തിരുവൈയാറു അണ്ണാസ്വാമി ഭാഗവതർ
തമിഴ്നാട്ടിലെ ഒരു ഗായകനും കഥാപ്രസംഗകനുമായിരുന്നു തിരുവൈയാറു അണ്ണാസ്വാമി ഭാഗവതർ. ഇദ്ദേഹം ദൊരൈസ്വാമിജടാവല്ലഭരുടെയും ജാനകി അമ്മാളുടെയും മകനായി 1899-ൽ ജനിച്ചു. ചാതിരിമംഗലം നടേശയ്യർക്കും കൊട്ടാരം രാമസുബ്ബശാസ്ത്രികൾക്കും ശിഷ്യപ്പെട്ട് സംഗീതവും സംസ്കൃതവും പഠിച്ചു. പിന്നീട് ഹരികഥയിലേക്കാണ് ശ്രദ്ധ തിരിഞ്ഞത്. അക്കാലത്തെ ഒരു കാഥികനായിരുന്ന തിരുപ്പഴണം പഞ്ചാപകേശ ശാസ്ത്രികളുടെ കീഴിലാണ് ഇദ്ദേഹം കഥാപ്രസംഗം പരിശീലിച്ചത്.
ഹരികഥാകാലക്ഷേപത്തിൽ സംഗീതത്തിന്റെ അതിപ്രസരം ഒരു കാലത്തു കൂടുതലായിരുന്നു. സാഹിത്യം തീരെ അവഗണിക്കപ്പെട്ടുമിരുന്നു. ഈ ദുഃസ്ഥിതി മാറ്റി സംഗീതസാഹിത്യങ്ങളുടെ സമതുലിതാവസ്ഥയെ വീണ്ടെടുത്ത് ഹരികഥയെ പരിഷ്കരിച്ചു പരിരക്ഷിച്ചതിൽ പ്രമുഖനും മുൻപനുമാണ് അണ്ണാസ്വാമി. ഇതുകൊണ്ട് നവീകരിക്കപ്പെട്ട കഥാപ്രസംഗപ്രസ്ഥാനത്തിന്റെ സംഘാടകൻ എന്ന നിലയിൽ പരിഗണനാർഹനാണ് ഇദ്ദേഹമെന്നു പറയാം.
മദിരാശി സംഗീത നാടകസംഘവും സംഗീത അക്കാദമിയും ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹരികഥ പരിശീലിപ്പിക്കുന്നതിന് ആദ്യമായി തഞ്ചാവൂരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിന്റെ ഒന്നാമത്തെ പ്രധാനാധ്യാപകനായി നാലു വർഷം സേവനം അനുഷ്ഠിച്ചു. 1966-ൽ തിരുവയ്യാറിൽവച്ചു നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുവൈയാറു അണ്ണാസ്വാമി ഭാഗവതർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |