തോമസ് ബർളി

(തോമസ് ബർലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര അഭിനേതാവും നിർമ്മാതാവും സംവിധായകനുമാണ് തോമസ് ബർളി (1932 സെപ്റ്റംബർ 1-2024 ഡിസംബർ 16). 1953-ൽ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി സ്വദേശിയാണ് ഇദ്ദേഹം. ഇതുമനുഷ്യനോ [2] എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1985-ൽ പ്രേംനസീർ നായകനായി പുറത്തിറങ്ങിയ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം ഇദ്ദേഹം തന്നെ കൈകാര്യം ചെയ്തു[3]. തിരമാല പുറത്തിറങ്ങി രണ്ടാം വർഷം ഇദ്ദേഹം ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് യാത്രയായി. 15 വർഷക്കാലം അവിടെ പഠനത്തിനായും മറ്റും ചിലവഴിച്ചു. അക്കാലത്ത് ഹോളിവുഡിൽ മായാ എന്നൊരു ചിത്രം കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെവർ സുഫ്യൂ എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. ചിത്രരചനയിലും പ്രവേശിച്ച തോമസ് രചിച്ച ഗാലിയൻ എന്ന ചിത്രം രാജ്യാന്തരചിത്രരചനാപ്രദർശനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ ശേഷമാണ് ഇതു മനുഷ്യനോ എന്ന ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു എന്ന ഗാനം ഈ ചലച്ചിത്രത്തിലേതാണ്.

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലെ കുരിശിങ്കൽ കുടുംബത്തിൽ, കെ. ജെ. ബെർളിയുടെയും ആനി ബെർളിയുടെയും മകനായി 1932 സെപ്റ്റംബർ 1 നാണ് തോമസ്‌ ബെർളിയുടെ ജനനം.[4] ഫോർട്ടുകൊച്ചിയിലും എറണാകുളത്തുമായി ആദ്യ കാല വിദ്യാഭ്യാസം.

1954 ൽ സിനിമാപഠനത്തിനായി അമേരിക്കൻ ഐക്യനാടുകളിലെത്തിയ അദ്ദേഹം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സിനിമാപഠനം പൂർത്തിയാക്കി. അവിടെ നിന്നും തിയേറ്റർ ആർട്സ് ബിരുദം പൂർത്തിയാക്കി.[5] തുടർന്ന് അമേരിക്കയിൽ തങ്ങിയ അദ്ദേഹം 1970 കളിൽ ഫോർട്ട് കൊച്ചിയിൽ തിരിച്ചെത്തി മത്സ്യക്കയറ്റുമതി വ്യവസായിയായി.[4]

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഡിസംബർ 16 ന് തോമസ് ബെർളി അന്തരിച്ചു.[6]

വ്യക്തി ജീവിതം

തിരുത്തുക

അദ്ദേഹത്തിനും ഭാര്യ സോഫി തോമസിനും 3 മക്കൾ.[7]

സംഭാവനകൾ

തിരുത്തുക

1953 ൽ വിമൽകുമാർ സംവിധാനം ചെയ്ത തിരമാല എന്ന മലയാള ചലചിത്രത്തിൽ നായകനായി. പിൽക്കാലത്ത് നായകനായി പ്രസിദ്ധനായ സത്യൻ ആയിരുന്നു ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.[8][9]

കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സിനിമാപഠനം പൂർത്തിയാക്കിയ ശേഷം നിരവധി ഹോളിവുഡ് ചിത്രങ്ങളിലും, കൗബോയ് ചിത്രങ്ങളിലും അവിടുത്തെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.[4] ഹോളിവുഡിൽ മായാ എന്ന കുട്ടികളുടെ ചിത്രം പുറത്തിറക്കിയ അദ്ദേഹം പഠനകാലത്ത് എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കിയിട്ടുണ്ട്.[4] [10]

ചിത്രരചനയിലും തൽപരനായിരുന്ന അദ്ദേഹത്തിൻ്റെ ഗാലിയൻ എന്ന ചിത്രം രാജ്യാന്തര ചിത്രരചനാപ്രദർശനത്തിലും ഇടംനേടിയിരുന്നു.[4]

കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം 1973 ൽ ഇത് മനുഷ്യനോ, 1985 ൽ വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. വെള്ളരിക്കാപട്ടണത്തിന്റെ നിർമാണവും (എബ്രഹാം തരകനോടൊപ്പം), തിരക്കഥ- സംഭാഷണവും സംഗീത സംവിധാനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്.[4]

സാഹിത്യമേഖലയിലാണ് തോമസ് പിന്നീട് പ്രവേശിച്ചത്. ഇംഗ്ലീഷ് കവിത ബിയോൻഡ് ഹാർട്ട് എന്ന പേരിൽ പുറത്തിറക്കി. തന്റെ പിതാവിന്റെ സ്മരണക്കായി ഫ്രാഗ്രന്റ് പെറ്റൽസ് എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ഓ കേരള എന്ന പേരിൽ ഒരു കാർട്ടൂൺ ബുക്കും ഇദ്ദേഹം പുറത്തിറക്കി. ഹോളിവുഡ് ഒരു മരീചിക എന്ന പേരിൽ തൻ്റെ സിനിമാ അനുഭവങ്ങളും പുറത്തിറക്കി.[10] മജീഷ്യൻ, വയലിൻ, മാന്റലിൻ വാദനം തുടങ്ങിയ മേഖലകളിലും ഇദ്ദേഹം പ്രവേശിച്ചിരുന്നു.

  1. Thiramala (1953)
  2. Ithu Manushiano? (1973)
  3. Vellarikka Pattanam (1985)
  4. 4.0 4.1 4.2 4.3 4.4 4.5 "Thomas Berly| ഹോളിവുഡിലെത്തിയ കൊച്ചിക്കാരൻ; സത്യൻ വില്ലനായ ചിത്രത്തിലെ നായകൻ ;ആരാണ് തോമസ് ബെർളി?". 2024-12-17. Retrieved 2024-12-17.
  5. Daily, Keralakaumudi. "ഹോളിവുഡ് ഓർമകളിൽ നടൻ തോമസ് ബെർളി". Retrieved 2024-12-17.
  6. Daily, Keralakaumudi. "തോമസ് ബെർളി നിര്യാതനായി". Retrieved 2024-12-17.
  7. "ഹോളിവുഡ് നടനും കൊച്ചിയിലെ വ്യവസായിയുമായ തോമസ് ബെർളി അന്തരിച്ചു". 2024-12-17. Retrieved 2024-12-17.
  8. "1954-ൽ ഹോളിവുഡിൽ അഭിനയിച്ച മലയാളി; കാലിഫോർണിയയിൽ സിനിമാപഠനം, അന്ന് 2500 ഡോളർ വേതനം". 2024-12-17. Retrieved 2024-12-17.
  9. "സിനിമയ്ക്ക് തിരക്കഥ വേണോ? പുത്തൻ പ്രമേയങ്ങൾക്കായി തോമസ് ബെർളിയെ സമീപിക്കാം!". 2022-03-31. Retrieved 2024-12-17.
  10. 10.0 10.1 ഡെസ്ക്, സമകാലിക മലയാളം (2024-12-17). "1954ൽ ഹോളീവുഡിൽ അഭിനയിച്ച മലയാളി; തോമസ് ബെർളി അന്തരിച്ചു". Retrieved 2024-12-17.
"https://ml.wikipedia.org/w/index.php?title=തോമസ്_ബർളി&oldid=4174760" എന്ന താളിൽനിന്ന് ശേഖരിച്ചത്