സമർത്ഥിക്കാൻ ശ്രമിക്കാറുള്ളത്. എന്നാൽ കൂട്ടക്കൊലയല്ല, മറിച്ച് അത് നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിനും വളരെ മുൻപ് നടന്ന, ക്ഷേത്രാചാരങ്ങളെപ്പറ്റി നായർ-ഈഴവ സമുദായക്കാർ തമ്മിലുണ്ടായ ഒരു തർക്കവും അതിനെത്തുടർന്നുണ്ടായ സായുധലഹളയുമാണ് ഈ പാട്ടിൻ്റെ പ്രതിപാദ്യവിഷയമെന്നും അഭിപ്രായമുണ്ട്. പൂർണ്ണരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത ഈ പാട്ടിൻ്റെ ശേഷിക്കുന്ന വരികളിൽ കാണാവുന്ന ലഹളയിൽ പങ്കെടുത്ത ഈഴവപ്പോരാളികളുടെ വർണ്ണനകളും ഈ അഭിപ്രായത്തിനെ ഭാഗികമായെങ്കിലും സാധൂകരിക്കുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ദളവാകുളം_കൂട്ടക്കൊല&oldid=4118208" എന്ന താളിൽനിന്ന് ശേഖരിച്ചത്