തെയ്യാൻ പാമ്പ്
നീർക്കോലിപ്പാമ്പിനോടു സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് തെയ്യാൻ പാമ്പ്. ഇത് നാട്രിസിഡേ കുടുംബത്തിൽപ്പെടുന്നു. ഈ പാമ്പിന്റെ ശാസ്ത്രനാമം അംഫീസ്മാ സ്റ്റൊളാറ്റ എന്നാണ്. പ്രാദേശികമായി ഇവ പടകൂടി, തേയിപ്പാമ്പ്, പുല്ലുരുവി, തെയ്യൻ പാമ്പ്, തേളിയൻ, ദൈവത്താൻകുട്ടി എന്ന പേരിലും അറിയപ്പെടുന്നു. മറ്റു പാമ്പുകളെ അപേഷിച്ച് കൂട്ടമായി താമസിക്കുന്നതിനാലാണ് ഇവ പടകൂടി എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണ തെയ്യാൻ പാമ്പുകളെ കണ്ടുവരുന്നത്. നെൽവയലുകൾ, കുളക്കരകൾ, ഇടതൂർന്നു വളരുന്ന പുൽമേടുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളാണ് തെയ്യാൻ പാമ്പുകളുടെ ഇഷ്ട വാസസ്ഥലം.
Buff striped keelback | |
---|---|
at Yavatmal | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Colubridae |
Genus: | Amphiesma A.M.C. Duméril, Bibron, & A.H.A. Duméril, 1854 |
Species: | A. stolatum
|
Binomial name | |
Amphiesma stolatum | |
Synonyms | |
ഒരു മീറ്ററോളം നീളത്തിൽ വളരുന്ന തവിട്ടുനിറത്തിലുള്ള പാമ്പാണിത്. നീണ്ട വാലും വലിയ കണ്ണും വരകളുള്ള ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. തീരെ ഉപദ്രവകാരിയല്ലാത്ത ഈ പാമ്പിനെ സമതലങ്ങളിലാണ് സാധാരണ കാണുന്നത്. മഴക്കാലത്ത് ഇവ കൂട്ടമായി സഞ്ചരിക്കാറുണ്ട്. ഒരെണ്ണത്തിന്റെ കൊന്നാൽ പത്തെണ്ണം ഒന്നിനും പിറകെ എത്തുന്നതായി കാണുന്നത് കൊണ്ട് ഇവയ്ക്ക് പടകൂട്ടി എന്നൊരു പേരുണ്ട്. തേളിയൻ, ദൈവത്താൻ കുട്ടി എന്നിങ്ങനെയും ഇവയെ വിളിയ്ക്കാറുണ്ട്.
ശരീരഘടന
തിരുത്തുക40 സെന്റിമീറ്ററാണ് തെയ്യാൻ പാമ്പുകളുടെ ശരാശരി നീളം. പെൺപാമ്പുകൾക്ക് 80 സെന്റിമീറ്റർ വരെ നീളമുണ്ടായിരിക്കും. ശരീരത്തിന് ഇളം തവിട്ടോ ഇരുണ്ട തവിട്ടോ നിറമാണ്. തല മുതൽ വാൽ വരെ ശരീരത്തിന്റെ ഇരു പാർശ്വങ്ങളിലുമായി മഞ്ഞനിറത്തിലോ മഞ്ഞകലർന്ന തവിട്ടുനിറത്തിലോ ഉള്ള രണ്ട് വരകൾ കാണാം. ശരീരത്തിന്റെ അവസാന പകുതിയിൽ ഈ വരകൾ കൂടുതൽ പ്രകടമാണ്. തല ഇളം തവിട്ടുനിറമാണ്; വായയുടെ ചുറ്റിലും കണ്ണുവരെയുള്ള ഭാഗങ്ങളിലും ഇളം മഞ്ഞനിറവും. വായിൽ 21-24 പല്ലുകളുണ്ട്. തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ കാണുന്ന തെയ്യാൻ പാമ്പുകളുടെ കണ്ണുകൾക്കു പിന്നിൽ വീതിയുള്ള കറുത്ത വരകളുണ്ട്. തെയ്യാൻ പാമ്പുകളുടെ ശരീരം മുഴുവൻ പരുക്കൻ ശൽക്കങ്ങൾ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
സഞ്ചാരരീതി
തിരുത്തുകപകൽ സമയങ്ങളിലാണ് തെയ്യാൻ പാമ്പുകൾ സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവ പാറയിടുക്കുകളിലോ കുറ്റിക്കാടുകളിലോ മാളങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഉറങ്ങുന്നു.
ഭക്ഷണം
തിരുത്തുകതവളകളാണ് തെയ്യാൻ പാമ്പുകളുടെ മുഖ്യ ആഹാരം. പല്ലികൾ, ചെറിയ എലികൾ, പോക്കാച്ചിത്തവളകൾ എന്നിവയെയും ഇവ ജീവനോടെ വിഴുങ്ങാറുണ്ട്. തെയ്യാൻ പാമ്പുകളെ പിടികൂടിയാൽപ്പോലും അപൂർവമായേ ഇവ ഉപദ്രവിക്കാറുള്ളൂ. ഭയപ്പെടുന്ന അവസരത്തിൽ ഇവ പത്തി വിടർത്താറുണ്ട്. പത്തി വെള്ളയോ നീലയോ ചുവപ്പോ നിറത്തിലുള്ള ശല്ക്കങ്ങളാൽ ആവൃതമാണ്.
പ്രജനനം
തിരുത്തുകതെയ്യാൻ പാമ്പുകൾക്ക് പ്രത്യേക പ്രജനനകാലമില്ല. പ്രജനനകാലത്ത് ആറോ അതിലധികമോ ആൺപാമ്പുകൾ ഒരു പെൺപാമ്പിനെ അനുഗമിക്കുന്നു. പെൺപാമ്പ് ഒരുസമയം പന്ത്രണ്ടോളം മുട്ടകളിടുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഒമ്പതു സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. പ്രാണികൾ, വാൽമാക്രികൾ, തവളക്കുഞ്ഞുങ്ങൾ തുടങ്ങിയവയെ കുഞ്ഞുങ്ങൾ ഭക്ഷിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെയ്യാൻ പാമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |