അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു തിയഡോർ ഡ്രെയ്സർ (ആഗസ്റ്റ് 27,1871– ഡിസംബർ 28, 1945).

തിയഡോർ ഡ്രെയ്സർ
Theodore Dreiser, photographed by Carl Van Vechten, 1933
ജനനം(1871-08-27)ഓഗസ്റ്റ് 27, 1871
മരണംഡിസംബർ 28, 1945(1945-12-28) (പ്രായം 74)
തൊഴിൽനോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)സാറാ വൈറ്റ്
മാതാപിതാക്ക(ൾ)Sarah and John Paul Dreiser

വിദ്യാഭ്യാസവും തൊഴിലും

തിരുത്തുക

1871 ആഗസ്റ്റ്. 27-ന് ഇൻഡ്യാനയിലെ ടെറിഹോട്ടിൽ ജനിച്ചു. ടെറിഹോട്ട്, സള്ളിവൻ, ഇവാൻസ്വിൽ എന്നിവിടങ്ങളിലെ പബ്ലിക് സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. 1887-89 കാലഘട്ടത്തിൽ ചിക്കാഗോയിലെ ഒരു റെസ്റ്റോറന്റിലും ഹാർഡ്‌വെയർ കമ്പനിയിലും ജോലി ചെയ്തു. അതിനുശേഷം കുറച്ചുകാലം ചിക്കാഗോയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഗ്ലോബ് എന്ന ആനുകാലികത്തിൽ റിപ്പോർട്ടറായും സെയ്ന്റ്ലൂയിസിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഗ്ലോബ്-ഡെമോക്രാറ്റിൽ നാടക വിഭാഗം എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1875-ൽ ന്യൂയോർക്കിൽ താമസമാക്കിയ ഇദ്ദേഹത്തിന് കുറേക്കാലം എവ്രിമന്ത്, സ്മിത്ത്സ് മാഗസിൻ, ബ്രോഡ്‌വെ മാഗസിൻ എന്നീ അനുകാലികങ്ങളുടെ എഡിറ്ററായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 1911-ൽ മുഴുവൻ സമയവും സാഹിത്യ രചനയിലേക്കു തിരിഞ്ഞു. 1919-23 കാലയളവിൽ ഹോളിവുഡിൽ താമസിച്ചു. 1931-ൽ രാഷ്ട്രീയത്തടവുകാരുടെ സംരക്ഷണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ (National Committe for the Defence of Political Prisoners) അധ്യക്ഷനായി. 1944-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് ലെറ്റേഴ്സിന്റെ അവാർഡു ലഭിച്ചു.

സാമൂഹികാധിഷ്ഠിത കഥാസാഹിത്യം

തിരുത്തുക

സാമൂഹികാധിഷ്ഠിത കഥാസാഹിത്യത്തിന്റെ പ്രണേതാവെന്ന നിലയിലാണ് തിയഡോർ ഡ്രെയ്സറിന്റെ പ്രസിദ്ധി. ഹോതോണിന്റേയും മെൽവിലിന്റേയും റൊമാൻസ് പാരമ്പര്യത്തിനും ഹവൽസിന്റേയും ജെയിംസിന്റേയും സങ്കുചിതമായ യാഥാതഥ്യത്തിനും (realism) ഇടയിലാണ് ഡ്രെയ്സറുടെ സ്ഥാനം. വ്യക്തികൾക്കു തുല്യമായോ വ്യക്തികൾക്ക് ഉപരിയായോ സാമൂഹിക സാഹചര്യത്തിന് കഥാരൂപീകരണത്തിലും കഥാപ്രയാണത്തിലും സ്ഥാനം നൽകുന്ന രീതി അമേരിക്കൻ സാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഡ്രെയ്സറാണെന്നു നിസ്സംശയം പറയാം. ചില സവിശേഷ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ രൂപം കൊള്ളുന്ന കുടുംബബന്ധങ്ങളിൽ നിന്നു പിറവിയെടുക്കുന്നവരാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മിക്ക കഥാപത്രങ്ങളും. ലൈംഗികതയ്ക്കും സമ്പത്തിനും മനുഷ്യ ജീവിതത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാൻ ഡ്രെയ്സർ മടിച്ചില്ല. ആത്മകഥാപരതയാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ മറ്റൊരു സവിശേഷത. കാരി മീബർ, ഹേഴ് സറ്റ് വുഡ്, ഡ്രുവറ്റ്, ജെനി ഗെർഹാർട്ട്, ഫ്രാങ്ക് കൂപ്പർവുഡ്, ക്ലൈഡ് ഗ്രിഫിത്സ് തുടങ്ങിയ വിവിധ കഥാപാത്രങ്ങളിലൂടെ തന്റെ തന്നെ വ്യക്തിസത്തയാണ് ഡ്രെയ്സർ അവതരിപ്പിച്ചിട്ടുള്ളത്.

നോവൽ‌പ്രതിഭ

തിരുത്തുക
 
തിയഡോർ ഡ്രെയ്സർ 1910 - ൽ

സിസ്റ്റർ കാരി (1900) എന്ന ആദ്യനോവലിൽത്തന്നെ ഡ്രെയ്സറുടെ നോവൽപ്രതിഭ തെളിഞ്ഞു വിളങ്ങുന്നു. പതിനെട്ടു വയസ്സായ ഒരു നാടൻപെണ്ണിന്റെ തീർഥാടനമെന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയിൽ ചിക്കാഗോയിലേക്കും തുടർന്ന് ന്യൂയോർക്കിലെ സിനിമാലോകത്തിലേക്കുമുള്ള കഥാനായികയുടെ പ്രയാണം അതിഭാവുകതയുടെ ലാഞ്ഛനയോടുകൂടിത്തന്നെ ഡ്രെയ്സർ ചിത്രീകരിക്കുന്നു. ജീവിതത്തെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിക്കുന്ന ഘടകങ്ങൾ എക്കാലവും ഡ്രെയ്സറുടെ ഇഷ്ടവിഷയമായിരുന്നു. കാരിയുടെ ഉയർച്ചയും ഡ്രുവറ്റിന്റെ നിലനില്പും ഹേഴ്സ്റ്റ്വുഡിന്റെ പതനവും പരസ്പരപൂരകമാണ് ഡ്രെയ്സറുടെ കഥാപ്രപഞ്ചത്തിൽ. ഒഴുക്കിനെതിരെയോ ഒഴുക്കിനൊപ്പമോ നീന്താൻ മനുഷ്യൻ ശ്രമിക്കാം, എന്നാൽ ആത്യന്തികമായി അവൻ പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നോവലിസ്റ്റിന്റെ കാഴ്ചപ്പാട്. ദ് ഫിനാൻസിയർ (1912), ദ് ടൈറ്റൻ (1914) എന്നീ നോവലുകളിൽ പിടിച്ചുപറിക്കാരായ അമേരിക്കൻ ധനാഢ്യന്മാരാണ് കേന്ദ്ര കഥാപാത്രമായി കടന്നു വരുന്നത്. ചാൾസ് ടി. യെർക്സ് എന്ന കോടീശ്വരന്റെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ട ഫ്രാങ്ക് കൂപ്പർ വുഡ് സ്വത്തിനും അധികാരത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിൽ സ്വയം നഷ്ടപ്പെടുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ആൻ അമേരിക്കൻ ട്രാജഡി

തിരുത്തുക

ഡ്രെയ്സറുടെ നോവലുകളിൽ ഏറ്റവും ജനപ്രീതി നേടിയത് 1925-ൽ പുറത്തുവന്ന ആൻ അമേരിക്കൻ ട്രാജഡിയാണ്. യഥാർഥത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ സർഗശക്തി അതിന്റെ പരകോടിയിലെത്തുന്നു ഈ കൃതിയിൽ. നായകനായ ക്ലൈഡ് ഗ്രിഫിത്സ് നോവലിസ്റ്റിന്റെ തന്നെ പ്രതിപുരുഷനായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. നഗരത്തിലെ തെരുവീഥികളിലൂടെ ജീവിതത്തിന്റെ കയ്പുനീർ കുടിച്ചുകൊണ്ട് അലഞ്ഞു നടക്കുന്ന ക്ലൈഡ് എന്ന ബാലൻ ഒരു കൊലയാളിയുടെ അവസ്ഥയിൽ എത്തിച്ചേരാനുണ്ടായ സാഹചര്യം ഹൃദയാവർജകമായ ഭാഷയിൽ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. വിരുദ്ധസാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരുവന്റെ സാംസ്കാരിക പശ്ചാത്തലം അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ എത്ര അശക്തമാണെന്നു കാട്ടിത്തരികയാണ് ഈ കൃതിയിൽ ഡ്രെയ്സർ ചെയ്യുന്നത്. ഈ നോവൽ സാമ്പത്തികമായും ഗ്രന്ഥകർത്താവിന് നേട്ടമുണ്ടാക്കി. ജെനി ഗെർഹാർട്ട് (1911), ദ് ജീനിയസ് (1915) എന്നിവയാണ് ഡ്രെയ്സറുടെ മറ്റു നോവലുകൾ. ദ് ജീനിയസ് ആകട്ടെ ഇദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവുമധികം ആത്മകഥാപരമായതെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചെറുകഥാസമാസമാഹാരങ്ങൾ

തിരുത്തുക
  • ഫ്രീ ആൻഡ് അദർ സ്റ്റോറീസ് (1918)
  • ഫൈൻ ഫർണിച്ചർ (1930)

നാടകസമാഹാരം

തിരുത്തുക
  • പ്ലെയ്സ് ഒഫ് ദ് നാച്വറൽ ആൻഡ് ദ് സൂപ്പർ നാച്വറൽ (1918)
  1. ദ് ഗേൾ ഇൻ ദ് കോഫിൻ
  2. ദ് ബ്ലൂ സ്ഫിയർ
  3. ലാഫിങ് ഗ്യാസ്
  4. ഇൻ ദ് ഡാർക്
  5. ദ് സ്പ്രിങ് റിസൈറ്റൽ
  6. ദ് ലൈറ്റ് ഇൻ ദ് വിൻഡോ
  7. ദി ഓൾഡ് റാഗ്പിക്കർ എന്നീ നാടകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കവിതാസമാഹാരങ്ങൾ

തിരുത്തുക
  • മൂഡ്സ്, കേഡൻസ്ഡ് ആൻഡ് ഡിക്ലെയ്ഡ് (1926)
  • ദി ആസ്പൈറന്റ് (1929)
  • എപ്പിറ്റാഫ് (1930).

അനുസ്മരണ ഗ്രന്ഥങ്ങൾ

തിരുത്തുക
  • എ ബുക്ക് എബൌട്ട് മൈസെൽഫ് (1922)
  • ഡോൺ (1931).

മറ്റു ഗദ്യകൃതികൾ

തിരുത്തുക
  • ലൈഫ്, ആർട്ട് ആൻഡ് അമേരിക്ക (1917)
  • മൈ സിറ്റി (1928)
  • ട്രാജിക് അമേരിക്ക (1931)

1927-ൽ ഡ്രെയ്സർ റഷ്യ സന്ദർശിക്കുകയുണ്ടായി. തുടർന്ന് ഇദ്ദേഹം കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി. 1945 ഡിസംബർ 28-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രെയ്സർ, തിയഡോർ (1871 - 1945) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിയഡോർ_ഡ്രെയ്സർ&oldid=3763208" എന്ന താളിൽനിന്ന് ശേഖരിച്ചത്