തിബത്തൻ മതം
തിബത്തിലെ ജനങ്ങളുടെ മതമാണ് തിബത്തൻ മതം. മതാധിഷ്ഠിതമായ ഒരു സംസ്കാരമാണ് തിബത്തിന്റേത്. ഓരോ വ്യക്തിയുടേയും ദൈനംദിന ജീവിതത്തിൽ മതവിശ്വാസങ്ങൾ വളരെയധികം പ്രഭാവം ചെലുത്തുന്നു. ബുദ്ധമതത്തിനാണ് തിബത്തിൽ ഏറ്റവുമധികം സ്വാധീനം ഉളവാക്കാൻ കഴിഞ്ഞതെങ്കിലും ക്രിസ്ത്വബ്ദം 8-ാം ശ.-ത്തിനു മുമ്പ് ബുദ്ധമതം ഇവിടെ ഉണ്ടായിരുന്നില്ല എന്നാണ് സൂചന. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ശിവൻ്റെ കലാസം നിലനിൽക്കുന്നത് തിബറ്റിലാണ്. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ട് തിബത്തിനെ പുരാതന ഇന്ത്യയുടെ ഭാഗമായി കാണണമെന്നും ചീനക്കാരുടെയല്ലെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവു് ഡോ. റാം മനോഹർ ലോഹ്യ അഭിപ്രായപ്പെട്ടിരുന്നു. അതിനു മുമ്പ് നിലനിന്നിരുന്ന തദ്ദേശജന്യമായ മതത്തിന്റെ സ്ഥാനം ബുദ്ധമതം ക്രമേണ ഏറ്റെടുക്കുകയായിരുന്നു. 10-11 ശ.-ങ്ങൾ മുതൽ ബോൺ മതവും തിബത്തിൽ ആധിപത്യം സ്ഥാപിച്ചു. ബുദ്ധമതത്തിലും ബോൺ മതത്തിലും ഉൾപ്പെടുത്താനാവാത്ത നിരവധി വിശ്വാസങ്ങളും ആചാരങ്ങളും തിബത്തിൽ കാണപ്പെടുന്നുണ്ട്. ഇതിനെ സാമാന്യമതം എന്നു പറയാവുന്നതാണ്. ഇസ്ളാം മതവിശ്വാസികളായ ഒരു ന്യൂനപക്ഷവും തിബത്തിലുണ്ട്.
പുരാതന മതസമ്പ്രദായങ്ങൾ
തിരുത്തുകബുദ്ധമതത്തിന്റെ പ്രചാരത്തിനുമുമ്പ് തിബത്തിൽ നിലനിന്നിരുന്ന തദ്ദേശജന്യ മതവിശ്വാസങ്ങളേയും സമ്പ്രദായങ്ങളേയും കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല. തിബത്തിലെ ജനങ്ങൾ രാജാവിനെ ദൈവമായി കരുതി ആരാധിച്ചിരുന്നു. രാജാവിന്റെ ദീർഘായുസ്സിനും യുദ്ധവിജയത്തിനും പരമാധികാരത്തിനും മറ്റുമായി ഹോമങ്ങളും യാഗങ്ങളും നടത്തുക പതിവായിരുന്നു. ആദ്യത്തെ രാജാവ് ആകാശത്തുനിന്ന് ഒരു മലയുടെ മുകളിൽ വന്നിറങ്ങുകയും താഴ്വാരത്തിൽവച്ച് തന്റെ പ്രജകളുമായി സന്ധിക്കുകയും ചെയ്തു എന്നും, ചില രാജാക്കന്മാർ ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും, മറ്റു ചിലർ ദിവ്യ മലനിരകളിലേക്ക് ആവാഹിക്കപ്പെട്ടു എന്നുമുള്ള നിരവധി ഐതിഹ്യങ്ങൾ തിബത്തിൽ പ്രചരിച്ചിരുന്നു.
