ഒരു മലയാളചലച്ചിത്ര അഭിനേതാവും നിർമ്മാതാവും സംവിധായകനുമാണ് തോമസ് ബർളി (1932). 1953-ൽ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി സ്വദേശിയാണ് ഇദ്ദേഹം. ഇതുമനുഷ്യനോ [2] എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1985-ൽ പ്രേംനസീർ നായകനായി പുറത്തിറങ്ങിയ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം ഇദ്ദേഹം തന്നെ കൈകാര്യം ചെയ്തു[3]. തിരമാല പുറത്തിറങ്ങി രണ്ടാം വർഷം ഇദ്ദേഹം ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് യാത്രയായി. 15 വർഷക്കാലം അവിടെ പഠനത്തിനായും മറ്റും ചിലവഴിച്ചു. അക്കാലത്ത് ഹോളിവുഡിൽ മായാ എന്നൊരു ചിത്രം കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെവർ സുഫ്യൂ എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. ചിത്രരചനയിലും പ്രവേശിച്ച തോമസ് രചിച്ച ഗാലിയൻ എന്ന ചിത്രം രാജ്യാന്തരചിത്രരചനാപ്രദർശനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ ശേഷമാണ് ഇതു മനുഷ്യനോ എന്ന ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു എന്ന ഗാനം ഈ ചലച്ചിത്രത്തിലേതാണ്.

സാഹിത്യമേഖലയിലാണ് തോമസ് പിന്നീട് പ്രവേശിച്ചത്. ഇംഗ്ലീഷ് കവിത ബിയോൻഡ് ഹാർട്ട് എന്ന പേരിൽ പുറത്തിറക്കി. തന്റെ പിതാവിന്റെ സ്മരണക്കായി ഫ്രാഗ്രന്റ് പെറ്റൽസ് എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ഓ കേരള എന്ന പേരിൽ ഒരു കാർട്ടൂൺ ബുക്കും ഇദ്ദേഹം പുറത്തിറക്കി. മജീഷ്യൻ, വയലിൻ, മാന്റലിൻ വാദനം തുടങ്ങിയ മേഖലകളിലും ഇദ്ദേഹം പ്രവേശിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=തോമസ്_ബർളി&oldid=2329577" എന്ന താളിൽനിന്ന് ശേഖരിച്ചത്