ഇറ്റാലിയൻ കവിയായിരുന്നു തൊർക്കാത്തോ താസോ. ജെറുസലേം ലിബറാത്ത എന്ന ഇതിഹാസ കാവ്യം രചിച്ച താസോ നവോത്ഥാനകാലത്തെ ഏറ്റവും മികച്ച കവിയായി കരുതപ്പെടുന്നു. 1544 മാർച്ച് 11-ന് സൊറേന്റോയിൽ ജനിച്ചു. പിതാവ് ബർണാദൊയും കവിയായിരുന്നു. താസോയുടെ ബാല്യകാലത്ത് കുടുംബത്തിന് പല തകർച്ചകളും നേരിടേണ്ടിവന്നു. 1552-ൽ പിതാവായ ബർണാദൊയെ നേപ്പിൾസിൽ നിന്ന് നാടുകടത്തിയപ്പോൾ താസോയും കൂടെ പോയി. നാല് വർഷക്കാലം റോമിലാണ് താമസിച്ചത്. അവിടെവച്ച് ദുരൂഹമായ സാഹചര്യത്തിൽ മാതാവ് മരണമടഞ്ഞു. 1557-ൽ പിതാവിനോടൊപ്പം പെസാറോയിലേക്കും പിന്നീട് അർബിനോയിലേക്കും താമസം മാറ്റി. 1560-ൽ പാദുവയിലെത്തിയ താസോ നിയമവും തത്ത്വശാസ്ത്രവും പഠിച്ചു. സിപിയോൺഗൊൺ സാഗൊയുടെ സുഹൃത്തായി മാറിയ താസോ അദ്ദേഹത്തിന്റെ അക്കാദമി ഒഫ് എറ്ററിയിൽ അംഗമായി ചേർന്നു.

തൊർക്കാത്തോ താസോ
ജനനം(1544-03-11)11 മാർച്ച് 1544
Sorrento, Kingdom of Naples
മരണം25 ഏപ്രിൽ 1595(1595-04-25) (പ്രായം 51)
Rome, Papal States
തൊഴിൽPoet
GenreEpic poetry, lyric poetry

ആദ്യ ഇതിഹാസ കാവ്യം

തിരുത്തുക

താസോയുടെ ആദ്യത്തെ ഇതിഹാസ കാവ്യമായ റിനാൾദൊ 1562-ൽ പ്രസിദ്ധീകരിച്ചു. ഏതാനും ഭാവഗീതങ്ങളും ഇക്കാലത്ത് രചിക്കുകയുണ്ടായി. 1565-ൽ കാർഡിനലിന്റെ കീഴിൽ ഉദ്യോഗസ്ഥനായ താസോ പിന്നീട് ഫെറാറയിലേക്കു താമസം മാറ്റി. നവോത്ഥാന പാരമ്പര്യത്തിൽ തയ്യാറാക്കിയ കൺക്ളുഷനി ദി അമോർ 1581-ൽ പ്രസിദ്ധീകരിച്ചു. ഇക്കാലത്ത് നിരവധി ഭാവഗീതങ്ങളും താസോ രചിക്കുകയുണ്ടായി. 1573-ൽ അവതരിപ്പിച്ച അമിന്റ എന്ന ഇടയനാടകം 1580-ൽ പ്രസിദ്ധീകരിച്ചു. ഗലിയാൾട്ടൊ റി ദി സവേജിയ (1574) എന്ന ദുരന്തനാടകവും ജറുസലേം ലിബറാത്ത(1575) എന്ന മഹാകാവ്യവുമാണ് ഇക്കാലത്തു രചിച്ച മറ്റു മികച്ച കൃതികൾ. 1572-ൽ ഡ്യൂക്ക് അൽഫോൺസൊ IIന്റെ സർവീസിൽ നിന്ന് താസോ വിരമിച്ചു. പിൽക്കാലത്ത് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ താസോയിൽ കണ്ടുതുടങ്ങി. ജറുസലേം ലിബറാത്ത എന്ന ഇതിഹാസകാവ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് താസോ തന്റെ ഉറ്റ സുഹൃത്തുക്കളോട് അഭിപ്രായമാരാഞ്ഞിരുന്നു. അവരിൽ പലരുടേയും വിമർശനങ്ങൾ ഇദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചു. ഈ സാഹചര്യത്തിൽ താസോ വിശ്രമമില്ലാതെ അനേക രാജ്യങ്ങളിൽ പര്യടനം നടത്തി. 1577-ൽ റോമിലും 78-ൽ ഫെറാറായിലുമെത്തി. അവിടത്തെ ഡ്യൂക്കിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും അവഗണനയുടെ പേരിൽ അക്രമാസക്തനാവുകയും ചെയ്തു. ഇതേത്തുടർന്ന് അറസ്റ്റുചെയ്യപ്പെട്ട താസോ ഏഴ് വർഷക്കാലം തടവിൽ കഴിഞ്ഞു. ഇക്കാലത്ത് ഇദ്ദേഹം അനേകം കവിതകൾ രചിക്കുകയുണ്ടായി. ഇവയിൽ പലതും തന്റെ ഇതിഹാസകാവ്യത്തെ ന്യായീകരിക്കുന്നവയായിരുന്നു. 1586-ൽ ഫാദർ ഏഞ്ചലിയോ ഗ്രില്ലോയുടേയും രാജകുമാരനായ വിൻസെൻസോ ഗൊൺസാഗയുടേയും ഇടപെടലിനെ തുടർന്ന് താസോ മോചിതനായി.