രാജാവിന്റെ മരണാനന്തരം ചെമ്മരിയാട്, കുതിര, ചമരിക്കാള മുതലായ മൃഗങ്ങളെ ബലിയർപ്പിക്കുകയും ശവകുടീരത്തിൽ വിലയേറിയ വസ്തുക്കൾ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അന്തരിച്ച രാജാവിന്റെ തുണയ്ക്കായി ജോലിക്കാരേയും മറ്റു കുടുംബാംഗങ്ങളേയും ചുമതലപ്പെടുത്താറുണ്ടായിരുന്നെങ്കിലും, ഇവർക്ക് ജീവൻ ത്യജിക്കേണ്ടിയിരുന്നോ, അതോ ഒരു നിർദിഷ്ട സമയത്തേക്ക് ശവകുടീരത്തിനരികിൽ കഴിഞ്ഞാൽ മതിയായിരുന്നോ എന്നത് വ്യക്തമല്ല. മരണാനന്തരചടങ്ങുകളുടെ കാർമ്മികത്വം വഹിച്ചിരുന്നവർ ബോൺപോസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ചാക്രികമായി വരുന്ന വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ച്, അതായത് നന്മയ്ക്ക് സർവാധിപത്യമുള്ള സുവർണ കാലത്തെക്കുറിച്ചും തിന്മ നടമാടുന്ന വിനാശകാലത്തെക്കുറിച്ചും മറ്റും ചില പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിച്ചുകാണുന്നു. ദൈവങ്ങളുടെ ലോകമായ ആകാശം, മനുഷ്യരുടെ ലോകമായ ഭൂമി, ക്ളു എന്ന പേരിൽ അറിയപ്പെടുന്ന ഒരു വർഗം ജീവികളുടെ ലോകമായ പാതാളം എന്നിങ്ങനെ വിശ്വത്തിന് മൂന്ന് തലങ്ങളുള്ളതായി പുരാതന മതം ഉദ്ഘോഷിച്ചു. സൂര്യദേവൻ, ചന്ദ്രദേവൻ, യുദ്ധദേവൻ, അഗ്നിദേവൻ, ജീവദേവൻ, ഭൂമിദേവൻ തുടങ്ങി വ്യത്യസ്ത ദൈവങ്ങളെക്കുറിച്ച് പുരാതന ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. ദൈവങ്ങൾക്കിടയിൽ പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നും ഇവർക്കിടയിൽ പദവിക്കും അധികാരത്തിനും വ്യത്യാസങ്ങളുണ്ടെന്നും തിബത്തൻ ജനത വിശ്വസിച്ചു. പാതാളം ജലനിബദ്ധമാണെന്നും അവിടെ ജീവിക്കുന്ന ക്ളു ജീവികൾ പ്രകോപിപ്പിക്കപ്പെട്ടാൽ അവയെ പ്രീതിപ്പെടുത്തുവാൻ കർമങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്നും ഇവർ കരുതി. ഭൂമി കിളയ്ക്കുക, കുഴിയ്ക്കുക മുതലായ പ്രവൃത്തികൾക്കൊപ്പം തന്നെ ക്ളു ജീവികളെ പ്രസാദിപ്പിക്കുവാനുള്ള കർമങ്ങൾ കൂടി അനുഷ്ഠിക്കുന്നത് തിബത്തിൽ പതിവായിരുന്നു. ഈ മതസമ്പ്രദായങ്ങൾ പൂർണമായും തദ്ദേശീയമായിരുന്നില്ല എന്നും ഇന്ത്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരത്തിനും മതത്തിനും ഇവയിൽ പ്രഭാവം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മതപണ്ഡിതർക്കിടയിൽ അഭിപ്രായമുണ്ട്.
ബുദ്ധ മതം
തിരുത്തുക8-ാം ശ.-ത്തിൽ ഭരണാധികാരികളുടെ പിന്തുണയോടെയാണ് ബുദ്ധമതം തിബത്തിൽ ആധിപത്യം ഉറപ്പിച്ചത്. 7-ാം ശ.-ത്തിൽത്തന്നെ തിബത്ത് ഒരു ഏകീകൃത രാജ്യമായി മാറിയിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ശക്തമായ ഒരു മധ്യ ഏഷ്യൻ സാമ്രാജ്യം കെട്ടിപ്പടുക്കുകയുമായിരുന്നു തിബത്തിലെ ഭരണാധികാരികളുടെ ഉദ്ദേശ്യം. ഇങ്ങനെ രൂപീകൃതമാകുന്ന സാമ്രാജ്യം നിലനിർത്തുവാൻ സഹായകമായ രീതിയിൽ ശക്തമായ ഒരു മതം തിബത്തിൽ പ്രചരിപ്പിക്കുക എന്നതായിരുന്നു ബുദ്ധമതം പ്രചരിപ്പിക്കാനുണ്ടായ കാരണം. ഉദ്ദേശം 779-ലാണ് തിബത്തിലെ ആദ്യത്തെ ബൗദ്ധക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ബൗദ്ധ സന്ന്യാസിമാർക്ക് സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രത്യേക ആനുകൂല്യങ്ങളും അധികാരവും ലഭിച്ചിരുന്നു.
ഇന്ത്യയിൽ 7-8 ശ.-ങ്ങളിൽ നിലനിന്നിരുന്ന മഹായാന ബുദ്ധമതത്തിന്റെ മാതൃകയാണ് തിബത്ത് പിൻതുടർന്നത്. തന്ത്രവിധികളും വിപുലമായ സന്ന്യാസി മഠങ്ങളും മറ്റും ഇക്കാലത്തെ മഹായാന ബുദ്ധമതത്തിന്റെ പ്രത്യേകതകളായിരുന്നു. ഇവ ഇന്നും തിബത്തിലെ ബുദ്ധമതത്തിന്റെ പ്രത്യേകതകളായി നിലനില്ക്കുന്നു. 842-ൽ രാജവംശത്തിന്റെ തകർച്ചമൂലം ബുദ്ധമതത്തിന് താത്ക്കാലികമായ അപചയം സംഭവിച്ചെങ്കിലും അധികം വൈകാതെതന്നെ വീണ്ടും ശക്തിപ്രാപിച്ചു. തിബത്തിലെ ബുദ്ധമതത്തിന്റെ ആത്മീയ ഗുരു ലാമ എന്ന പേരിലാണറിയപ്പെടുന്നത്. ലാമായിസം എന്ന പേര് തിബത്തിലെ ബുദ്ധമതത്തിന് ചില മതപണ്ഡിതർ നല്കിയിട്ടുണ്ടെങ്കിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ബുദ്ധമതത്തിൽനിന്ന് വ്യത്യസ്തമാണ് ഇവിടത്തെ ബുദ്ധമതം എന്ന ധ്വനി ഈ പേര് സൃഷ്ടിക്കുന്നതിനാൽ തിബത്തൻ വിശ്വാസികൾ അതിനെ എതിർക്കുന്നു. സന്ന്യാസി മഠങ്ങളുടെ തലവന്മാർ മുൻഗാമികളുടെ പുനർജന്മമാണെന്ന വിശ്വാസം തിബത്തിൽ നിലനിന്നിരുന്നു. മതാധിപൻമാർ ദൈവത്തിന്റെ അവതാരമാണെന്ന വിശ്വാസവും ചിലർ പുലർത്തി. അഞ്ചാമത്തെ ദലായ്ലാമ(1617-82)യിൽക്കൂടി ഈ രണ്ട് വിശ്വാസങ്ങളും ഒരാളിൽ സാക്ഷാത്ക്കരിക്കപ്പെട്ടു. ഇദ്ദേഹം തിബത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ബോധിസത്വനായ അവലോകിതേശ്വരന്റെ അവതാരമാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്നുള്ള എല്ലാ ലാമമാരും അവലോകിതേശ്വരന്റെ അവതാരമാണെന്ന് തിബത്തുകാർ വിശ്വസിക്കുന്നു.
സാമാന്യ മതം
തിരുത്തുകതിബത്തിലെ സന്ന്യാസി മതവും സാമാന്യ മതവും കൃത്യമായി വേർതിരിക്കുക പ്രയാസമാണ്. സന്ന്യാസിമാർ പലപ്പോഴും സാമാന്യമതത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കുകൊള്ളാറുണ്ട്. ബുദ്ധമതത്തിന്റേയും ബോൺ മതത്തിന്റേയും പ്രഭാവം സാമാന്യ മതാചാരങ്ങളിൽ ദൃശ്യമാണ്.
പുണ്യം നേടാനുള്ള നിരന്തര ശ്രമങ്ങളാണ് സാമാന്യ മതത്തിന്റെ മുഖമുദ്ര. ജീവകാരുണ്യ പ്രവർത്തനമാണ് പുണ്യം നേടാനുള്ള ഉത്തമ മാർഗ്ഗമെന്ന് അംഗീകരിക്കുന്നുവെങ്കിലും, സാധാരണക്കാർ കൂടുതലായി ആചാരാനുഷ്ഠാനങ്ങളിലൂടെ പുണ്യം നേടാനാണ് ശ്രമിക്കുന്നത്. അവലോകിതേശ്വരന്റെ മന്ത്രമായ "ഓം മണി പത്മേ ഹും" ആവർത്തിച്ചു ചൊല്ലുക, പ്രാർഥനാചക്രങ്ങൾ കറക്കുക, ശിലകളിലും ഭിത്തികളിലും മന്ത്രങ്ങൾ കൊത്തിവയ്ക്കുക, പ്രാർഥനകൾ എഴുതിയ പതാകകൾ നാട്ടുക തുടങ്ങിയ പ്രവൃത്തികളിലൂടെ പുണ്യം നേടാമെന്നാണ് വിശ്വാസം. തീർഥയാത്രകൾക്കും തിബത്തുകാർ വളരെയധികം പ്രാധാന്യം കല്പിക്കുന്നു. ലാസ, കൈലാസപർവതം, ബോധ്ഗയ, രാജഗൃഹ, ലുംബിനി, സാരനാഥ് തുടങ്ങിയ പ്രദേശങ്ങൾ നിരവധി തീർഥാടകരെ ആകർഷിക്കുന്നു.
പ്രാദേശിക പ്രാധാന്യമുള്ള ദൈവങ്ങളെ ആരാധിക്കുന്നതും സാമാന്യമതത്തിന്റെ ഭാഗമാണ്. ഓരോ വീടിനും രക്ഷകരായ ദൈവങ്ങളുണ്ടെന്ന സങ്കല്പത്തിൽ വീടുകളുടെ മേൽക്കൂരയിൽ പുരുഷ-സ്ത്രീ ദൈവങ്ങൾക്കായി പ്രത്യേകം അൾത്താരകൾ നിർമ്മിക്കുന്നു. ഇതിനു പുറമേ മിക്ക വീടുകളിലും ശത്രു ദൈവത്തിനു സമർപ്പിച്ച ബാനറുകളും കാണാവുന്നതാണ്.
ബോൺ മതം
തിരുത്തുക10-11 ശ.-ങ്ങളിലാണ് ബോൺമതം തിബത്തിൽ പ്രചരിച്ചത് എന്ന് അഭിപ്രായമുണ്ടെങ്കിലും ബുദ്ധമതത്തിന്റെ പ്രചാരത്തിനു മുമ്പ് ഇവിടെ നിലനിന്നിരുന്ന മതസമ്പ്രദായങ്ങളെ ബോൺ എന്നു തന്നെയാണ് പ്രമുഖ മതപണ്ഡിതർ വിശേഷിപ്പിച്ചിരിക്കുന്നത്. ബുദ്ധമതത്തിനു മുമ്പുതന്നെ തങ്ങളുടെ മതം തിബത്തിൽ പ്രചരിച്ചിരുന്നു എന്ന് ബോൺ മതവിശ്വാസികളും അവകാശപ്പെടുന്നു. ദർശനം, ലക്ഷ്യം, സന്ന്യാസജീവിതം എന്നിവയിൽ ബുദ്ധമതവും ബോൺമതവും തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ പ്രകടമാകുന്നില്ല. ആചാരാനുഷ്ഠാനങ്ങളിലുള്ള ചെറിയ വ്യത്യാസങ്ങളാണ് (ഉദാ. ബുദ്ധമത വിശ്വാസികൾ പ്രാർഥനാചക്രം തിരിക്കുന്നതിന്റെ എതിർ ദിശയിലാണ് ബോൺ വിശ്വാസികൾ പ്രാർഥനാചക്രം തിരിക്കുന്നത്.) ഈ മതങ്ങളെ വേർതിരിക്കുന്നത്.
1960-കളിലും 70-കളിലും ചൈനീസ് ഭരണകൂടം തിബത്തിൽ എല്ലാ തരത്തിലുള്ള മതപ്രവർത്തനങ്ങളും അടിച്ചമർത്തുകയും സന്ന്യാസാശ്രമങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. 1980-കളിൽ ഈ നയത്തിൽ മാറ്റം വരികയും സാമ്പത്തിക നയങ്ങൾക്ക് തടസ്സമാകാത്ത രീതിയിലുള്ള മതപ്രവർത്തനങ്ങൾ അനുവദിക്കപ്പെടുകയും ചെയ്തു. എന്നാൽ തിബത്തിന്റെ ആത്മീയ ഗുരുവായ ദലൈ ലാമ ഇന്നും പ്രവാസിയായാണു കഴിയുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിബത്തൻ മതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ Internazional Religious Freedom Report 2012 by the US government. p. 20: «Most ethnic Tibetans practice Tibetan Buddhism, although a sizeable minority practices Bon, an indigenous religion, and very small minorities practice Islam, Catholicism, or Protestantism. Some scholars estimate that there are as many as 400,000 Bon followers across the Tibetan Plateau. Scholars also estimate that there are up to 5,000 ethnic Tibetan Muslims and 700 ethnic Tibetan Catholics in the TAR.»
- ↑ Min Junqing. The Present Situation and Characteristics of Contemporary Islam in China. JISMOR, 8. 2010 Islam by province, page 29. Data from: Yang Zongde, Study on Current Muslim Population in China, Jinan Muslim, 2, 2010.