താപനില അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണമാണ് തെർമൊകപ്പിൾ അഥവാ താപീയ ജോടി. സീബെക്ക് പ്രഭാവത്തെ (Seebeck effect) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. അത്യന്തം താഴ്ന്ന താപനിലയായ 0.001 K (കെൽവിന്‍) മുതൽ ഉയർന്ന താപനിലയായ 2000 K വരെ സൗകര്യപ്രദമായും വളരെ കൃത്യതയോടെയും തെർമൊകപ്പിൾ ഉപയോഗിച്ച് അളക്കാൻ കഴിയും.

തെർമൊകപ്പിൾ ഘടിപ്പിച്ച മുല്ട്ടിമീറ്ററിൽ മുറിക്കകത്തെ താപനില °C (ഡിഗ്രി സെൽഷ്യസിൽ) കാണിക്കുന്നു .
താപ സ്രോതസ്സ് , തണുത്ത സന്ധി , മാപന ഉപകരണം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു തെർമൊകപ്പിൾ മാപന പരിപഥം.

നിർമ്മാണംതിരുത്തുക

വ്യത്യസ്ത ലോഹങ്ങൾകൊണ്ടു നിർമിച്ച രണ്ടിനം കമ്പികളുടെ അഗ്രങ്ങൾ തമ്മിൽ ചേർത്ത് രണ്ട് സന്ധികൾ (Junctions) ഉണ്ടാക്കിയാണ് ഈ ഉപകരണം നിർമ്മിക്കുന്നത്. ഈ സന്ധികൾ വ്യത്യസ്ത താപനിലകളിൽ നിലനിർത്തുമ്പോൾ അവയ്ക്കിടയിൽ ഒരു വോൾട്ടത രൂപപ്പെടുന്നു(സീബെക്ക് പ്രഭാവം). ഒരു സന്ധി അളക്കേണ്ട താപനിലയിലും മറ്റേ സന്ധി അറിയാവുന്ന ഒരു സ്ഥിര താപനിലയിലും വയ്ക്കുന്നു. ഉത്പാദിതമായ വോൾട്ടത ഒരു വോൾട്ട് മീറ്റർ ഉപയോഗിച്ച് അളക്കാം. ഇതിൽനിന്ന് ഇരുസന്ധികളും തമ്മിലുള്ള താപനിലാഅന്തരം (temperature difference) കണ്ടുപിടിച്ച് അളക്കേണ്ട താപനില നിർണയിക്കാൻ കഴിയും. ഉപയോഗിക്കുന്ന ചാലകപദാർഥങ്ങളെയും സന്ധികൾ തമ്മിലുള്ള താപനിലാവ്യത്യാസത്തെയും ആശ്രയിച്ചായിരിക്കും വോൾട്ടതയുടെ പരിമാണം.

വിവിധയിനം തെർമൊകപ്പിളുകൾതിരുത്തുക

അളക്കേണ്ട താപനിലയുടെ സ്വഭാവമനുസരിച്ച് തെർമൊകപ്പിളിൽ ഉപയോഗപ്പെടുത്തുന്ന ലോഹജോഡികളും വ്യത്യസ്തമായിരിക്കും. സാധാരണയായി ഉപയോഗപ്പെടുത്തുന്ന ലോഹയുഗ്മങ്ങൾ ചെമ്പ്-കോൺസ്റ്റന്റന്‍, ഇരുമ്പ്-കോൺസ്റ്റന്റൻ, ക്രോമെൽ-അലൂമെൽ, പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം എന്നിവയാണ്. കോൺസ്റ്റന്റൻ എന്നത് ചെമ്പും നിക്കലും ചേർന്ന ഒരു കൂട്ടുലോഹം (alloy) ആണ്. ഉയർന്ന താപനിലകൾ കൃത്യമായി അളക്കാൻ പ്ലാറ്റിനം-പ്ലാറ്റിനം റോഡിയം സങ്കരം ഉപകരിക്കുമെങ്കിലും അത് താരതമ്യേന ചെലവേറിയതാണ്. സിലിക്കൺ കാർബൈഡ്-ഗ്രാഫൈറ്റ് യുഗ്മവും ഉയർന്ന താപനിലകൾ അളക്കാൻ ഉപയോഗിക്കാറുണ്ട്. 1 K മുതൽ 50 K വരെയുള്ള വളരെ താഴ്ന്ന താപനിലകൾ ചെമ്പ്-സ്വർണ ഇരുമ്പ് സങ്കരം വഴി നിർണയിക്കാനാകും. വിസ്തൃതി കൂടിയ പരാസത്തിലെ (range) താപനിലകൾ അളക്കാമെന്നത് വ്യവസായശാലകളിൽ തെർമൊകപ്പിളുകളുടെ ഉപയോഗസാധ്യത വർധിപ്പിക്കുന്നു. താപനിലാ സെൻസറുകൾ എന്ന നിലയിൽ ഉപയോഗപ്പെടുത്തുന്ന തെർമൊകപ്പിൾ പ്രോബുകളും ഇന്നു പ്രചാരത്തിലുണ്ട്.

തെർമോപൈലുകൾതിരുത്തുക

പല തെർമൊകപ്പിളുകൾ ശ്രേണി(series)യിൽ ഘടിപ്പിച്ച് ഉണ്ടാക്കുന്ന തെർമൊപൈലുകൾ വളരെ സൂക്ഷ്മമായ താപനിലാ അന്തരങ്ങൾ അളക്കാൻ ഉപയുക്തമാണ്. ഒറ്റ തെർമൊകപ്പിളിനെ അപേക്ഷിച്ച് ഇത്തരം തെർമൊപൈലുകൾക്ക് സംവേദനക്ഷമത (ഓരോ ഡിഗ്രിക്കും കൂടുതൽ ഇ.എം.എഫ്.) കൂടുതലാണ്. വികിരണ സാന്നിധ്യം മനസ്സിലാക്കാനുള്ള ഡിറ്റക്റ്റർ ആയും ഇത്തരം തെർമൊപൈലുകൾ ഉപയോഗിക്കുന്നു. വിദൂര നക്ഷത്രങ്ങളിൽ നിന്നുള്ള വികിരണങ്ങളുടെ സാന്നിധ്യം ഇപ്രകാരം മനസ്സിലാക്കാൻ കഴിയും.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെർമൊകപ്പിൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെർമോകപ്പിൾ&oldid=3695967" എന്ന താളിൽനിന്ന് ശേഖരിച്ചത്