നാടരചനയും കവിതാരചനയും

തിരുത്തുക

തടവിൽനിന്നു പുറത്തുവന്ന താസോയ്ക്ക് മൻത്വായിൽ ഊഷ്മളമായ വരവേല്പാണു ലഭിച്ചത്. ഇവിടെവച്ച് ഗലിയാൻതൊ എന്ന ദുരന്തനാടകം പരിഷ്കരിച്ചത് ടോറിസ് മോൺടൊ (1587) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതേവർഷംതന്നെ റോമിലേക്കു കടന്ന താസോ അവിടത്തെ കാർഡിനലായ ഗൊൺസാഗയുടെ അതിഥിയായിട്ടാണ് അവസാനകാലം ചെലവഴിച്ചത്. 1593-ൽ ഇതിഹാസ കാവ്യം പരിഷ്കരിച്ച് ജറുസലേം കോൺക്വിസ്താത്ത എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1591-ൽ നേപ്പിൾസിലായിരുന്നപ്പോൾ താസോ മതപരമായ കവിതകൾ പലതും രചിക്കുകയുണ്ടായി. മോൺടി ഒലിവെറ്റോ (1605), സെറ്റെഗിയോർണേറ്റ് ദെൽമോൺടൊ ക്രീറ്റൊ (1600) എന്നീ കവിതാസമാഹാരങ്ങളിൽ ഇവ ഉൾപ്പെടുത്തിയിരിക്കുന്നു.

മാസ്റ്റർപീസ്

തിരുത്തുക

റിനാൾദൊ എന്ന ഇതിഹാസകാവ്യം രചിക്കുമ്പോൾ താസോ കാവ്യഭാവനയേക്കാൾ പ്രാധാന്യം കല്പിച്ചത് സാങ്കേതിക മേന്മയ്ക്കായിരുന്നു. പത്തുവർഷത്തിനുശേഷം രചിച്ച അമിന്റ എന്ന നാടകം മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നു. ജറുസലേം ലിബറാത്ത എന്ന കാല്പനിക മഹാകാവ്യത്തിന്റെ മുന്നോടികളായിരുന്നു ഈ രചനകൾ. ഒട്ടാവോ റിമാ എന്ന ഛന്ദസ്സിൽ രചിച്ച ഈ കൃതി ഇരുപത് വാല്യങ്ങൾ ഉൾക്കൊള്ളുന്നു. കുരിശുയുദ്ധത്തെത്തുടർന്ന് ജറുസലേം വിമോചിപ്പിക്കപ്പെടുന്നതാണ് ഇതിലെ മുഖ്യ പ്രതിപാദ്യം. നായകനായ ഗോഫ്രെദോയുടെ സേനാനായകനായ റിനാൾദോ ഫെറാറയിലെ ഡ്യൂക്കുകളുടെ മുൻഗാമിയാണെന്നു കരുതപ്പെടുന്നു. ടാൻക്രെദോ, അമസോൺ ക്ലോറിന്റ എന്നിവരുടെ ദുരന്ത പ്രേമകഥയും സോഫ്രോനിയ, ഒലിന്റോ എന്നിവരുടെ ത്യാഗോജ്ജ്വലമായ പ്രേമകഥയും മറ്റും ഉപകഥകളായി ചേർത്തിരിക്കുന്നു. നവോത്ഥാന കാലത്തെ പ്രവണതകൾ ഏറെ ഉൾക്കൊണ്ട ഒരു മികച്ച കലാസൃഷ്ടിയാണിത്.

1595 ഏപ്രിൽ 25-ന് റോമിൽ താസോ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താസോ, തൊർക്കാത്തോ (1544 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊർക്കാത്തോ_താസോ&oldid=2283422" എന്ന താളിൽനിന്ന് ശേഖരിച്ചത്