ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ
ദക്ഷിണഭാരതത്തിൽ ഹിന്ദി പ്രചാരണം നടത്തുന്ന സ്ഥാപനമാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ. ചെന്നൈയിലാണ് ആസ്ഥാനം. ഭാരതത്തിന് ഒരു പൊതുഭാഷ എന്ന
പൊതുഭാഷ
തിരുത്തുകഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഹിന്ദി അറിയാമെങ്കിലും, ഹിന്ദി പൊതുഭാഷയാകുമ്പോൾ അതിൽനിന്നു സംജാതമാകുന്ന ബുദ്ധിമുട്ടുകൾ ദക്ഷിണേന്ത്യക്കാർക്കായിരിക്കും കൂടുതൽ എന്ന വസ്തുത ഗാന്ധിജി വ്യക്തമായി ഗ്രഹിച്ചിരുന്നു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകൾ നാഗരി ലിപിയിലോ അതുമായി സാമ്യം വഹിക്കുന്ന ലിപികളിലോ എഴുതപ്പെടുന്നവയാണ്. എന്നാൽ, ദക്ഷിണ ഭാരതത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ദ്രാവിഡ ഗോത്രത്തിലുള്ള നാലുഭാഷകൾക്കും ഹിന്ദിയോടു സാധർമ്യം വളരെയധികമില്ല. ഈ സാഹചര്യത്തിലാണ് മഹാത്മാഗാന്ധി അലഹബാദ് ഹിന്ദി സമ്മേളനത്തിന്റെ ഒരു ശാഖ ചെന്നൈയിൽ ഉദ്ഘാടനം ചെയ്യാൻ നേതൃത്വം നൽകിയതും അതിന്റെ വിജയകരമായ നിർവഹണത്തിന് സ്വപുത്രനായ ദേവദാസ് ഗാന്ധിയെ നിയോഗിച്ചതും ദക്ഷിണേന്ത്യയിൽ ഹിന്ദിപ്രചാരണത്തിന് തുടക്കമിട്ടതും. 1918 മുതൽ 1948 ജനുവരി 30 വരെ ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ അധ്യക്ഷനായി പ്രവർത്തിക്കുകയും പ്രവർത്തനത്തിനുള്ള നേതൃത്വം പുത്രനായ ദേവദാസ് ഗാന്ധിയെ ഏല്പിക്കുകയും ചെയ്തു.
ബ്രിട്ടിഷ് ഭരണത്തിൽ, ദക്ഷിണേന്ത്യയുടെ ഭരണസിരാകേന്ദ്രം മദ്രാസ് (ചെന്നൈ) നഗരമായിരുന്നു. തന്നിമിത്തം ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ആസ്ഥാനമായി മദ്രാസിനെ തിരഞ്ഞെടുത്തു. ഗാന്ധിജിയുടെ വ്യക്തിപ്രഭാവവും സി. രാജഗോപാലാചാരിയുടെ സാന്നിധ്യവും ഈദൃശപ്രവർത്തനങ്ങളെ സുഗമമാക്കിത്തീർത്തു. ത്യാഗരാജ നഗറിലെ അഞ്ചേക്കർ ഭൂമിയിൽ നിർമിതമായ വാസ്തുശില്പസൌന്ദര്യമാർന്ന മൂന്ന് സൌധങ്ങളാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ കേന്ദ്രകാര്യാലയം.
പരീക്ഷകൾ
തിരുത്തുക- പരിചയ്
- പ്രാഥമിക്
- മദ്ധ്യമ
- രാഷ്ട്രഭാഷ
- പ്രവേശിക
- വിശാരദ് പൂർവ്വാർദ്ധ്
- വിശാരദ് ഉത്തരാർദ്ധ്
- പ്രവീൺ പൂർവ്വാർദ്ധ്
- പ്രവീൺ ഉത്തരാർദ്ധ്
ആരംഭം
തിരുത്തുകപ്രാരംഭദശയിൽ മഹാത്മാഗാന്ധിയുടെയും ദേവദാസ് ഗാന്ധിയുടെയും നിസ്വാർഥമായ പരിചരണം ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയ്ക്ക് സമൃദ്ധമായി ലഭിച്ചിരുന്നു. കുറച്ചുകാലം ദേവദാസ് ഗാന്ധി സെക്രട്ടറിയായും പ്രവർത്തിച്ചു. ഗാന്ധിജിക്കുശേഷവും സി. രാജഗോപാലാചാരി, പട്ടാഭി സീതാരാമയ്യ തുടങ്ങിയവരുടെ സാന്നിധ്യം സഭയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. എന്നാൽ 1950-നു ശേഷം, അതായത് ഇന്ത്യ റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, രാജഗോപാലാചാരിക്ക് ഹിന്ദിയോടുള്ള സമീപനത്തിൽ മാറ്റം സംഭവിച്ചു. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ സർവതോമുഖമായ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർന്നുവന്ന രാഷ്ട്രപതിമാരെല്ലാം സഭയുടെ ഔദ്യോഗിക പ്രസിഡന്റുമാരായി പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവർ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ വികാസോന്മുഖമായ പ്രവർത്തനത്തിന് ക്രിയാത്മകമായ നേതൃത്വം നൽകിയവരാണ്. ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും സഭയുടെ അധ്യക്ഷപദവിയും അലങ്കരിച്ചിരുന്നു.
