ബ്രിട്ടീഷ് രാജിൽ പെട്ട മദ്രാസ് പ്രസിഡെൻസിയിലെ മലബാർ ജില്ലയിലെ ഏറനാട്ടെ തുവ്വൂർ അംശത്തിൽ വന്ന് ബ്രിട്ടീഷ് പട്ടാളം മാപ്പിളമാരുടെ വീടുകൾ തീവെച്ച് നശിപ്പിക്കുകയും അവരിൽ പലരെയും അറസ്റ്റുചെയ്യുകയും ചെയ്തു. പട്ടാളക്കാർ പോയതോടുകൂടെ, അവരെ സഹായിക്കുകയും കൂട്ടുനിൽക്കുകയും ചെയ്ത 36 പേരെ[അവലംബം ആവശ്യമാണ്] മാർഷ്യൽ ലോ പ്രകാരം വിചാരണ ചെയ്ത്[ആര്?] വധിശിക്ഷ നടപ്പാക്കിയ സംഭവമാണ് തുവ്വൂർ കൂട്ടക്കൊല എന്ന പേരിൽ പിൽകാലത്ത് പ്രസിദ്ധമായത്. കൊല ചെയ്യപ്പെട്ടവരിൽ 34 ഹിന്ദുക്കളും 2 മാപ്പിളമാരും ഉൾപ്പെടുന്നു.[1]. എന്നാൽ ഈ എണ്ണത്തിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പത്ത് പേരെ വധിക്കാനായി കൊണ്ടുപോയെന്നും അതിൽ എട്ട് പേരെ വധിച്ചുകഴിഞ്ഞതോടെ ചെമ്പ്രശ്ശേരി തങ്ങൾ അതുവഴി വന്നപ്പോൾ അത് നിർത്തിവെപ്പിക്കുകയും കൃത്യം നടത്തിയവരെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമക്ഷം എത്തിക്കുകയും 25 അടി വീതം ശിക്ഷ നൽകുകയും ചെയ്തതായി മറ്റ് രേഖകൾ പറയുന്നുണ്ട്[2].

തുവ്വൂർ കൂട്ടക്കൊല
1921 മലബാർ കലാപം ഭാഗം
സ്ഥലംതുവ്വൂർ
ഏറനാട്, മലബാർ ജില്ല, ബ്രിട്ടീഷ് രാജ്
തീയതി25 -09- 1921
പുലർകാലം
ആക്രമണലക്ഷ്യംപട്ടാളത്തെ സഹായിച്ചവരെ ശിക്ഷിക്കുക
ആക്രമണത്തിന്റെ തരം
ഒറ്റുകാർക്ക് നേരെയുള്ള പ്രതികാര നടപടി
ആക്രമണം നടത്തിയത്മാപ്പിള പ്രക്ഷോഭക്കാർ

പശ്ചാത്തലം

തിരുത്തുക

1921 ആഗസ്ററ് മാസം ഇരുപത്തിയൊന്നാം തീയതിയോടെ ഖിലാഫത്തു കലാപകാരികളോട് ഏറ്റുമുട്ടി ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഏറനാട് വള്ളുവനാട് കോഴിക്കോട് താലൂക്കുകകളുടെ ഭാഗങ്ങൾ ഒരുമിച്ചു മാപ്പിള രാജ്യം എന്ന പേരിൽ ഖിലാഫത് രാജ്യം പിറക്കുകയും ഖലീഫ ആയി ആലി മുസ്‌ലിയാരെ പ്രഖ്യാപിച്ചു. ഖലീഫയായി പ്രഖ്യാപിക്കപ്പെട്ട ആലി മുസ്‌ലിയാരെ ആഗസ്ററ് മുപ്പതിന് സൈന്യം അറസ്റ്റു ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ ഖിലാഫത്തുകാരെ സൈന്യം തിരഞ്ഞുപിടിച്ചു വധിച്ചു. [3]

1921 സെപ്തംബർ 20,21,24 തീയ്യതികളിലാണ് തുവ്വൂരിൽ കൊടും ക്രൂരകൃത്യങ്ങൾ ചെയ്തത്. സെപ്തംബർ 21 ന് വെള്ളിനേഴി ഗറില്ലാ സമ്മേളനം നടക്കുമ്പോൾ ചെമ്പ്രശ്ശേരിയിലും തുവ്വൂരിലും അസി.പോലിസ് സൂപ്രണ്ട് എലിയട്ടിന്റെയും മേജർ വെൽസറിന്റെയും നേതൃത്വത്തിലുള്ള പട്ടാളസംഘങ്ങളും മണ്ണെണ്ണപ്പാട്ടയേന്തിയ അനുഗാമികളും നരവേട്ട നടത്തി.[4]

ഈ സംഭവത്തെ കുറിച്ച് കെ.എൻ. പണിക്കർ എഴുതുന്നു. "1921 സെപ്തംബർ 25 ന് തുവ്വൂരിൽ നടന്ന സംഭവം നാട്ടിലുടനീളം നടുക്കമുണ്ടാക്കി. ഇത് കലാപകാരികളുടെ നികൃഷ്ടതക്കും ക്രൂരതക്കും മതഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ടു. ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊലപാതകം പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു. ഹിന്ദുക്കളും മാപ്പിളമാരും ഉൾപ്പെടെയുള്ള തുവ്വൂർ ഗ്രാമക്കാർ പട്ടാളത്തിന് വിവരങ്ങൾ ചോർത്തിക്കൊടുത്തതാണ് കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താൻ കാരണം."[5]

തുവ്വൂരിലെ ജന്മിമാരുടെ കീഴാളരായി കഴിഞ്ഞിരുന്നവർ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം നിന്നവർ എന്ന പേരിൽ തങ്ങൾക്ക് വിദ്വേഷമുണ്ടായിരുന്ന ജന്മിമാരുടെ പേരുവിവരങ്ങൾ മുസ്ലിം കലാപകാരികൾക്ക് എത്തിച്ചു നൽകിയതോടെയാണ് പ്രതികാരനടപടികൾക്കു കളമൊരുങ്ങുന്നത്. ഇതേ സന്ദർഭത്തിൽ തന്നെ കരുവാരകുണ്ട് പുൽവെട്ടയിലെ ഒളിപ്പോരാളികളുടെ താവളം പട്ടാളക്കാർക്ക് കാണിച്ചുകൊടുത്തുവെന്ന സംശയത്തെ തുടർന്ന് മാടശ്ശേരി മൊയ്തീൻ കുട്ടി ഹാജി, പുല്ലാടൻ ആദം മാനു എന്നിവരെയും വിചാരണ ചെയ്ത് വധിച്ചത്.[6]

മലബാർ വിപ്ലവകാരികളിൽ പ്രധാനിയായ വാരിയൻകുന്നന്റെ കീഴിലായിരുന്നു തുവ്വൂർ. ചെമ്പ്രശ്ശേരി തങ്ങളായിരുന്നു ഇവിടുത്തെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1921 ഓഗസ്ത് 24 ന് വാരിയൻകുന്നന്റെ തുവ്വൂരിരെ ഭാര്യാവീട്ടിൽ പട്ടാളക്കാർ റെയ്ഡ് നടത്തുകയും പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തതിനെ തുടർന്ന് പ്രക്ഷോപകാരികളും പട്ടാളവും ഏറ്റുമുട്ടി. സൈനിക ഉദ്യോഗസ്ഥരെ പോരാളികൾ വെടിവെച്ചു കൊന്നു. പട്ടാളക്കാരെ കൂടാതെ ഇന്ത്യക്കാരായ ഗൂർഖ, ഗർവ്വാളി, കാച്ചിൻ റെജിമെന്റിലെ പട്ടാളക്കാർ ബ്രിട്ടീഷ് പട്ടാളക്കാരെ കവച്ചു വെക്കും വിധം ക്രൂരകൃത്യങ്ങൾ ചെയ്തിരുന്നു. മാപ്പിളമാരോട് നേരിട്ടെതിർത്ത് തോറ്റ ഗർവ്വാളികൾ മാപ്പിള സ്ത്രീകളോടും കുട്ടികളോടും കുട്ടികളോടും കൂടിയാണ് തങ്ങളുടെ ശൌര്യം കാട്ടിയത്.

ഗവൺമെന്റ് കെട്ടിടങ്ങളല്ലാതെ നാട്ടുകാരുടെ പുരകൾ ലഹളക്കാർ പരക്കെ ചുട്ടു നശിപ്പിച്ചിരുന്നില്ല. പട്ടാളം വന്ന് ചില സ്ഥലങ്ങളിലെല്ലാം മാപ്പിളമാരുടെ പുര ചുട്ടുനശിപ്പിച്ചതോടുകൂടെ ലഹളക്കാർ ഹിന്ദുകളുടെയും പട്ടാളത്തെ സഹായിച്ച മാപ്പിളമാരുടെയും പുരകൾ ചുടുവാനും അവരെ ദേഹോപദ്രവം ചെയ്യുവാനും തുടങ്ങി. എന്നാൽ സെപ്തംബർ 24 ാം തീയ്യതി വരെ അവർ പറയത്തക്കതായി നാട്ടുകാരിൽ ആരെയും കൊല്ലപ്പെടുത്തിയതായി അറിവില്ല...എന്നാൽ 24 ാം തീയ്യതിയും അതിനടുത്ത മുമ്പും ചെമ്പ്രശ്ശേരി, തുവ്വൂർ മുതലായ സ്ഥലങ്ങളിൽ പട്ടാളം ചെയ്ത ചില പ്രവൃത്തികളുടെയും അറസ്റ്റുകളുടെയും ഫലമായി ലഹളക്കാരുടെ പ്രകൃതം ആകെപ്പാടെ മാറി. 12ാം തീയ്യതി മുതൽക്കു തന്നെ ഈ മാറ്റം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും 25ാം തിയ്യതിയാണ് ഏറ്റവും ഭീഭത്സവും ഭയങ്കരവുമായി പരണമിച്ചത്[7]

പ്രൊഫ.എ.പി.എസ് മേനോൻ എഴുതുന്നു. " തുവ്വൂരിലും കരുവാരകുണ്ടിലും എത്തിയപ്പോൾ പട്ടാളത്തിന് മത്തുപിടിച്ചു. അവിടുത്തെ എല്ലാ മാപ്പിള വീടുകളും കത്തിച്ചു. പള്ളികൾ തച്ചു പൊളിച്ചു. മാപ്പിളമാരെയും ഉമ്മമാരെയും ചങ്ങലയിട്ട് റോഡും പാലവും നേരെയാക്കുന്ന കൂലിപ്പണി ഏൽപ്പിച്ചു."[8]

കെ.മാധവൻ നായർ എഴുതുന്നു. "1921 സെപ്റ്റംബർ 24ാം തീയതി രാത്രി വരാൻ പോകുന്ന ആപത്തുകൾ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികൾ അവരവരുടെ വീടുകളിൽ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകൾ നേരം പുലരുന്നതിന് മുമ്പായി മാപ്പിളമാർ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാൻ കൽപ്പിച്ചു. അവരിൽ ചിലർ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരിൽ പുരുഷന്മാരെയെല്ലാം ലഹളക്കാർ കയ്യും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടിച്ചുകൂടിയവരെയെല്ലാം ചേരിക്കമ്മൽകുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പിൽ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഒരോരുത്തരുടെയും വിചാരണ ആരംഭിച്ചു...മേൽ പറഞ്ഞ പാറയുടെ അടുത്തുവെച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും ലഹളത്തലവന്മാരുടെ ‘മാർഷ്യൽ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാൻ വിധി കൽപ്പിച്ചുവെന്നും അവരെ അപ്പോൾതന്നെ ആ പാറയിൽനിന്നു സുമാർ 15 വാര ദൂരത്തുള്ള കിണറ്റിന്നരികെ കൊണ്ടുപോയി വെട്ടി കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണിങ്ങനെ ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്തുനിന്ന് ഓടിവന്നവർ പറഞ്ഞിട്ടുള്ളത്. ഇരപത് പേരെ മാത്രമേ അവിടെ വെച്ച് കൊന്നിട്ടുള്ളൂവെന്നും ശേഷം വേറെ സ്ഥലത്ത് വെച്ചാണ് കൊന്നതെന്നും മറ്റൊരു വിധത്തിലും കേട്ടിട്ടുണ്ട്. ഏതായാലും ലഹള കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞ ശേഷം ശ്രീമാൻ ശ്രീനിവാസ ശാസ്ത്രിയോടു കൂടി ആ കണറ്റിൽ ചെന്ന് നോക്കുവാൻ അവസരം എനിക്കുണ്ടായി. അപ്പോൾ അതിൽ സുമാർ 20ഓളം തല ഞങ്ങൾക്കെണ്ണാൻ സാധിച്ചു. "[1]

പിന്നിൽ പ്രവർത്തിച്ചവർ

തിരുത്തുക

പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങളെ തുടർന്ന് പ്രതികാര ബുദ്ധിയോടെ നടത്തിയ ഈ സംഭവത്തിന് പിന്നിൽ പ്രാദേശിക നേതൃത്വങ്ങളായിരുന്നു വെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെയുള്ള ഉയർന്ന നേതൃത്വങ്ങൾ ഇതറഞ്ഞിരുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു. വാരിയംകുന്നന്റെ ഹിന്ദു വൈരത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതിനെതിരെ കെ. മാധവൻ നായർ എഴുതുന്നു. “തുവ്വൂരിലെ കൂട്ടക്കൊലയിൽ കുഞ്ഞഹമ്മദ് ഹാജിക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത് നേരാണെങ്കിൽ തന്നെ തന്റെ ശത്രുക്കളോടും ശത്രുക്കളെന്ന് വിശ്വസിച്ചിരുന്നവരോടും എന്ത് കഠിനക്രിയയും ചെയ്യുവാൻ താൻ ഒരുക്കമായിരുന്നുവെന്നല്ലാതെ തുവ്വൂരിലെ കൊലകൾ ഹിന്ദുക്കളോട് പ്രത്യേകിച്ചുള്ള വൈരത്തിന്റെ ദൃഷ്ടാന്തമായിരുന്നുവെന്ന് പറയാൻ തരമില്ല. ഖാൻ ബഹദൂർ ചേക്കുട്ടിയെ കൊന്നതും ഐദ്രുഹാജിയെ വെടിവച്ചതും കൊണ്ടോട്ടി തങ്ങളോട് എതിർത്തതും മറ്റും ഗവണ്മെന്റ് പക്ഷക്കാരോടുള്ള ശത്രുത്വത്തിന്റെ പ്രദർശനമായിട്ടെ കരുതുവാൻ തരമുള്ളൂ”[9]

ഭരണാധികാരികളുടെ അനുവാദമില്ലാതെ നടത്തിയ ഈ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുകയായിരുന്നു വാരിയൻ കുന്നത്ത് ചെയ്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംഭവ സമയം തുവ്വൂരിനടുത്ത് വെട്ടിക്കാട്ടിരിയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സൈനിക ക്യാമ്പിന്റെ ചുമതലക്കാരിൽ ഒരാളായിരുന്ന മഞ്ചി അയമുട്ടി 1976ൽ മലപ്പുറത്തെ തലമുതിർന്ന പത്രപ്രവർത്തകരിലൊരാളായിരുന്ന എ.കെ. കോഡൂരിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് മറ്റൊന്നാണ്. തുവ്വൂരിൽ മാപ്പിളമാരുടെ വീടുകൾ റെയ്ഡ് ചെയ്ത് തീവെച്ച് നശിപ്പിച്ച ബ്രിട്ടീഷ് പട്ടാളത്തിനൊപ്പം സഹായികളായിരുന്ന ഒരു വിഭാഗം ഹിന്ദുക്കൾ പുരുഷന്മാരെ കെട്ടിയിട്ട ശേഷം പട്ടാളക്കാരോടൊപ്പം ചേർന്ന് അഞ്ച് മാപ്പിള സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നു. ഈ കൃത്യം നടത്തിയ എട്ട് ഹിന്ദുക്കളെ ഖിലാഫത്ത് സർക്കാറിന് വേണ്ടി വിചാരണ നടത്തി വധിച്ചു. വധശിക്ഷ നടപ്പാക്കിയ ശേഷമാണ് കുഞ്ഞഹമ്മദാജിയും ചെമ്പ്രശ്ശേരി തങ്ങളും വിവരമറിയുന്നത്. ഉടൻ തന്നെ കൃത്യം നടത്തിയവരെ കുഞ്ഞഹമ്മദാജിയുടെ വെട്ടിക്കാട്ടിരി ക്യാമ്പിൽ ഹാജരാക്കി ഖിലാഫത്ത് ഭരണാധികാരികളുടെ അനുവാദമില്ലാതെ ഇത്തരം കേസ് വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തതിന് പുല്ലാടൻ കുഞ്ഞിക്കമ്മു മുതൽ ഏഴു പേർക്ക് 25 അടി വീതം ശിക്ഷ നൽകി.[10]

വാരിയം കുന്നനല്ലെങ്കിൽ ഈ കൃത്യത്തിന് പിന്നിലാരാണെന്ന ചർച്ച നടക്കുന്നുണ്ട്. ചെമ്പ്രശ്ശേരി വംശത്തിൽ പെട്ടുന്ന ഒരു ഇമ്പിച്ചിക്കോയ തങ്ങളാണെന്ന ഒരു കേട്ടു കേൾവി മാധവൻ നായർ പങ്കുവെക്കുന്നുണ്ട്. “ഈ വിചാരണ നടത്തിയത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടുവിധത്തിൽ ജനങ്ങൾ പറയുന്നുണ്ട്. അധികം ആളുകളും വിശ്വസിച്ചുവന്നിട്ടുള്ളത് ഈ ക്രിയ ചെമ്പ്രശ്ശേരി തങ്ങളാണ് നടത്തിയിട്ടുള്ളതെന്നാണ്. തങ്ങളാണെങ്കിൽ തന്നെ അത് ലഹളത്തലവനായി പ്രസിദ്ധി നേടിയിട്ടുള്ളകുഞ്ഞിക്കോയ തങ്ങളല്ലെന്നും, അദ്ദേഹത്തിന്റെ വംശത്തിലുള്ള ഒരു ഇമ്പിച്ചിക്കോയ തങ്ങളാണെന്നും തുവ്വൂരിലുള്ള ചില മാപ്പിളമാർ എന്നോട് പറയുകയുണ്ടായിട്ടുണ്ട്”[11]

തുടർഫലങ്ങൾ

തിരുത്തുക

ആലിമുസ്ലിയാരുടെ അറസ്റ്റിനും, തുവ്വൂർ കൂട്ടക്കൊലകൾക്കും ശേഷം അധികാര ചുമതല വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ ഹിന്ദുക്കളെ അക്രമിക്കരുതെന്നും തന്റെ പ്രത്യേക അനുമതിയില്ലാതെ തടവുകാരായി പിടിക്കുന്ന സർക്കാർ അനുകൂലികളായ ഒരാളെയും കൊല്ലരുതെന്നും ഇത് ലംഖിക്കുന്നവരെയും സാമാന്യജനങ്ങള ശല്യപ്പെടുത്തുകയോ വീട്-പീടികകള് കൊള്ളയടിക്കുകയോ ചെയ്യുന്നവരെ വിചാരണ നടത്തി ശിക്ഷിക്കുമെന്നും ഉത്തരവിറക്കി. [12]

ഒക്ടോബർ മാസം മദ്രാസിലെ ഹിന്ദു ദിനപത്രത്തിൽ അച്ചടിച്ച് വന്ന വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസ്താവനയിൽ 'വഴി തെറ്റിയ കൂട്ടക്കൊലകളും, മതം മാറ്റലുകലുകളും നടത്തിയതിന്റെ പേരിൽ പലരെയും പിടി കൂടി ശിക്ഷിച്ചെന്നും കലാപകാരികൾക്കിടയിൽ നുഴഞ്ഞുകയറി കലാപകാരികളായി നടിച്ച സര്ക്കാർ പക്ഷക്കാരും, മഫ്തി റിസർവ് പോലീസുകാരുമാണ് അത്തരക്കാരെന്നും മറ്റും ഉള്ള വെളിപ്പെടുത്തലുകൾ കാണാം [13]

മറ്റൊരു കേസിൽ വാരിയംകുന്നനാൽ ശിക്ഷിക്കപ്പെട്ട തുവ്വൂരിലെ മാടശ്ശേരി മൊയ്തീൻകുട്ടി ഹാജിയുടെ പേരമകൻ മൊയ്തീൻ ഹാജി ഇങ്ങനെ പറയുന്നു: “പട്ടാളം ഇവിടെ വന്നപ്പോൾ അവരോടൊപ്പം ചേർന്ന ചില മനുഷ്യാധമന്മാർ മാപ്പിള വീടുകൾ കൊള്ള ചെയ്തും തറവാടുകളിൽ താമസിച്ചിരുന്ന മാപ്പിളസ്ത്രീകളെ മാനഭംഗപ്പെടുത്തി വധിച്ചും അമ്മമാരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞ പിഞ്ചോമനകളെ ബയണറ്റ് കുത്തി കഷ്ണിച്ച് വധിച്ചവരും,തങ്ങളുടെ ക്രൂരവിനോദങ്ങൾക്ക് ശിക്ഷിക്കപ്പെടുമ്പോൾ പിച്ചും പേയും പറഞ്ഞതായിരുന്നു തുവ്വൂർ കിണറ്റിന്റെ കഥ” [14]

ജന്മിമാരോട് പകയുണ്ടായിരുന്ന കുടിയാന്മാരും, അടിയാളരും അസന്തുലിതാവസ്ഥ മുതലെടുക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അവർ തങ്ങൾക്കിഷ്ട്ടമില്ലാത്ത യജമാനന്മാരെ ഒറ്റുകാരായി ചിത്രീകരിച്ചു ലഹളക്കാർക്ക് ചോർത്തി നൽകിയതാകാം. ഏറ്റു പറഞ്ഞാൽ രക്ഷപ്പെടാമെന്ന വ്യാമോഹത്തിലായിരിക്കാം പലരും ചെയ്യാത്ത തെറ്റ് ഏറ്റു പറയാൻ തയ്യാറായതെന്നും കരുതപ്പെടുന്നു. ക്ഷേത്ര പൂജാരികളായ വൃദ്ധ ബ്രാഹ്മണരെ പോലും കൊന്നു തള്ളിയ ദാരുണമായ ഈ അറും കൊലകൾ വമ്പിച്ച പ്രതിഷേധങ്ങൾക്കിടയാക്കി. തുവ്വൂർ പ്രദേശങ്ങളുടെ അധികാരം വാരിയൻ കുന്നനിലും, ചെമ്പ്രശ്ശേരി മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളിലും നിഷിപ്തമായിരുന്നു. കൊലകൾ അരങ്ങേറിയത് ചെമ്പ്രശ്ശേരി തങ്ങളുടെ കാർമ്മികത്വത്തിലായിരുന്നു എന്ന വിവരം പുറത്ത് വന്നതോടെ പാണ്ടിയാട്ട് നാരായണൻ നമ്പീശൻ , കാപ്പാട് കൃഷ്ണൻ നായർ എന്നിവരടങ്ങിയ ഖിലാഫത്ത് അനുകൂലികളായ കലാപകാരികൾ വാരിയന്കുന്നനോട് പ്രതിഷേധം രേഖപ്പെടുത്തുകയും ആരോപണങ്ങൾ ചെമ്പ്രശ്ശേരി തങ്ങൾ നിഷേധിച്ചതിനെ തുടർന്ന് മാധവൻ നായർ നടത്തിയ അന്വേഷണത്തിൽ ചെമ്പ്രശ്ശേരി കുഞ്ഞി കോയ തങ്ങളെന്ന ഇമ്പിച്ചി കോയ തങ്ങളായിരിക്കാം വിചാരണ കൊലകൾക്ക് നേതൃത്വം നൽകിയതെന്ന വിവരങ്ങൾ ദൃക്സാക്ഷികൾ പങ്കുവെക്കുകയുണ്ടായി[11].

കൊല്ലപ്പെട്ട കുമാര പണിക്കരുടെ ഭാര്യയുടെ മൊഴിയനുസരിച്ചു കൊലപാതകികളിൽ അവശേഷിച്ച അച്ചുതൊടി കുഞ്ഞാപ്പിയെ 1923 ജനുവരി 25 ന് ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധേയമാക്കി [15]

  1. 1.0 1.1 കെ മാധവൻ നായർ (2002). "മലബാർ കലാപം". മാതൃഭൂമി ബുക്സ്. p. 217. Retrieved 2021-08-24.
  2. തുവ്വൂർ കിണറിൽ എത്രപേർ? അതിൽ മാപ്പിളമാരെത്ര? | 921ൻറെ ബാക്കി | P.T Nasar, retrieved 2021-10-08
  3. മലബാർ കലാപം എം ഗംഗാധരൻ p.120 to 126
  4. ഒരു സംഘം ലേഖകർ (2019). ഇസ്ലാമിക വിജ്ഞാനകോശം വോള്യം -13. കോഴിക്കോട്: ഐ.പി.എച്ച്. p. 280.
  5. കെ.എൻ., പണിക്കർ. മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ. കോട്ടയം: ഡി.സി.ബുക്സ്.
  6. ഒരു സംഘം ലേഖകർ (2019). ഇസ്ലാമിക വിജ്ഞാനകോശം വാള്യം 13. കോഴിക്കോട്: ഐ.പി.എച്ച്. p. 281.
  7. കെ.മാധവൻ നായർ (2002). മലബാർ കലാപം. കോഴിക്കോട്. p. 188.{{cite book}}: CS1 maint: location missing publisher (link)
  8. പ്രൊഫ., എം.പി.എസ്. മേനോൻ (2005). മലബാർ സമരം: എ.പി. നാരായണമേനോനും സഹപ്രവർത്തകരും. കോഴിക്കോട്: ഐ.പി.എച്ച്. ISBN 81-8271-100-2.
  9. കെ മാധവൻ നായർ (2002). "മലബാർ കലാപം". മാതൃഭൂമി ബുക്സ്. p. 269. Retrieved 2021-08-24.
  10. എ.കെ. കോഡുർ. ആംഗ്ലോ മാപ്പിള യുദ്ധം 1921. pp. പേജ്​ 170, 171. {{cite book}}: zero width space character in |pages= at position 5 (help)
  11. 11.0 11.1 കെ മാധവൻ നായർ (2002). "മലബാർ കലാപം". മാതൃഭൂമി ബുക്സ്. p. 218. Retrieved 2021-08-24.
  12. ബാരിസ്റ്റര് ജി.കെ.പിള്ള/ കോണ്ഗ്രസ്സും കേരളവും/ പേ. 446, 447
  13. 18-10-1921 താരികിൽ ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഹാജിയുടെ എഴുത്ത് ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച എംടി അൻസാരിയുടെ മലബാർ ദേശീയതയുടെ ഇടപാടുകൾ എന്ന പുസ്തകത്തിൽ പുനഃപ്രസിദീകരിച്ചത്
  14. എ കെ കോഡൂർ. ആംഗ്ലോ മാപ്പിള യുദ്ധം 1921. pp. പേജ് 301.
  15. Hitchcock, Malabar Rebellion P 287
"https://ml.wikipedia.org/w/index.php?title=തുവ്വൂർ_കൂട്ടക്കൊല&oldid=3998234" എന്ന താളിൽനിന്ന് ശേഖരിച്ചത്