ജാപ്പനീസ് ബുദ്ധമതത്തിലെ ഒരു പ്രധാന വിഭാഗമാണ് തെൻദായ്. ഒൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദെങ്ഗ്യൊ ദൈഷി (Dengyo Daishi) അഥവാ സയ്ചൊ (Saicho: 762-822) എന്ന സന്ന്യാസിയാണ് തെൻദായ് വിശ്വാസം ജപ്പാനിലെത്തിച്ചത്.

പഗോഡ ചൈന

ദെങ്ഗ്യൊ ദൈഷിയുടെ ചരിത്രം

തിരുത്തുക

ബുദ്ധമത കേന്ദ്രമായിരുന്ന നാര(Nara)യിലെ ജീവിതത്തിൽ മനം മടുത്ത ദെങ്ഗ്യൊ ഏറെക്കാലം ഹിയൈ (Hiei) പർവതത്തിൽ ഏകാന്തവാസം നടത്തി. അതിനുശേഷം അവിടെ ഒരു ചെറിയ സന്ന്യാസിമഠം ആരംഭിച്ചു. ഒരു ബൌദ്ധപണ്ഡിതനെന്ന നിലയ്ക്ക് പ്രശസ്തിയാർജിച്ച ദെങ്ഗ്യൊവിനെ കമ്മു ചക്രവർത്തി 804-ൽ ചൈനയിലേക്കയച്ചു. ജാപ്പനീസ് ജീവിതശൈലിക്ക് അനുയോജ്യമായ ബുദ്ധമതവിശ്വാസങ്ങളും ആചാരങ്ങളും കണ്ടെത്തുക എന്നതായിരുന്നു ദെങ്ഗ്യൊവിന്റെ ചുമതല. ചൈനയിലെ തി-യെൻ-തൈ (T'ieen T'ai) ബുദ്ധവിഭാഗത്തിന്റെ വിശ്വാസങ്ങളും തത്ത്വങ്ങളും ദെങ്ഗ്യൊവിൽ മതിപ്പുളവാക്കി. തി-യെൻ-തൈ എന്ന ചൈനീസ് പദത്തിന്റെ ജാപ്പനീസ് പരിഭാഷയാണ് തെൻദായ്.

ക്ഷേത്രനഗരം

തിരുത്തുക

ജപ്പാനിൽ തിരിച്ചെത്തിയ ദെങ്ഗ്യൊ ഹിയൈപർവതത്തിലെ ആശ്രമം വിപുലീകരിച്ചു. ക്രമേണ ആശ്രമത്തിനു ചുറ്റിലുമായി ഉദ്ദേശം മൂവായിരം ക്ഷേത്രങ്ങളുള്ള ഒരു നഗരം രൂപംകൊണ്ടു. തെൻദായ് വിഭാഗം ജപ്പാനിൽ വളരെ ശക്തമായി. ഈ വിഭാഗത്തിന്റെ സൂക്തങ്ങൾ ശാക്യമുനിയെ പ്രകീർത്തിക്കുന്ന സധർമ പുണ്ഡരികസൂത്രത്തെ ആസ്പദമാക്കിയുള്ളവയാണ്. ഓരോ മനുഷ്യനും ഒരു ബുദ്ധനായിത്തീരുവാനുള്ള ഗുണം ഉണ്ടെന്ന് തെൻദായ് ഉദ്ഘോഷിക്കുന്നു. വ്യത്യസ്ത ബൌദ്ധദർശനങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യമാണ് തെൻദായ് വിഭാഗത്തിന്റേത്. ബൗദ്ധചിന്തയുടെ ക്രമാനുഗതമായ വെളിപ്പെടുത്തലായാണ് ഓരോ ദർശനത്തെയും തെൻദായ് സ്വീകരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെൻദായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെൻദായ്&oldid=3634128" എന്ന താളിൽനിന്ന് ശേഖരിച്ചത്