പ്രവർത്തന വിപുലീകരണം
തിരുത്തുകസഭയുടെ പ്രവർത്തനം വിപുലീകരിക്കാനാണ് ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സഭാകാര്യാലയങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേന്ദ്രസഭയുടെ മാർഗരേഖ സ്വീകരിച്ച്, സ്വന്തം പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യത്തോടെ ആന്ധ്രയിലും കേരളത്തിലും കർണാടകത്തിലും സഭാകാര്യാലയങ്ങൾ സ്ഥാപിതമായി. ആന്ധ്രയിൽ ധാർവാഡിലും തമിഴ്നാട്ടിൽ മദ്രാസിലും കേരളത്തിൽ എറണാകുളത്തും കർണാടകത്തിൽ മൈസൂറിലും കാര്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. ഓരോ സംസ്ഥാന ഘടകത്തിന്റെയും അധികാരപരിധിയിൽ നിരവധി സ്ഥലങ്ങളിൽ വിദ്യാലയങ്ങളും ട്രെയിനിങ് സ്ഥാപനങ്ങളും പ്രവർത്തനക്ഷമങ്ങളാണ്. കേരളമൊട്ടാകെ സഭയുടെ നിരവധി പ്രാമാണിക പ്രചാരകന്മാർ ഹിന്ദിപ്രചാരണം സ്തുത്യർഹമായി നിർവഹിച്ചുവരുന്നു. ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പരീക്ഷാവിഭാഗം പ്രഥമ, മധ്യമ, രാഷ്ട്രഭാഷ എന്നീ പ്രാരംഭപരീക്ഷകളും പ്രവേശിക കഴിഞ്ഞ് രാഷ്ട്രഭാഷാ വിശാരദ്, പ്രവീൺ എന്നീ ബിരുദ നിലവാരത്തിലുള്ള പരീക്ഷകളും നടത്തിവരുന്നുണ്ട്. ഓരോ പരീക്ഷയ്ക്കും മാതൃഭാഷയിൽ ഒരു പേപ്പർ നിർബന്ധവുമാണ്. 1947-ൽ രാഷ്ട്രം വിഭജിക്കപ്പെടുന്നതിനുമുമ്പ് ഉർദുവിലും പരീക്ഷ നടത്തിയിരുന്നു.
വിശാരദ്, പ്രവീൺ എന്നീ ബിരുദങ്ങൾ സമ്മാനിക്കുന്നതിന് ഔപചാരികമായി ബിരുദദാന ചടങ്ങും അതോടൊപ്പം ബിരുദദാന പ്രഭാഷണവും എല്ലാ വർഷവും കേന്ദ്രസഭതന്നെ നടത്തിവരുന്നുണ്ട്. ബിരുദദാനം നടത്തുന്നവർ രാഷ്ട്രനിർമ്മാണത്തിൽ നേതൃത്വം വഹിക്കുന്നവരുമായിരിക്കും. മഹാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങായും ബിരുദദാനസമ്മേളനങ്ങൾ പരിണമിക്കാറുണ്ട്. സഭയുടെ ബിരുദദാന പ്രഭാഷണത്തിനായി പങ്കെടുത്ത മഹാപ്രതിഭകളിൽ ചിലരാണ് പ്രശസ്ത ഹിന്ദികവി രാം നരേശ് ത്രിപാഠി, നോവൽ സമ്രാട്ട് പ്രേംചന്ദ്, ബാബു പുരുഷോത്തം ദാസ് ടണ്ഡൻ, സരോജനി നായിഡു, പട്ടാഭി സീതാരാമയ്യ, വിനോബ ഭാവേ, സെയ്ദ് അബ്ദുള്ള, രാജകുമാരി അമൃതാ കൗർ, ഡോ. സക്കീർഹുസൈൻ, രംഗനാഥ് രാമചന്ദ്ര ദിവാകർ, ശ്രീപ്രകാശ്, വി. രാമകൃഷ്ണറാവു, ഡോ. രാജേന്ദ്രപ്രസാദ്, ജഗജ്ജീവൻ റാം, ഡോ. ഹരികൃഷ്ണ മേഹത്താബ്, ഡോ. ബി. ഗോപാലറെഡ്ഡി, ഡോ. ശ്രീമാലി, ലാൽ ബഹാദൂർ ശാസ്ത്രി, ഡോ. സുശീലാ നയ്യാർ, ജ്ഞാനപീഠ ജേതാവായ പ്രശസ്ത കവി രാംധാരീ സിംഹ് ദിൻകർ എന്നിവർ. സഭ 340-ൽപ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ ഹിന്ദി ഭാഷയിലെ താരതമ്യേന ക്ളിഷ്ടതയേറിയ വ്യാകരണതത്ത്വങ്ങളെ സരളവും ലളിതവും തദ്വാരാ ബോധഗമ്യവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. 1936-ൽ ആരംഭിച്ച ഹിന്ദി പ്രചാരക് എന്ന ഹിന്ദിമാസികയും മുടക്കംകൂടാതെ തുടരുന്നുണ്ട്. കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി-മലയാളം ദ്വൈമാസികയായ കേരള ഭാരതിയും എറണാകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്നു.
പുറംകണ്ണികൾ
തിരുത്തുക- http://www.dbhpsabha.org/
- http://ekikrat.in/Dakshina-Bharat-Hindi-Prachar-Sabha Archived 2011-09-08 at the Wayback Machine.
- http://www.dbhpskerala.org/ Archived 2014-12-16 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |